23 April Tuesday

മാർ ക്രിസോസ്‌റ്റത്തിന്റെ പിൻഗാമി

വെബ് ഡെസ്‌ക്‌Updated: Monday Oct 19, 2020

 മല്ലപ്പള്ളി

ഫിലിപ്പോസ്‌ മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത എന്ന വലിയ മനുഷ്യന്റെ പിൻഗാമിയായി ചുമതലയേൽക്കുമ്പോൾ നിലപാടുകളിലെ കാർക്കശ്യവും സ്വയാർജിത കഴിവുകളുമായിരുന്നു ജോസഫ് മാർത്തോമ്മായുടെ കരുത്ത്. വ്യത്യസ്‌ത ശൈലികളുടെ ഉടമകളായ ഇരുവർക്കുമിടയിൽ ആത്മബന്ധം ദൃഢമായിരുന്നു. മാർ ക്രിസോസ്റ്റത്തിന്റെ വാക്കുകളിൽ പറഞ്ഞാൽ, ജോസഫ് മാർത്തോമ്മ പാരമ്പര്യത്തിൽ ധന്യനും കഴിവുകളിൽ ധനാഢ്യനും ബന്ധങ്ങളിൽ നിപുണനും നേതൃത്വത്തിൽ അനുഗ്രഹീതനുമായിരുന്നു.
ക്രിസോസ്റ്റം തിരുമേനിയുടെ പിറന്നാൾ ദിനങ്ങളിൽ വട്ടയപ്പം മുറിക്കലിൽ പങ്കെടുക്കുന്നത്‌ ജോസഫ് മാർത്തോമ്മ മുടക്കിയിരുന്നില്ല. പുലാത്തീനിൽ പ്രത്യേക ഭക്ഷണമുണ്ടാക്കിയാൽ അത് ക്രിസോസ്റ്റം തിരുമേനിക്ക് എത്തിച്ചു കൊടുക്കും. ജോസഫ് മാർത്തോമ്മാ 89–-ാം ജന്മദിനം ആഘോഷിച്ചപ്പോൾ പറഞ്ഞതെല്ലാം മാർ ക്രിസോസ്റ്റത്തെ കുറിച്ചായിരുന്നു. താൻ കൊടുത്തുവിട്ട ഭക്ഷണം കഴിക്കാൻ  ക്രിസോസ്റ്റം കിടക്കയിൽ നിന്ന്‌ എഴുന്നേറ്റതും പ്രാർഥിച്ചതും പ്രസംഗിച്ചതുമെല്ലാമാണ് ഈ ജന്മദിനത്തിലെ സന്തോഷമെന്നാണ് അദേഹം പറഞ്ഞത്. ഏപ്രിൽ 27ന് മാർ ക്രിസോസ്റ്റത്തിന്റെ 103–-ാം ജന്മദിനത്തിനും ജോസഫ് മാർത്തോമ്മാ കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ വലിയ ഇടയന്റെ അടുത്തെത്തിയിരുന്നു. സ്ഥാനം ഒഴിഞ്ഞെങ്കിലും എല്ലാ കാര്യങ്ങളും മാർ ക്രിസോസ്റ്റത്തോട് പറയുകയും ആലോചിക്കുകയും ചെയ്യുമായിരുന്നു അദ്ദേഹം. ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ നൂറാം പിറന്നാളും, ജോസഫ് മാർത്തോമ്മായുടെ വൈദിക സ്ഥാനലബ്‌ധിയുടെ 60–-ാം വാർഷികവും 2007ൽ സഭ ഒന്നിച്ചാണ് ആഘോഷിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top