28 March Thursday
പമ്പാ നദീതീര പുനരുജ്ജീവനം രണ്ടാംഘട്ടം തുടങ്ങി

തീരം കാക്കാൻ രാമച്ചം

വെബ് ഡെസ്‌ക്‌Updated: Saturday Jan 22, 2022

പമ്പാനദീതീര പുനരുജ്ജീവന പദ്ധതി രണ്ടാംഘട്ടം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. ഓമല്ലൂർ ശങ്കരൻ 
രാമച്ച തൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു

 പത്തനംതിട്ട

പമ്പാനദീതീര പുനരുജ്ജീവന പദ്ധതി രണ്ടാംഘട്ടത്തിന് തുടക്കമായി. ആറന്മുള വീരജവാൻ സ്‌മാരകത്തിൽ നടന്ന ചടങ്ങ് രാമച്ച തൈകൾ നട്ട് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ആർ അജയകുമാർ അധ്യക്ഷനായി. മലപ്പുഴശ്ശേരി പഞ്ചായത്തിലെ പരപ്പുഴ കടവിലും ഔഷധ സസ്യങ്ങൾ നട്ടു. തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമ്മസേനാംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ പങ്കാളിത്തത്തിലാണ്‌ തൈകൾ നട്ടത്‌. 
ആദ്യഘട്ടത്തിൽ അയിരൂർ അടക്കം പമ്പയുടെ കിഴക്കൻ പ്രദേശങ്ങളിലുള്ള 10 പഞ്ചായത്തുകളിലാണ് പദ്ധതി നടന്നത്. പമ്പാനദി  ജനവാസ കേന്ദ്രത്തിലൂടെ ഒഴുകുന്ന 40 കിലോമീറ്റർ ദൂരത്തിലാണ് റീ ബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി നദീതീര പുനരുജ്ജീവനം നടപ്പാക്കുന്നത്.
മണ്ണിടിച്ചലടക്കം തടയലാണ്‌ ലക്ഷ്യം.
രാമച്ചത്തിന്റെ രണ്ടുലക്ഷം തൈകളാണ് നടുക. ജൈവവൈവിധ്യ പുനരുജ്ജീവനത്തിലുടെ മാത്രമേ പമ്പാനദിയെ പഴയ പ്രതാപത്തിലേയ്ക്ക് നയിക്കാനാവൂ. ഇതിനായി ഒരു കോടി രൂപ ജൈവവൈവിധ്യ ബോർഡും 10 ലക്ഷം രൂപ ജില്ലാ പഞ്ചായത്തും നീക്കിവെച്ചിട്ടുണ്ട്.
ഇതോടൊപ്പം തീരപ്രദേശത്തെ ഭൂമികളിൽ ഔഷധ സസ്യ, ഫലവൃക്ഷ തോട്ടങ്ങൾ സ്ഥാപിക്കും. റാന്നി വലിയകാവിൽ ജൈവവൈവിധ്യ ഉദ്യാനവും സ്ഥാപിക്കും. 
രാമച്ചം നടുന്നതിലൂടെ നദീതടം സംരക്ഷിക്കാൻ മാത്രമല്ല, കോളിഫോം ബാക്ടീരിയകളുടെ അളവ്‌ നിയന്ത്രിച്ച് ജലം ശുദ്ധമാക്കാനും കഴിയും.
ഉദ്ഘാടന യോഗത്തിൽ പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ രേഖാ അനിൽ, വൈസ് പ്രസിഡന്റ്‌ അശ്വതി വിനോജ്, അംഗങ്ങളായ ജൂലി ദിലീപ്, അനിതാ എസ് നായർ, ആറന്മുള പഞ്ചായത്തംഗങ്ങളായ ശ്രീനി ചാണ്ടിശ്ശേരി, വിൽസി ബാബു, പി ഡി മോഹനൻ, ബിജു വർണ്ണശാല, പ്രസാദ് വേരുങ്കൽ, ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. സി ജോർജ് തോമസ്, ജില്ലാ സമിതി അംഗം ഡോ. മാത്യു കോശി പുന്നയ്ക്കാട്‌ എന്നിവർ സംസാരിച്ചു. 
റാന്നി അങ്ങാടി പഞ്ചായത്തിൽ പദ്ധതി ജൈവ വൈവിധ്യ ബോർഡ് ജില്ലാ ഉപദേശക സമിതി അംഗം രാജു ഏബ്രഹാം ഉദ്‌ഘാടനം ചെയ്‌തു. ആറന്മുള പഞ്ചായത്തിൽ പഞ്ചായത്ത്  പ്രസിഡന്റ് ഷീജ ടി റ്റോജി ഉദ്ഘാടനം ചെയ്തു. കോയിപ്രത്ത്‌ പൂവത്തൂരിൽ ജില്ലാ പഞ്ചായത്തംഗം ജിജി മാത്യു, തോട്ടപ്പുഴശ്ശേരിയിൽ പഞ്ചായത്ത് പ്രസിഡന്റ് സി എസ് ബിനോയി, മല്ലപ്പുഴശ്ശേരിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, അയിരൂരിൽ പഞ്ചായത്ത് പ്രസിഡന്റ് അനിത കുറുപ്പ്‌, ചെറുകോലിൽ ജില്ലാ പഞ്ചായത്തംഗം ജോർജ്‌ ഏബ്രഹാം, റാന്നി പഴവങ്ങാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ, റാന്നിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ്  ഗോപി, വടശ്ശേരിക്കരയിൽ പ്രസിഡന്റ് ലത മോഹൻ, വെച്ചൂച്ചിറയിൽ പഞ്ചായത്ത് പ്രസിഡന്റ്  ടി കെ ജയിംസ്, പെരുനാട്ടിൽ പഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനൻ, നാറാണംമൂഴിയിൽ പഞ്ചായത്ത്  പ്രസിഡന്റ് ബീന ജോബി എന്നിവരും ഉദ്ഘാടനം ചെയ്‌തു.    

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top