25 April Thursday

പാസ്റ്റർ ജേക്കബ് ജോസഫിന് ഹരിതവും മിത്രമാണ്

വെബ് ഡെസ്‌ക്‌Updated: Friday Jan 22, 2021
ഇരവിപേരൂർ
നിരാലംബരേയും ശാരീരിക, മാനസിക വൈകല്യമുള്ളവരേയും ശുശ്രൂഷിക്കുന്ന അതേ മനസോടെയാണ്‌  പാസ്റ്റർ ജേക്കബ് ജോസഫ്  തന്റെ കൃഷിയിടത്തെയും പരിചരിക്കുന്നത്‌.  സംസ്ഥാന കൃഷി വകുപ്പിന്റെ ഇത്തവണത്തെ ഹരിത മിത്ര അവാർഡ് ലഭിച്ച പാസ്റ്റർ ജേക്കബ് ജോസഫ്‌ ഇരവിപേരൂരിലെ ഗിൽഗാൽ ആശ്വാസ ഭവൻ മാനേജിങ് ട്രസ്റ്റിയാണ്‌. നിരാലംബരും ശാരീരിക, മാനസിക വൈകല്യമുള്ളവരുമായ  നാന്നൂറോളം പേരെ ഇവിടെ താമസിപ്പിച്ച്‌ ശുശ്രൂഷിച്ചുവരുന്നു.  
ഈ സ്ഥാപനത്തിന്റെ അധീനതയിലുള്ള മൂന്ന്‌ ഏക്കറിലും  പാട്ടത്തിന്‌ എടുത്തിട്ടുള്ള 25ഏക്കറോളം പുരയിടത്തിലുമായി വിവിധ തരത്തിലുള്ള കൃഷികളാണ്‌ പത്തു വർഷമായി  നട്ടുവളർത്തുന്നത്‌.  ആശ്വാസ ഭവനിലെ അന്തേവാസികൾക്ക് ശുദ്ധമായ ഭക്ഷണം നൽകുക, മാനസിക സന്തോഷം കൃഷിയിലൂടെ ലഭ്യമാക്കുക, ശാരീരിക വ്യായാമം നൽകുക എന്നീ ലക്ഷ്യത്തോടെയാണ്  ഇവിടെ കൃഷി ആരംഭിച്ചത്. ആദ്യനാളുകളിൽ പരാജയമായിരുന്നു. എങ്കിലും കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രോത്സാഹനവും, സഹകരണവും പ്രചോദനമായി. 
ഉയരങ്ങളിലെ കൃഷി,  തൂൺ കൃഷി, തൂക്ക് കൃഷി, പാഴ് വസ്തുക്കൾ കൊണ്ടുള്ള കൃഷി, ചലന പന്തൽ, മഴ മറ, കവർ കൃഷി, തരിശ് കൃഷി എന്നിവയാണ് കൃഷി രീതികൾ. കൃഷിക്ക്‌ ഉപയോഗിക്കുന്നത്‌ ജൈവ വളമാണ്‌. ചാണകപ്പൊടി, കോഴിവളം, ആട്ടിൻ കാഷ്ടം, മണ്ണിര കമ്പോസ്റ്റ്, എല്ലുപൊടി, പിണ്ണാക്ക്, കടല പിണ്ണാക്ക്,  ചപ്പുചവറുകൾ ചേർത്ത്‌ ഉണ്ടാക്കുന്ന കമ്പോസ്റ്റ് വളങ്ങൾ തുടങ്ങിയവയാണ്‌  ഉപയോഗിക്കുന്നത്‌.   മണ്ണിന്റെ പുളിപ്പ് ക്രമീകരിക്കാൻ കുമ്മായം അല്ലെങ്കിൽ, ഡോളോവൈറ്റ് ഉപയോഗിച്ചുവരുന്നു. 
14 പശു, 30 ആട്‌,100 കോഴി എന്നിവയും ഇവിടെയുണ്ട്. 
ദിവസവും മൂന്നാല്‌ മണിക്കൂറെങ്കിലും  ഈ പച്ചക്കറി തോട്ടത്തിൽ പാസ്റ്റർ സമയം ചെലവഴിക്കാറുണ്ട്. നിരാലംബരോടുള്ള കരുതൽ പോലെ  കാർഷികവൃത്തിയോടുള്ള പ്രതിബദ്ധതയാണ്‌ ഇദ്ദേഹത്തെ സംസ്ഥാനത്തെ മികച്ച പച്ചക്കറി കർഷകനുള്ള സർക്കാരിന്റെ ഇത്തവണത്തെ ഹരിതമിത്ര അവാർഡിന്‌ അർഹനാക്കിയത്‌. ഒരു ലക്ഷം രൂപയും സ്വർണ മെഡലുമാണ്‌ അവാർഡ്‌.  
സുരക്ഷിതവും, മികച്ചതുമായ ജൈവകൃഷിയാണ് പാസ്റ്റർ പിന്തുടരുന്നതെന്നും ഇതാണ് ഹരിത മിത്രം അവാർഡിന് അദ്ദേഹത്തെ അർഹനാക്കിയതെന്നും കൃഷി അസി. ഡയറക്ടർ സി അമ്പിളി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top