25 April Thursday
പോപ്പുലർ ഫിനാൻസ് തട്ടിപ്പ്

സിബിഐ അന്വേഷിക്കണം: കെ പി ഉദയഭാനു

വെബ് ഡെസ്‌ക്‌Updated: Saturday Sep 19, 2020

 കോന്നി  

പോപ്പുലർ ഫിനാൻസിലെ നിക്ഷേപകരുടെ പണം വിദേശ രാജ്യത്തേക്ക്‌ കടത്തിയ തട്ടിപ്പ് കേസ്‌ സിബിഐ അന്വേഷിക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ആവശ്യപ്പെട്ടു. തട്ടിപ്പിനിരയായ നിക്ഷേപകരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ പി ഉദയഭാനു.
വ്യക്തമായ ആസുത്രണം നടത്തിയാണ് രാജ്യം കണ്ട എറ്റവും വലിയ തട്ടിപ്പ് നടത്തിയത്. പല കടലാസ്‌ കമ്പനികൾ റജിസ്ട്രർ ചെയ്ത് നിക്ഷേപം സ്വീകരിക്കുകയായിരുന്നു.  ഇവിടെ പണയം എടുത്ത സ്വർണം ഇരട്ടി തുകയ്ക്ക് മറ്റു സ്ഥാപനങ്ങളിൽ പണയം വച്ചിരിക്കുകയാണ്. തീവെട്ടിക്കൊള്ളയാണ് ഈ മാന്യന്മാർ നടത്തിയിരിക്കുന്നത്. പാർട്ടി ജില്ലാ കമ്മിറ്റി ആദ്യഘട്ടത്തിൽ തന്നെ ഇതിൽ ഇടപെട്ടിരുന്നു. ഒരോ നിക്ഷേപകരെയും വാദിയാക്കി വിവിധ കേസുകൾ എടുക്കണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെടുകയും ആഭ്യന്തര വകുപ്പിൽ ഇടപെട്ട് തീരുമാനമെടുപ്പിക്കുകയും ചെയ്തിതിരുന്നു. പാർട്ടി തട്ടിപ്പിനിരയായ നിക്ഷേപകർക്കൊപ്പമാണെന്ന്‌ ഉദയഭാനു പറഞ്ഞു. 
കോന്നി തൊമ്മീസ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ അധ്യക്ഷനായി. രാജു എബ്രഹാം എംഎൽഎ, വീണാ ജോർജ്‌  എംഎൽഎ, സ്‌റ്റേറ്റ് ആക്ഷൻ കൗൺസിൽ സെക്രട്ടറി തോമസ് വർഗീസ് തുമ്പമൺ എന്നിവർ സംസാരിച്ചു. സിപിഐ എം കോന്നി ഏരിയ സെക്രട്ടറി ശ്യാംലാൽ സ്വാഗതം പറഞ്ഞു. 
കോന്നി വകയാർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പോപ്പുലർ ഫിനാൻസിന് സംസ്ഥാനത്തുടനീളം 200 ശാഖകളിലായി 50000 ത്തോളം നിക്ഷേപകരാണുള്ളത്. തട്ടിപ്പിനിരയായ നിക്ഷേപകരോട് 45 ദിവസത്തെ സാവകാശം ചോദിച്ച് കോടതിയിൽ പാപ്പർ ഹർജി നൽകി സ്ഥലം വിടുകയായിരുന്നു. എന്നാൽ സർക്കാരിന്റെയും പൊലീസിന്റെയും സമയോചിതമായ ഇടപെടീൽ കൊണ്ട് പ്രതികളെ പിടികൂടാനായി. നിക്ഷേപകരിൽ ഭൂരിഭാഗവും സാധാരണക്കാരാണ്. ഇവരുടെ നിക്ഷേപം വിദേശ രാജ്യങ്ങളിലേക്ക് കടത്തി അതിവിദഗ്‌ധമായി നാട്‌ വിടുകയായിരുന്നു ലക്ഷ്യം. 
പോപ്പുലർ ഫിനാൻസിന്റെ സ്വത്തുക്കൾ കണ്ടുകെട്ടണം. ഒരോ നിക്ഷേപകനെയും വാദിയാക്കി കേസുകൾ എടുക്കണം. അവസാനത്തെ നിക്ഷേപകനും പണം തിരികെ കിട്ടുംവരെ സർക്കാരും സിപിഐ എമ്മും ഒപ്പം ഉണ്ടാകും.  ഇത്തരം സാമ്പത്തിക തട്ടിപ്പ് സംസ്ഥാനത്ത് ഉണ്ടാകാൻ പാടില്ലെന്നും യോഗത്തിൽ പങ്കെടുത്ത എംഎൽഎമാർ പറഞ്ഞു. 
ആദ്യഘട്ടത്തിൽ തന്നെ രാജു എബ്രഹാം എംഎൽഎ നിയമസഭാ പെറ്റീഷൻ കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു. സിബിഐ അന്വേഷണത്തിനു പുറമേ പത്തനംതിട്ട കേന്ദ്രമാക്കി പ്രത്യേക കോടതി അനുവദിച്ച് കേസുകൾ അതിവേഗത്തിൽ തീർപ്പാക്കണം,  പോപ്പുലർ ഉടമകളുടെ സ്വത്തുക്കളും ഓഫീസുകളും കണ്ടു കെട്ടുക, ഒരോ കേസുകൾക്കും പ്രത്യേക എഫ്ഐആർ നൽകി അന്വേഷിക്കുക, ആറാം പ്രതി മേരിക്കുട്ടി ഡാനിയേലിനെ ആസ്ട്രേലിയയിൽനിന്ന് തിരികെ എത്തിക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കുക എന്നീ അവശ്യങ്ങളും യോഗം ഉന്നയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top