20 April Saturday

കുടിവെള്ളം 
ഉറപ്പാക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Mar 21, 2023

 പത്തനംതിട്ട

കുടിവെള്ള ലഭ്യത ഉറപ്പാക്കാനും ജില്ലയിലെ ജലദൗർലഭ്യം ഒരു പരിധി വരെ പരിഹരിക്കാനും കൂടുതൽ ജലസംഭരണശാലകൾ തുടങ്ങുന്നു. ആദ്യപടിയെന്ന നിലയിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ 58 കുളങ്ങളാണ് ജില്ലയിൽ  നിർമിക്കുകയും പുനരുദ്ധാരണം നടത്തുകയും ചെയ്യുക. 
സംസ്ഥാനത്താകെ 2000 കുളങ്ങളുടെ നിർമാണവും പുനരുദ്ധാരണവും നടത്താനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്.  പൊതു, സ്വകാര്യഇടങ്ങളിലെ ഇവയുടെ പ്രവർത്തനം ലോക ജല ദിനമായ 22ന് തുടങ്ങും. കാലാവസ്ഥാ വ്യതിയാനം മൂലം ജില്ലയിലും ചൂട്‌ കനക്കുകയാണ്. പമ്പയടക്കം പ്രധാന നദികളിലെ ജലനിരപ്പ് താഴുന്നു. മാർച്ച് പകുതിയായപ്പോഴേക്കും ഈ അവസ്ഥയെങ്കിൽ ജൂൺ ആദ്യം മഴ തുടങ്ങുമ്പോഴേക്കും കുടിവെള്ള ക്ഷാമം അധികം നേരിടാതിരിക്കാനാണ് സംസ്ഥാനസർക്കാർ മുൻകൈയെടുക്കുന്നത്. 
കുളം നിർമാണം മാത്രമല്ല, ജലസംരക്ഷണത്തിന് തോടുകളുടെ നവീകരണം, ആഴം കൂട്ടൽ, മഴവെള്ള റീചാർജിങ്, മഴക്കുഴികളുടെ നിർമാണം എന്നിവയെല്ലാം ഇതോടനുബന്ധിച്ച് നടത്തും.  തണ്ണീർത്തടങ്ങളുടെ സംരക്ഷണവും ഇതിന്റെ ഭാ​ഗമാക്കും. പരാമാവധി സ്ഥലമുള്ളിടത്തെല്ലാം മഴക്കുഴികൾ സ്ഥാപിക്കാനും  ഇക്കാലയളവിൽ  ലക്ഷ്യമിടുന്നു. ജനങ്ങളിൽ ജലദുരുപയോ​ഗത്തിനെതിരായ  ബോധവൽക്കരണവും നടത്തും. 
നദികളിലെയും അണക്കെട്ടുക്കളിലെയും സംഭരണ വ്യാപ്തി കഴിഞ്ഞ കുറേ വർഷങ്ങളായി കുറഞ്ഞുവരികയാണ്. പ്രധാന അണക്കെട്ടുകളിൽനിന്ന് മണൽ ശേഖരണത്തെക്കുറിച്ചും സർക്കാർ ആലോചിക്കുന്നു. ഏതാനും ജില്ലകളിൽ ഇതിന് തുടക്കമിട്ടു. കുടിവള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ അതത് തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയിൽ   കുടിവെള്ളം എത്തിക്കാൻ എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും സർക്കാർ നിർദേശം നൽകി. ഇതിനാവശ്യമായ ഫണ്ടും ലഭ്യമാക്കി. 
കുളങ്ങളുടെ നിർമാണ, പുനരുദ്ധാരണ പ്രവർത്തന ജില്ലാ ഉദ്ഘാടനം ആറന്മുള മണ്ഡലത്തിലെ ഓമല്ലൂരിൽ 22ന് നടക്കും. കലക്ടർ ദിവ്യ എസ് അയ്യർ ഉദ്ഘാടനം ചെയ്യും. വിവിധ മണ്ഡലങ്ങളിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടക്കും..

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top