20 April Saturday

വിജിലന്‍സ് പരിശോധിച്ചു; റോഡിൽ അപാകമില്ല

വെബ് ഡെസ്‌ക്‌Updated: Saturday Aug 20, 2022
പത്തനംതിട്ട
റോഡ് നിർമാണത്തിലെ അപാകം പരിശോധിക്കുന്ന വിജിലൻസ് അന്വേഷണത്തിൽ ജില്ലയിൽ കാര്യമായ അപാകതകൾ കണ്ടെത്തിയില്ല. സംസ്ഥാനത്തെങ്ങും വിജിലൻസ് നേതൃത്വത്തിൽ നടക്കുന്ന പരിശോധനയുടെ  ഭാ​ഗമായാണ് ജില്ലയിലും പരിശോധന നടന്നത്. 
തിരുവല്ല, അടൂർ കോഴഞ്ചേരി മണ്ഡലങ്ങളിലെ റോഡുകളിലായിരുന്നു പരിശോധന. ആറ് മാസത്തിനകം നിർമാണം പൂർത്തിയായ തിരുവല്ല മണ്ഡലത്തിലെ മൂന്നും അടൂർ മണ്ഡത്തിലെ രണ്ടും പത്തനംതിട്ട ന​ഗരസഭയിലെ ഒരു റോഡുമാണ് പരിശോധിച്ചത്. തിരുവല്ല മണ്ഡലത്തിലെ കറ്റോട്- –- തിരുമൂലപുരം റോഡിലെ ഒരു പ്രദേശത്ത് അരികിലെ ടാറിങ് ഇളകിയ നിലയിൽ കണ്ടെത്തി. 
ഇത് നന്നാക്കാൻ കരാറുകാരന് നിർദേശം നൽകണമെന്ന് വിജിലൻസ് ശുപാർശ ചെയ്തു. അടൂർ മണ്ഡലത്തിലെ ഇവി–-ചേന്നംപള്ളി റോഡിലെ നിർമാണ തകരാർ പൊതുമരാമത്ത് വകുപ്പിന്റെ  തകരാർ കൊണ്ടല്ല സംഭവിച്ചതെന്നും ജല അതോറിറ്റി നിർമാണം പൂർത്തിയായി അധിക നാളാകുന്നതിന് മുമ്പ് തന്നെ പൊളിച്ചതാണ് കാരണമെന്നും വിജിലൻസ് കണ്ടെത്തി. അത് പരിഹരിക്കാൻ ജല അതോറിറ്റിയോട് ആവശ്യപ്പെട്ടു. 
പത്തനംതിട്ട ന​ഗരസഭയിൽ മേലെവെട്ടിപ്രം- താഴെവെട്ടിപ്രം റോഡിൽ ടാറിങ് ഇളകിയ നിലയിലും കണ്ടെത്തിയതായി വിജിലൻസ്  അധികൃതർ പറഞ്ഞു. കരാറുകാരന്റെ കാലാവധി തീരുന്നതിന് മുമ്പായതിനാൽ അത് നന്നാക്കി നൽകാൻ കരാറുകാരൻ ബാധ്യസ്ഥനുമാണ്. ഇത് പൊതുമരാമത്തിന്റെ റോഡുമല്ല. ന​ഗരസഭയുടെ പരിധിയിലാണ്. കരാറുകാരനോട് ടാറിങ് നടത്തി തകരാർ പരിഹരിക്കാൻ നിർദേശം നൽകുമെന്നും അധികൃതർ പറഞ്ഞു.
ജില്ലയിലാകെ എട്ട് റോഡാണ് പരിശോധിച്ചത്. എവിടെയും കാര്യമായ തകരാർ കണ്ടെത്തിയില്ല. പരിശോധന  തുടരും. നിർമാണത്തിലെ തകരാർ സംബന്ധിച്ച് ജനങ്ങൾക്ക് വിജിലൻസ് വിഭാ​ഗത്തിനും പൊതുമരാമത്ത് അധികൃതർക്കും പരാതി നൽകാം.  പരാതികളിൽ അടിയന്തര നടപടി കൈക്കൊള്ളുമെന്നും അധികൃതർ അറിയിച്ചു. 
മഴക്കാലത്തിന്  മുമ്പുതന്നെ ജില്ലയിലെ റോഡുകളിലെ  തകരാർ പരിഹരിക്കാൻ സംസ്ഥാന സർക്കാർ കോടിക്കണക്കിന് രൂപ അനുവദിച്ചിരുന്നു. മഴ നീണ്ടുപോയതിനാൽ എല്ലാ നിർമാണവും സമയത്ത് തീർക്കാനായിട്ടില്ല. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top