27 April Saturday
ലൈഫ് അന്തിമപ്പട്ടിക പ്രസിദ്ധീകരിച്ചു

വീടൊരുങ്ങും 14,440 പേർക്ക്‌

സ്വന്തം ലേഖകൻUpdated: Thursday Aug 18, 2022
പത്തനംതിട്ട
ലൈഫ് സമ്പൂർണ ഭവന പദ്ധതിയുടെ രണ്ടും മൂന്നും  ഘട്ടത്തിൽ  ലിസ്റ്റിൽ ഉൾപ്പെടാത്ത അർഹരായ ​ഗുണഭോക്താക്കളുടെ  അന്തിമപ്പട്ടിക പ്രസിദ്ധീകരിച്ചു. 14, 440 പേരാണ് അന്തിമ പട്ടികയിൽ അർഹത നേടിയത്.  മഴക്കെടുതി മൂലം ജില്ലയിലെ മൂന്ന് പഞ്ചായത്തുകളിലും ഒരു ന​ഗരസഭയിലും ​ഗ്രാമസഭകൾ കൃത്യ സമയത്ത് ചേരാൻ സാധിക്കാതിരുന്നത് കാരണം നാല് തദ്ദേശ സ്ഥാപനങ്ങളെ ഒഴിവാക്കിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. ഇരവിപേരൂർ, മൈലപ്ര, പ്രമാടം പഞ്ചായത്തുകളിലെയും തിരുവല്ല ന​ഗരസഭയിലെയുമാണ് പട്ടിക പ്രസിദ്ധീകരിക്കാത്തത്. ഇവർക്ക് ​ഗ്രാമസഭകൾ ചേരുന്നതിന് കൂടുതൽ സമയം അനുവദിച്ചു. അതിന് ശേഷമെ  നാലു തദ്ദേശ സ്ഥാപനങ്ങളിലെയും പട്ടിക പ്രസിദ്ധീകരിക്കു. രണ്ടാം ഘട്ടത്തിലെ അന്തിമപ്പട്ടികയിൽ ഭൂമിയുള്ള ഭവനരഹിതരായവർക്ക് ലൈഫ് പദ്ധതിയിൽ വീട് ലഭിക്കാൻ അർഹത നേടിയത് ന​ഗരസഭാ മേഖലകളിൽ 246 പേരും പഞ്ചായത്തുകളിൽ 9560 പേരുമാണ്. ഭൂരഹിത, ഭവനരഹിതരായവർ ന​ഗരസഭാ പ്രദേശത്ത് 495ഉം പഞ്ചായത്തുകളിൽ 4139ഉമാണ്. 
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കേരളത്തിലെ എല്ലാ ഭൂരഹിതരായ ഭവനരഹിതർക്കും  ഭൂമിയുണ്ടായിട്ട്   വീടില്ലാത്തവർക്കും  സ്വന്തമായി  വീട് ലഭ്യമാക്കുകയെന്ന ഇടതുപക്ഷ സർക്കാരിന്റെ നയത്തിന്റെ ഭാ​ഗമായാണ് പദ്ധതി നടപ്പാക്കുന്നത്. വീടിനോടൊപ്പം  തൊഴിൽ ചെയ്ത് ഉപജീവനം നടത്താനും സാമൂഹിക പ്രക്രിയയിൽ   ഭാഗഭാക്കാകാനും   എല്ലാ സാമൂഹ്യ ക്ഷേമ പദ്ധതികളുടെയും പ്രയോജനം കേന്ദ്രീകരിക്കാനും ഉതകുന്ന സുരക്ഷിതമായ വീടുകൾ ലഭ്യമാക്കുക എന്നതാണ് സമ്പൂർണ്ണ പാർപ്പിട പദ്ധതിയുടെ ലക്ഷ്യം. ഭൂമിയുള്ള ഭവനരഹിതർ, ഭൂമിയില്ലാത്ത ഭവനരഹിതർ, ഭവനനിർമ്മാണം പൂർത്തിയാക്കാത്തവർ/വാസയോഗ്യമല്ലാത്ത ഭവനം ഉള്ളവർ, പുറമ്പോക്കിലോ, തീരദേശ മേഖലയിലോ, തോട്ടം മേഖലയിലോ താൽക്കാലിക  വീടുള്ളവർ, എന്നിവരാണ് പദ്ധതി  ഗുണഭോക്താക്കൾ. വിവിധ വകുപ്പുകൾ മുഖേന നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഭവനപദ്ധതികൾ സംയോജിപ്പിച്ചാണ്  പദ്ധതി നടപ്പാക്കുന്നത്. ഇതിനകം പദ്ധതിയിൽ 3236 വീടുകൾ ജില്ലയിൽ നിർമിച്ച് ​ഗുണഭോക്താക്കൾക്ക് കൈമാറി.
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top