29 March Friday
ലൈഫ് മിഷൻ

പൂർത്തിയായി 7243 വീട്

വെബ് ഡെസ്‌ക്‌Updated: Wednesday Jan 19, 2022
പത്തനംതിട്ട
അർഹരായ മുഴുവൻ ഭവനരഹിതർക്കും കിടപ്പാടം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച്  നടപ്പാക്കിയ ലൈഫ് മിഷൻ   ജില്ലയിൽ 7243 വീട് നിർമിച്ചു. ഒന്നാം ഘട്ടമായി ഏറ്റെടുത്തത് മുൻകാലങ്ങളിൽ വീട് നിർമാണത്തിന് സർക്കാർ പദ്ധതികളിൽ ഏറ്റെടുത്ത 1347 എണ്ണത്തിൽ പൂർത്തീകരിക്കാതിരുന്നവയുടെ പൂർത്തീകരണമാണ്.  അത്തരത്തിലുണ്ടായിരുന്ന 1188 വീടുകളിൽ 1171 (98.48%) എണ്ണം പൂർത്തിയാക്കി. സംസ്ഥാനതലത്തിൽ  ഇക്കാര്യത്തിൽ മൂന്നാം സ്ഥാനത്താണ് ജില്ല. 
രണ്ടാം ഘട്ടമായി ഭൂമിയുള്ള ഭവനരഹിതരുടെ വീട് നിർമാണമാണ്. കുടുംബശ്രീ  മുഖേന നടത്തിയ സർവേയിൽ  കണ്ടെത്തിയ 2857 പേരിൽ 2431 പേർ വീട്  നിർമിച്ചു കഴിഞ്ഞു. ഇതോടൊപ്പം നഗരസഭകളിലൂടെ പിഎംഎവൈ (അർബൻ)ലും ബ്ലോക്ക് പഞ്ചായത്തുകളിലൂടെ പിഎംഎവൈ (ഗ്രാമീൺ)ലും  വീട് നിർമിക്കുന്നുണ്ട്. എംഎവൈ (അർബൻ) ൽ 1347ഉം പിഎംഎവൈ(ഗ്രാമീൺ)ൽ 841ഉം വീടും നിർമിച്ചു. പട്ടികജാതി വകുപ്പ് മുഖേന 1248 വീടും പട്ടികവർ​ഗ വകുപ്പ് മുഖേന ഏഴും ഫിഷറീസ് വകുപ്പ്  മുഖേന രണ്ടു വീടും പൂർത്തിയാക്കി. 
രണ്ടാംഘട്ട ലിസ്റ്റിൽപ്പെടാത്ത പട്ടികജാതി, പട്ടികവർ​ഗ, മത്സ്യതൊഴിലാളി കുടുംബങ്ങളുടെ ലിസ്റ്റിലെ സൂക്ഷ്മ പരിശോധന പൂർത്തിയായി. പട്ടികജാതി വകുപ്പ് മുഖേന ലഭ്യമാക്കിയ ലിസ്റ്റിൽനിന്നും ഭൂമിയുള്ള ഭവനരഹിതരായ 1718 കുടുംബങ്ങളെ  ആർഹരെന്ന് കണ്ടെത്തി. 119 ഗുണഭോക്താക്കൾ  നിർമാണം പൂർത്തിയാക്കി. ഭൂരഹിതരും ഭവനരഹിതരുമായ 590 കുടുംബങ്ങളും വീടിന് അർഹരായി. പട്ടികവർഗ വകുപ്പിൽനിന്നും ലഭിച്ച ലിസ്റ്റിലെ 361 കുടുംബങ്ങളിൽ 115 കുടുംബങ്ങൾ ഭൂമിക്കും വീടിനും അർഹരായി. 
മൂന്നാം ഘട്ടത്തിൽ ഭൂരഹിത, ഭവനരഹിതരെ  പുനരധിവസിപ്പിക്കും. ഭൂമിയും വീടും ഇല്ലാത്തവരായി ജില്ലയിൽ കണ്ടെത്തിയിട്ടുള്ളത് 2110 പേരെയാണ്. ഇതിൽ 603 പേർ പട്ടികജാതിയിലും 26 പേർ പട്ടികവർ​ഗ വിഭാഗത്തിലുമാണ്. സ്വന്തമായി ഭൂമി കണ്ടെത്തുന്നവർക്ക് ഭൂമിയുടെ വില തദ്ദേശസ്ഥാപനങ്ങൾ നൽകും. അവർക്ക്  വീട്  നിർമാണത്തിനുള്ള തുക തദ്ദേശസ്ഥാപനങ്ങളും ലൈഫ് മിഷനും ചേർന്ന് നൽകും. 
കൂടുതൽ ഗുണഭോക്താക്കളുള്ള പ്രദേശങ്ങളിൽ പൊതുസ്ഥലം ലഭ്യമാണെങ്കിൽ ലൈഫ് മിഷനും തദ്ദേശസ്ഥാപനങ്ങളും സംയുക്തമായോ മിഷൻ നേരിട്ടോ പാർപ്പിട സമുച്ചയം നിർമിച്ച്  നൽകും. പന്തളം  മുടിയൂർക്കോണം ഭാഗത്ത് 6.256 കോടി രൂപ  ചെലവിൽ 44 യൂണിറ്റുള്ള രണ്ട് ടവറുകളുടെ നിർമാണം ആരംഭിച്ചു. പ്രീഫാബ്രിക്കേഷൻ രീതിയിൽ നിർമിക്കുന്ന സമുച്ചയത്തിന്റെ നിർമാണം 2022  മാർച്ചിന് മുമ്പ് പൂർത്തിയാക്കും. ഏഴംകുളം പഞ്ചായത്ത് ലഭ്യമാക്കിയ ഏനാത്ത്  56 യൂണിറ്റുകളുള്ള ഫ്ളാറ്റ് നിർമാണം തുടങ്ങി.  കടമ്പനാട്ടെ റവന്യൂ വകുപ്പിന്റെ  സ്ഥലത്ത് 56 യൂണിറ്റുകളുള്ള സമുച്ചയത്തിന്റെ ടെൻഡർനടപടി നടന്നുവരുന്നു. കലഞ്ഞൂർ, ഇരവിപേരൂർ പഞ്ചായത്തുകളിലും സ്ഥലം കണ്ടെത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top