26 April Friday
മാനേജ്മെന്റിന്റെ അനാസ്ഥ തുടർക്കഥ

ദുരിതജീവിതം

വെബ് ഡെസ്‌ക്‌Updated: Tuesday Mar 21, 2023

ളാഹയിലെ തൊഴിലാളി ലയങ്ങളിലൊന്ന്

ളാഹ
നൂറ്റമ്പതിലേറെ വർഷം പഴക്കമുള്ള വീടുകളാണിത്. ലയമെന്നാണ് പൊതുവെ  വിളിക്കുക. ഒരു മുറിയും അടുക്കളയും കുളിമുറിയുമുള്ള വീടുകൾ. തോട്ടം മേഖലയിലെ തൊഴിലാളി കുടുംബങ്ങളുടെ ജീവിതം ഇവിടെയാണ്‌. ളാഹ മേഖലയിലെ എസ്റ്റേറ്റിലെ  ലയങ്ങളിൽ  കാലപ്പഴക്കം കൊണ്ട് ചിലതിൽ മഴവെള്ളം  പുറത്തു പോകില്ല.  വീടിനകത്ത് നിന്ന് മഴവെള്ളം സംഭരിക്കാനാവുന്ന അവസ്ഥ. 
ആസ്ബസ്റ്റോസ് കൊണ്ടാണ് മേൽക്കൂര. പലതും ​ദ്രവിച്ചും പൊട്ടിയും ഇരിക്കുന്നു. മഴയും കാറ്റുമായാല്‍  കണ്ണുമടച്ച് കഴിഞ്ഞുകൂടുമെന്ന് തൊഴിലാളികള്‍ പറഞ്ഞു. എന്ത് സംഭവിക്കുമെന്ന് നിശ്ചയമില്ല.  അച്ഛനും അമ്മയും മക്കളുമുള്ള  നാലും അഞ്ചും പേരടങ്ങുന്ന കുടുംബം ഈ ഒറ്റമുറി വീടുകളിലാണ് ഇപ്പോഴും കഴിയുന്നത്.  ഈ മേഖലയിൽ ആളുകൾ പുതുതായി വരാത്തതുകൊണ്ട് ആളൊഴിഞ്ഞ് പോയ ചില വീടുകൾ കൂടി ഉപയോ​ഗിച്ചാണ് ചില കുടുംബങ്ങൾ കഴിയുന്നത്. വീടിനകത്തു കയറിയാൽ ഇരുട്ടു നിറഞ്ഞ അന്തരീക്ഷം. പഴകിയ ആസ്ബസ്റ്റോസിന്റെ മണവും കുടുംബങ്ങളുടെ ആരോ​ഗ്യത്തെ ബാധിക്കുന്നു.  ചൂടൂം കൂടുതൽ. അതോടൊപ്പം ശ്വാസകോശ രോ​ഗങ്ങളും അലട്ടുന്നു. 
വീടുകളുടെ അറ്റകുറ്റപ്പണികൾക്ക്  ഏറെ നാളായി മാനേജ്മെന്റുമായി തൊഴിലാളി സംഘടനകൾ  സംസാരിക്കുന്നെങ്കിലും മറ്റു പലതിലുമെന്ന പോലെ ഇതിലും  നടപടി നീളുന്നു. പല ലയങ്ങളുടെ അടുത്തു വരെയും വന്യമൃ​ഗങ്ങള്‍  എത്തുന്ന അവസ്ഥ. കരടിയുടെയടക്കം മുരൾച്ച രാത്രി കാലങ്ങളി‍ല്‍ കേട്ടതായി തൊഴിലാളികൾ പറയുന്നു. നേരമിരുട്ടിയാൽ ഈ മേഖലയിലുള്ളവർക്ക് വീട്ടിൽ നിന്ന് ഇറങ്ങാൻ പേടിയാണ്. പഞ്ചായത്ത് ഇടപെട്ട് ചില മേഖലകളില്‍ വഴിവിളക്ക് ഇട്ടുകൊടുത്തെങ്കിലും രാത്രി പുറത്തിറങ്ങാന്‍ ഇവര്‍ക്ക് പേടിയാണ്. 
1100 ഏക്കറാണ് ളാഹയിലെ ഹാരിസണ്‍ തോട്ടം. ഇന്ന് തോട്ടം തൊഴിലാളികളായി 250ലേറെ പേര്‍ ജോലി ചെയ്യുന്നു.  മിക്കവരും മറ്റ് തൊഴിലൊന്നും ചെയ്യാനാവാത്തത് കൊണ്ടാണ് ഈ മേഖലയില്‍ തുടരുന്നതെന്ന് തൊഴിലാളികള്‍ പറഞ്ഞു. മിക്ക കുടുംബങ്ങളും മക്കളുടെ പഠനാവശ്യങ്ങള്‍ക്കായി വായ്പയെടുത്തിട്ടുണ്ട്. അതിനാല്‍ തന്നെ തുച്ഛമായി കിട്ടുന്ന കൂലികൊണ്ട് ജീവിക്കാന്‍ കഷ്ടപ്പെടുന്നവരാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top