23 April Tuesday

കുടിവെള്ളമില്ല കുരമ്പാലക്കാർ ദുരിതത്തിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 21, 2023
പന്തളം
കടുത്ത വേനലിൽ കുടിവെള്ളം  കിട്ടാതെ കണ്ണീരൊഴുക്കി  കുരമ്പാലക്കാർ. കുരമ്പാല തെക്ക് കൊച്ചു തുണ്ടിൽ, നെല്ലിക്കാട്ട് നിവാസികൾ കുടിവെള്ളത്തിനായി ഇനി മുട്ടാത്ത വാതിലുകളില്ല. 
വേനലാരംഭിച്ച ശേഷം പല ദിവസങ്ങളിലും കുടിവെള്ളം മുടങ്ങുന്നതാണ് നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്നത്.  വീടുകളിലും, റോഡരുകുകളിലുമുള്ള ജല അതോറിറ്റിയുടെ ടാപ്പുകളിൽ ഒരിറ്റു വെളളം എത്തിയിട്ട് നാളുകളായി.  കുരമ്പാല തെക്ക് പെരുമ്പാലൂർ ക്ഷേത്രത്തിന് കിഴക്കുഭാഗം മുതൽ ആതിരമലകോളനി ഭാഗം വരെയുള്ള സ്ഥലത്തെ താമസക്കാർക്കാണ് വെള്ളത്തിന് ബുദ്ധിമുട്ടനുഭവപ്പെടുന്നത്. വെളളം കിട്ടാത്തതിനാലും കുഴിച്ചാൽ പാറയായതിനാലും മിക്ക വീടുകളിലും കിണറില്ല. അധികം വീട്ടുകാരും പൊതു ടാപ്പുകളെയാണ് ആശ്രയിക്കുന്നത്. വരൾച്ച രൂക്ഷമായതോടെ ഉയർന്ന പ്രദേശമായ ഇവിടേക്ക് വെള്ളമെത്താറില്ല. ഇടയ്ക്ക് എത്തുന്ന വെള്ളം താഴ്ഭാഗത്തുള്ളവർ എടുക്കുമ്പോഴേക്കും മുകളിലേക്ക് എത്താതാകും.  മാത്രമല്ല താഴ്ഭാഗത്തുളളവർ മറ്റ് ആവശ്യങ്ങൾക്കും പൊതു വെള്ളം ദുരുപയോഗപ്പെടുത്തുമ്പോൾ മുകളിലുള്ളവർ വെള്ളം എത്താതെ വലയും . ഈ പ്രശ്നം പരിഹരിക്കാൻ ഒരു വാൽവ് സ്ഥാപിച്ച് മുകളിലുള്ളവർക്കും സമയബന്ധിതമായി വെള്ളം ലഭിക്കുന്നുണ്ടെന്ന്് ഉറപ്പാക്കണമെന്ന്  കൗൺസിലർ അജിതകുമാരി പറയുന്നു.
ആതിരമല കോളനി പ്രദേശത്തുള്ളവരും ഇക്കൂട്ടത്തിൽ ഉൾപ്പെടും. ഈ ഭാഗത്തുള്ളവർ മലയുടെ താഴെയുളള വീട്ടിലെ കിണറിൽ നിന്നുമാണ് വെളളം കോരിയെടുക്കുന്നത്. പല തവണ ജല അതോറിറ്റിയുടെ ഓഫീസിൽ വിവരം അറിയിച്ചെങ്കിലും പ്രശ്നത്തിന് പൂർണ പരിഹാരമായില്ല.  പന്തളം കുടിവെള്ള പദ്ധതിയിൽ നിന്നും മുടക്കമില്ലാതെ പമ്പിങ്ങ് നടക്കുന്നുണ്ടെങ്കിലും ഈ പ്രദേശത്തു മാത്രമാണ് പൈപ്പിൽ വെള്ളം ലഭിക്കാതിരിക്കുന്നതെന്ന് സ്ഥലവാസികൾ പറയുന്നു. ജലക്ഷാമം രൂക്ഷമായ ആതിരമലയിൽ 2020ലാണ് പ്രശ്നം പരിഹരിച്ചത്. ഇവിടെ മോട്ടോർ വെച്ച് പമ്പിങ് നടക്കുന്നുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top