29 March Friday

രോഗം വന്നുപോകട്ടെ എന്ന്‌ കരുതേണ്ട

വെബ് ഡെസ്‌ക്‌Updated: Friday Jan 21, 2022
പത്തനംതിട്ട 
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജാഗ്രത കൈവിടരുതെന്നും രോഗം വന്നുപോകട്ടെ എന്ന ധാരണ മാറണമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. കോവിഡ് അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയെ സംബന്ധിച്ച് കേസുകളുടെ എണ്ണത്തിൽ വർധന ഉണ്ടാകുന്നതായും ആളുകളുടെ സഞ്ചാരം കൂടിയ ജില്ല എന്ന നിലയിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും മന്ത്രി പറഞ്ഞു. ഹോം ഐസൊലേഷൻ ആർക്കൊക്കെ നൽകാം, അവർ സ്വീകരിക്കേണ്ട നിർദേശങ്ങൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളിൽ ജനങ്ങൾക്ക് ബോധവത്കരണം നൽകൽ ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.
ഓക്സിജൻ ലഭ്യത ഉറപ്പാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. പ്ലാന്റുകൾ ഇനിയും സ്ഥാപിക്കാനുള്ള സ്ഥലങ്ങളിൽ നടപടികൾ വേഗത്തിലാക്കും. പീഡിയാട്രിക്ക് ഐസിയു ഫെബ്രുവരി 15ഓടെ പ്രവർത്തനം തുടങ്ങും. കോവിഡ് ബോധവത്കരണ പ്രവർത്തനങ്ങൾക്കും മറ്റുമായി സന്നദ്ധപ്രവർത്തകരുടെ സേവനം വളരെ കുറഞ്ഞ അളവിൽ കാര്യക്ഷമമായി തേടുമെന്നും മന്ത്രി പറഞ്ഞു. 
ആർആർടികൾ സജീവമാക്കുന്നതിന്റെ ഭാഗമായി എല്ലാ വാർഡുകളിലും പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള നടപടി ആരംഭിക്കണമെന്നും മന്ത്രി പറഞ്ഞു. എംഎൽഎമാരുടെ നേതൃത്വത്തിൽ 22ന് ജില്ലയിലെ തദ്ദേശസ്ഥാപന അധ്യക്ഷന്മാരുടെ യോഗം ഓൺലൈനായി ചേർന്ന് കോവിഡ് വ്യാപനം തടയാനുള്ള തുടർ പ്രവർത്തനങ്ങൾ ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. പോസിറ്റീവായിട്ടും ഐസൊലേഷനിൽ ഇരിക്കാതെ മറച്ചുവയ്ക്കുന്നവർക്കും ക്ലസ്റ്ററുകൾ രൂപപെട്ടിട്ട്‌ മറച്ചുവയ്ക്കുന്ന സ്ഥാപനങ്ങൾക്കുമെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. ഓമല്ലൂർ ശങ്കരൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, അഡ്വ. മാത്യു ടി തോമസ് എംഎൽഎ, അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ, അഡ്വ. പ്രമോദ് നാരായൺ എംഎൽഎ, കലക്ടർ ദിവ്യ എസ് അയ്യർ, ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ, അടൂർ നഗരസഭാ ചെയർമാൻ ഡി സജി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൽ അനിതാകുമാരി, എഡിഎം അലക്‌സ് പി തോമസ്, ഡിഡിപി കെ ആർ സുമേഷ്, എൻഎച്ച്എം ഡിപിഎം ഡോ. ശ്രീകുമാർ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top