പത്തനംതിട്ട/കോന്നി
സംസ്ഥാനത്തെ ക്ഷേമ, വികസന പദ്ധതികളൊന്നാകെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സിപിഐ എം നേതൃത്വത്തിൽ ജില്ലയിലെ അഞ്ച് മണ്ഡലത്തിലും നടന്ന ബഹുജന സമരത്തിൽ പതിനായിരങ്ങളാണ് പങ്കാളികളായത്.
അതോടൊപ്പം രാജ്യത്ത് അവശ്യസാധനങ്ങൾക്ക് വർധിച്ചു വരുന്ന വിലക്കയറ്റത്തിനെതിരെയും തൊഴിലില്ലായ്മക്കുമെതിരെയാണ് സിപിഐ എം നേതൃത്വത്തിൽ ബഹുജന പങ്കാളിത്തത്തോടെ സമരം നടന്നത്. ഏതാനും മാധ്യമങ്ങളും കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്ക് കൂട്ടുപിടിക്കുന്ന തരത്തിലാണ് പ്രചാരണം നടത്തുന്നത്.
കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളുടെ ഭാഗമായി എല്ലാ മേഖലയിലും ജനങ്ങൾ ദുരിതം അനുഭവിക്കുന്നു. വിദ്യാഭ്യാസം മുതൽ മോട്ടോർവകുപ്പ്, ആരോഗ്യ മേഖലയിലടക്കം ഇതിന്റെ പ്രതിഫലനം നാടറിയുന്നു.
നിരവധി മേഖലകളിൽ തൊഴിലാളികൾ പ്രക്ഷോഭം തുടങ്ങി ക്കഴിഞ്ഞു. വരും ദിവസങ്ങളിലും സമരം എല്ലാ മേഖലയിലും കേന്ദ്ര നയങ്ങൾക്കെതിരെ ശക്തിപ്പെടും.
പത്തനംതിട്ട ഹെഡ് പോസ്റ്റോഫീസിന് സമീപം നടന്ന സമരം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയറ്റംഗം എ പത്മകുമാര്‍ അധ്യക്ഷനായി. ഏരിയ ആക്ടിങ് സെക്രട്ടറി എം വി സഞ്ജു, ജില്ലാ കമ്മിറ്റിയംഗം എന്‍ സജികുമാര്‍ എന്നിവർ സംസാരിച്ചു.
കോന്നി മണ്ഡലത്തിൽ നടന്ന സമരം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയറ്റംഗം പി ജെ അജയകുമാർ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗങ്ങളായ അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ, പ്രൊഫ.കെ മോഹൻകുമാർ, കോന്നി ഏരിയ സെക്രട്ടറി ശ്യാംലാൽ, പെരുനാട് ഏരിയ സെക്രട്ടറി എം എസ് രാജേന്ദ്രൻ, ടി രാജേഷ്‌കുമാർ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..