പത്തനംതിട്ട
വരുന്ന രണ്ടു ദിവസം ജില്ലയിൽ ശക്തമായ മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഉള്ളതിനാൽ നിലവിൽ നദിയിൽ വെള്ളം കുറഞ്ഞാലും ദുരിതാശ്വാസ ക്യാമ്പിലുള്ളവർ വീടുകളിലേക്ക് മടങ്ങേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. കുളനട പഞ്ചായത്ത് ഹയർസെക്കൻഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലയിൽ നിലവിൽ 139 ക്യാമ്പുകളിലായി 1776 കുടുംബങ്ങളിലെ 6,038 പേരുണ്ട്. നിലവിൽ അപ്പർ കുട്ടനാടൻ മേഖലകളിലാണ് ക്യാമ്പുകൾ പുതിയതായി തുറക്കുന്നത്. കുളനട ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് ജില്ലയിലെതന്നെ ഏറ്റവും വലിയ ക്യാമ്പുകളിലൊന്നാണ്.
കക്കിയും പമ്പാ ഡാമും നിലവിൽ തുറന്നിട്ടുണ്ടെങ്കിലും പമ്പാ നദിയിൽ ജല നിരപ്പ് കാര്യമായി ഉയർന്നിട്ടില്ല. നദികളിലെ ജലനിരപ്പ് നിയന്ത്രിക്കുന്ന സംവിധാനം ഫലപ്രദമായി ഉപയോഗിച്ചുവരുന്നു. നദികളിലേക്കുള്ള ജലത്തിന്റെ വരവും കടന്നുപോക്കും മുന്നിൽക്കണ്ടുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വരും ദിവസങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ള അതിതീവ്രമഴ കൂടി കണക്കിലെടുത്താണ് ഡാമുകളിലെ ജലം തുറന്നുവിട്ടതെന്നും മന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..