26 April Friday
സ്കൂള്‍ വാഹനം

സുരക്ഷയില്‍ വീഴ്ചയരുത്

വെബ് ഡെസ്‌ക്‌Updated: Saturday May 21, 2022

 പത്തനംതിട്ട

സ്കൂൾ തുറക്കുന്നതിന്  മുന്നോടിയായി  സ്കൂൾ വാഹനങ്ങളുടെ  ഫിറ്റ്നസ് പരിശോധന 25ന് നടക്കും. രണ്ടു വർഷമായി കോവിഡ് കാലത്തെ അടച്ചു പൂട്ടലിൽ പല വാഹനങ്ങളും ​ഗതാ​ഗത യോ​ഗ്യമല്ലായിരുന്നു. കോവിഡ് ഇളവുകൾ വന്നപ്പോഴും പല സ്കൂളുകൾക്കും ഷിഫ്റ്റ് സംവിധാനമായതിനാൽ മുഴുവൻ വാഹനങ്ങളും ഒന്നിച്ച് ഉപയോ​ഗിക്കേണ്ടിവന്നില്ല.   പൂർണതോതിൽ  വിദ്യാലയങ്ങൾ ആരംഭിക്കുന്ന അവസരം കൂടിയാണിത്. വാഹനങ്ങളുടെ  കാര്യക്ഷമത ഉറപ്പാക്കുന്നതിൽ ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്ന്  മോട്ടോര്‍ വാഹന വകുപ്പ്  അറിയിച്ചു. നിശ്ചിത എണ്ണം കുട്ടികളെ വാഹനങ്ങളിൽ കയറ്റാവുവെന്ന  നിബന്ധന കർശനമായി പാലിക്കും. ഓട്ടോറിക്ഷകളിലും മറ്റും കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകുന്ന പ്രവണതയും  അനുവദിക്കില്ല.  ഇത്  സംബന്ധിച്ച് കൃത്യമായ മാർ​ഗ നിർദ്ദേശം  പുറപ്പെടുവിച്ചിട്ടുണ്ട്.  സ്കൂള്‍ ബസ് ഒാടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് കുറഞ്ഞത് 10 വര്‍ഷത്തെ ഡ്രൈവിങ് പരിചയവും വലിയ വാഹനം ഒാടിക്കുന്നതില്‍ അഞ്ച് വര്‍ഷത്തെ പരിചയവും വേണം. ഏതെങ്കിലും കുറ്റ കൃത്യത്തിലേര്‍പ്പെട്ട് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യപ്പെട്ടവരാകരുത്. വേ​ഗപൂട്ട്, ജിപിഎസ്, എന്നിവ വാഹനത്തില്‍ പ്രവര്‍ത്തിപ്പിക്കണം. കുട്ടികളെ  നിര്‍ത്തി കൊണ്ടു പോകാന്‍ പാടില്ല. 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് മാത്രം 2  പേര്‍ക്ക് ഒരു സീറ്റ് നല്‍കാം.  വാഹനങ്ങളില്‍ കൂളിങ് ഫിലിം, കര്‍ട്ടന്‍, എന്നിവ പാടില്ല.  സുരക്ഷാ വാതില്‍, ഫസ്റ്റ് ഏയ്ഡ് ബോക്സ്, എന്നിവ ഉണ്ടാകണം. 
ഓരോ ട്രിപ്പിലും യാത്ര ചെയ്യുന്ന കുട്ടികളുടെ പേര്, മറ്റ് വിവരങ്ങള്‍  എന്നിവ രേഖപ്പെടുത്തി രജ-ിസ്റ്റര്‍ സൂക്ഷിക്കണം. വാതിലുകളുടെ എണ്ണത്തിന് തുല്യമായി വാതിലുകളില്‍ അറ്റന്‍ഡര്‍മാരും വേണം.  റൂട്ട് ഒാഫീസറായി അധ്യാപകരെയോ ജീവനക്കാരെയോ നയോ​ഗിക്കണം. വാഹനത്തിന്റെ മുന്നിലും പിന്നിലും EIB  എന്ന് രേഖപ്പെടുത്തണം.   സ്കൂളിന്റെ പേരും ഫോണ്‍നമ്പറും വാഹനത്തിന്റെ ഇരുവശങ്ങളിലും എഴുതണം . പിറകില്‍ ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍(112), ആംബുലന്‍സ് (108), അ​ഗ്നിരക്ഷാസേന(101), നമ്പരുകളും രേഖപ്പെടുത്തണം.  
സ്കൂള്‍ കുട്ടികളെ കൊണ്ടു പോകുന്ന ഇതര വാഹനങ്ങള്‍ വെള്ളബോര്‍ഡില്‍ നീല അക്ഷരത്തില്‍ ON SCHOOL DUTY എന്ന് മുന്നിലും പിന്നിലും രേഖപ്പെടുത്തണം. 
ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത സ്കൂള്‍ ബസുകള്‍ക്കായ് 25ന് മോട്ടോര്‍ വാഹന വകുപ്പ് ജില്ലയിലുടനീളം വാഹന പരിശോധന നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top