പത്തനംതിട്ട
കുടുംബശ്രീ ഉൽപ്പന്നങ്ങളുടെ വിപണനത്തിനാരംഭിച്ച നാനോ മാർക്കറ്റുകൾ കൂടുതൽ വിപുലമാകും. കുടുംബശ്രീ ഉൽപ്പാദിപ്പിക്കുന്നവയ്‌ക്ക് പ്രാദേശിക വിപണി കണ്ടെത്താൻ 2018ൽ ആരംഭിച്ചതാണ് ഈ കുഞ്ഞൻ വിപണികൾ. ജില്ലയിൽ ഈ വർഷം നാനോ മാർക്കറ്റുകളുടെ ശൃംഖല വലുതാക്കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. സംസ്ഥാനത്താകെ 140 വിപണികൾ കൂടി ആരംഭിക്കാനാണ് പദ്ധതി. ജില്ലയിൽ 25 എണ്ണം പുതിയതായി ആരംഭിക്കും. കുടുംബശ്രീ ക്യാന്റീന് പ്രാധാന്യം നൽകി മാർക്കറ്റുകൾ ആരംഭിക്കാനാണ് ആലോചിക്കുന്നത്. മറ്റ് വിപണന മേഖലകളും പരിഗണിക്കും.
ജില്ലയിൽ തോട്ടപ്പുഴശേരി, ഇരവിപേരൂർ, പുറമറ്റം, പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡ്, സീതത്തോട്, കവിയൂർ എന്നിവിടങ്ങളിൽ നിലവിൽ നാനോ മാർക്കറ്റുകളുണ്ട്. 32ഓളം സപ്ലൈകോ വിപണന കേന്ദ്രങ്ങളിലും നാനോ മാർക്കറ്റ് മുൻപ് പ്രവർത്തിച്ചിരുന്നു. ജിഎസ്‌ടി ഉള്ള സംരംഭങ്ങളുടെ ഉൽപ്പന്നങ്ങൾ മാത്രമേ വിപണനം നടത്താൻ കഴിയൂ എന്ന ഘട്ടം വന്നപ്പോൾ ചിലതിന്റെ പ്രവർത്തനം മന്ദീഭവിച്ചു. ഇവയെയും ഉൾപ്പെടുത്തി നാനോ മാർക്കറ്റിന്റെ ശൃംഖല വീണ്ടും ശക്‌തിപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. കുടുംബശ്രീ സംരംഭങ്ങൾക്ക് പ്രാദേശിക വിപണി ഒരുക്കുന്നതിലൂടെ ഉൽപ്പാദന ശേഷി വർധിപ്പിക്കാനും കൂടുതൽ സാമ്പത്തിക ലാഭം ഉണ്ടാക്കാനും കൂടുതൽ സംരംഭകരെ സൃഷ്‌ടിക്കാനും കഴിയും.
ഭക്ഷ്യ സാധനങ്ങൾ ഉൾപ്പെടെയുള്ള കുടുംബശ്രീ സംരംഭകരുടെ ഉൽപ്പന്നങ്ങൾ ഇത്തരം വിപണി വഴി വിപണനം ചെയ്യും. പൊതു വിപണിയേക്കാൾ വിലക്കുറവിൽ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ലഭ്യമാക്കാനാകും.
പ്രാദേശിക കുടുംബശ്രീ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യാൻ വിവിധ സർക്കാർ സ്ഥാപനങ്ങൾ, പഞ്ചായത്തുകൾ, പ്രാദേശിക സൂപ്പർമാർക്കറ്റുകൾ, പൊതുസ്ഥലങ്ങൾ തുടങ്ങി വിപണന സാധ്യതയുള്ള സ്ഥലങ്ങളിൽ ഷെൽഫ്, അലമാര സ്ഥാപിച്ചാണ് നാനോ മാർക്കറ്റിന്റെ പ്രവർത്തനം. അതത് കുടുംബശ്രീ സിഡിഎസുകൾക്കാണ് കൗണ്ടറുകളുടെ ചുമതല. സ്വകാര്യ സൂപ്പർമാർക്കറ്റുകളിൽ 10 ശതമാനം കമ്മീഷൻ വ്യവസ്ഥയിലാണ് വിപണനം. കുടുംബശ്രീ ഉൽപ്പന്നങ്ങൾ മാത്രമേ ഇത്തരത്തിൽ വിപണനം ചെയ്യാനാവൂ. കൃത്യമായ പാക്കിങ്, ലേബൽ, നിർമിച്ച ദിവസം അടക്കമുള്ള വിവരങ്ങളും പതിപ്പിക്കണം. ജില്ലയിലാകെ 4000ത്തോളം കുടുംബശ്രീ സംരംഭങ്ങളാണുള്ളത്. ഇവയിൽ ഏറിയ പങ്കും ഭക്ഷ്യമേഖലയിലെ സംരംഭങ്ങൾ തന്നെ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..