29 March Friday

ശബരിഗിരിയിൽ 
റെഡ്‌ അലർട്ട്‌

വെബ് ഡെസ്‌ക്‌Updated: Sunday Oct 17, 2021

കനത്തമഴയിൽ ജലനിരപ്പ് ഉയരുന്ന പമ്പാ നദി.റാന്നി പാലത്തിൽ നിന്നുള്ള ദൃശ്യം ഫോട്ടോ > ദേശാഭിമാനി

 

ചിറ്റാർ

ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ. സംഭരണികളിൽ ജലനിരപ്പ് വലിയതോതിൽ ഉയർന്നു. ശനിയാഴ്‌ചത്തെ കണക്കുപ്രകാരം 88.01 ശതമാനമാണ് സംഭരണിയിലെ ജലനിരപ്പ്. സംഭരണിയിൽ പരമാവധി നിലനിർത്താവുന്നതിന്റെ അടുത്ത് എത്തിയിരിക്കുകയാണ് ജലനിരപ്പ്. പദ്ധതി സംഭരണികളിൽ ജലനിരപ്പ് 80 ശതമാനം കഴിയുന്നതോടെ അതീവജാഗ്രത പുലർത്തി മുന്നറിയിപ്പ് നൽകും. ശബരിഗിരി പദ്ധതി സംഭരണിയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് വെള്ളിയാഴ്ച വൈകിട്ട് രാവിലെ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
പ്രധാന സംഭരണിയായ കക്കി-ആനത്തോട് ഡാമിൽ 978.40 മീറ്ററും പമ്പാ ഡാമിൽ 980.45 മീറ്ററുമാണ് ജലനിരപ്പ്. കക്കിയിൽ 978.83 മീറ്ററിൽ എത്തുമ്പോഴാണ് ഡാം തുറക്കുന്നത്. പദ്ധതി പ്രദേശത്ത്  കക്കിയിൽ 14 ഉം പമ്പയിൽ 12 ഉം  മില്ലി മീറ്ററും മഴ ലഭിച്ചു. സമീപദിവസങ്ങളിലെല്ലാം ഏറെക്കുറെ സമാനമായ അളവിലാണ് മഴ ലഭിച്ചത്. ഇന്ന് രാവിലെ ഡാമിലെ ജലനിരപ്പ് 978.40 മീറ്റര്‍ എത്തി ചേര്‍ന്നതിനാലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിച്ചത്.
പമ്പാ നദിയുടെയും കക്കാട്ടാറിന്റെ ഇരുകരകളില്‍ താമസിക്കുന്നവരും ശബരിമല തീര്‍ഥാടകരും പൊതുജനങ്ങളും സുരക്ഷ ഉറപ്പുവരുത്തണമെന്ന്  കലക്ടർ ദിവ്യ എസ് അയ്യര്‍ അറിയിച്ചു. നദികളുടെ  തീരത്ത് താമസിക്കുന്നവരും തീര്‍ഥാടകരും നദിയില്‍ ഇറങ്ങുന്നത് ഒഴിവാക്കണം. പദ്ധതി പ്രദേശത്ത്  മഴ കൂടുതൽ കനത്താൽ വളരെ പെട്ടെന്നുതന്നെ നിയന്ത്രണരേഖയിൽ വെള്ളമെത്തുമെന്ന് വൈദ്യുതി ബോർഡ് അധികൃതർ അറിയിച്ചു. എങ്കിലും ഏത് അടിയന്തരസാഹചര്യവും നേരിടുന്നതിനുള്ള ഒരുക്കങ്ങൾ പദ്ധതിപ്രദേശത്ത് വൈദ്യുതിബോർഡ് സജ്ജമാക്കിയിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top