25 April Thursday

നടപടി കർശനമാക്കി, പൊലീസ് ഡ്രോൺ 
നിരീക്ഷണം വരുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Apr 20, 2021
പത്തനംതിട്ട
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ,  നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്നുള്ള പരിശോധനയും, തുടർനടപടികളും കർശനമാക്കിയതായി ജില്ലാ പൊലീസ് മേധാവി ആർ നിശാന്തിനി. ജനങ്ങൾ കൂട്ടം കൂടുന്നത് അനുവദിക്കില്ല.  കടകൾ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങി എല്ലായിടങ്ങളിലും സാമൂഹിക അകലം പാലിക്കുന്നതായും, മാസ്‌ക് കൃത്യമായി ധരിക്കുന്നതായും, സാനിറ്റൈസർ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളതായും പൊലീസ് ഉറപ്പാക്കി വരുന്നു. ജില്ലയിലെ മുഴുവൻ പൊലീസിനെയും ഇതുസംബന്ധിച്ച ഡ്യൂട്ടിക്ക് സജ്ജമാക്കിയിട്ടുണ്ട്.  
കോവിഡ് ഡ്യൂട്ടിക്ക് മാത്രമായി അഡീഷണൽ എസ്പി ആർ രാജന്റെ നേതൃത്വത്തിൽ ആറ് ഡിവൈഎസ്പിമാരും 24 ഇൻസ്പെക്ടർമാരും, 750 പൊലീസ് ഉദ്യോഗസ്ഥരും പ്രവർത്തിച്ചു വരുന്നു. കൂടാതെ, പിങ്ക് പട്രോൾ, കൺട്രോൾ റൂം വാഹനം, ഹൈവേ പട്രോൾ എന്നിവയുടെ സേവനം 24 മണിക്കൂറും ലഭ്യമാക്കിയിട്ടുണ്ട്. ജില്ലയിലെ എല്ലാ  സ്റ്റേഷനുകൾക്കും  കർശന നിർദേശങ്ങൾ  നൽകി.
സ്റ്റേഷൻ തലത്തിൽ കോവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ച പരിശോധനയ്ക്കായി പ്രത്യേകം ടീമുകൾ രൂപീകരിച്ച് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.  ഇവർ പൊതു ഇടങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും, വാഹനങ്ങളിലും പരിശോധന നടത്തി കോവിഡ് വ്യാപനത്തിന്റെ തീവ്രതയെപ്പറ്റി ബോധവൽക്കരണം നടത്തും.   ലംഘനങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ കൈക്കൊള്ളുന്നുണ്ട്.  കണ്ടെയ്ൻമെന്റ് സോണുകളിലും, ആളുകൾ കൂട്ടംകൂടാൻ സാധ്യതയുള്ള സ്ഥലങ്ങളിലും കൂടുതൽ പരിശോധന നടത്തും. കണ്ടെയ്ൻമെന്റ് മേഖലകളിലുള്ള വ്യാപാര സ്ഥാപനങ്ങൾ രാത്രി ഒൻപതിന്‌ മുമ്പ് അടയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ട്. പൊലീസ് ഇക്കാര്യം ഉറപ്പുവരുത്തും.  
തിരക്കേറിയ സ്ഥലങ്ങളിൽ ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണം ഏർപ്പെടുത്തും. മാർക്കറ്റുകൾ, മാളുകൾ തുടങ്ങിയ സ്ഥലങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു.  നിയന്ത്രണങ്ങൾ പാലിക്കാത്ത സാഹചര്യത്തിൽ കേസ് എടുക്കുക, പിഴ ഈടാക്കുക തുടങ്ങിയ നിയമനടപടികൾ കർശനമായി തുടരും.
   കണ്ടെയ്ൻമെന്റ് സോണുകളിൽ അത്യാവശ്യ ചടങ്ങുകൾ മാത്രമേ അനുവദിക്കു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് നടത്തുന്നതെന്ന് ഉറപ്പാക്കും. ആളുകൾ അനാവശ്യ ചടങ്ങുകൾ ഒഴിവാക്കണം. ക്വാറന്റൈനിൽ കഴിയുന്നവരെ ജനമൈത്രി സംവിധാനം പ്രയോജനപ്പെടുത്തി നിരീക്ഷിക്കുന്നുണ്ട്. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചുവരുന്നു എൻജിഒകൾ, റെസിഡൻസ് അസോസിയേഷനുകൾ തുടങ്ങിയവയുടെ സേവനം  പ്രയോജനപ്പെടുത്തി ബോധവൽക്കരണം നടത്തുമെന്നും ജില്ലാപോലീസ് മേധാവി അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top