17 December Wednesday
കേന്ദ്രനയം തിരിച്ചടിയാകുന്നു

കർഷകർ പ്രതിസന്ധിയിൽ രാസവളത്തിന്‌ തീവില

വെബ് ഡെസ്‌ക്‌Updated: Sunday Sep 17, 2023

 കൊടുമൺ

രാസവളങ്ങളുടെ വിലവർധന കാർഷിക മേഖലയ്ക്ക് വലിയ തിരിച്ചടിയാകുന്നു.  ഒരു മാനദണ്ഡവുമില്ലാതെയാണ് കേന്ദ്രസർക്കാർ രാസവളങ്ങളുടെ വിലകൂട്ടുന്നത്. കർഷകർക്ക് അത്യാവശ്യമുള്ള പൊട്ടാഷ്, യൂറിയ എന്നിവയുടെ വിലയിലാണ് അടുത്ത കാലത്ത് ഏറ്റവും കൂടുതൽ വർധനവുണ്ടായത്. 
ഒരു ചാക്ക് പൊട്ടാഷിന് 1,700 രൂപയാണ്‌ മൊത്തക്കച്ചവട വില. രണ്ട് മാസം മുമ്പ് 1500 രൂപയായിരുന്നു. കേന്ദ്രസർക്കാർ വളം സബ്സിഡി പിൻവലിച്ചതു കൊണ്ടാണ് രാസവളത്തിന് മുമ്പെങ്ങുമില്ലാത്ത വിധം വില കൂടിയത്.
   രണ്ട് മാസം മുമ്പ് എൻപികെ വളങ്ങളുടെ വിലയിലും വലിയ വർധനവാണ് കേന്ദ്രസർക്കാർ വരുത്തിയത്. പൊട്ടാഷ് ഇപ്പോൾ ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്നില്ല. വിദേശ രാജ്യങ്ങളിൽ നിന്ന്‌ ഇറക്കുമതി ചെയ്യുകയാണ്. സ്വകാര്യ കമ്പനികൾക്കും വ്യക്തികൾക്കും ഇഷ്ടം പോലെ വില കൂട്ടാനുള്ള അവസരം ഇത് നൽകുന്നു. 16:16:16, 17:17:17 കോംപ്ലക്സ്‌ വളങ്ങൾക്കും വലിയ വിലയാണ്. 50 കിലോയുടെ ചാക്കിന് 1,500 രൂപയാണ് വില.- 18:18:18 കോംപ്ലക്സിന് 1,250 രൂപയും എല്ലുപൊടിക്ക് 2,150 രൂപയുമാണ് മൊത്തവിൽപ്പന വില. എല്ലുപൊടി പോലെയുള്ള വളങ്ങൾക്ക് സർക്കാർ സബ്സിഡിയും നൽകുന്നില്ല.
   ഫാക്ടംഫോസിന് മാത്രമാണ് നിലവിൽ കാര്യമായ സബ്സിഡി കിട്ടുന്നത്. ഫാക്ടംഫോസിന് 1,200 രൂപയുണ്ടായിരുന്നത്‌ ക്രമാതീതമായി 2,418 രൂപയായി ഉയർത്തി. ഇപ്പോൾ സബ്സിഡി തുക കുറച്ച് 1,225 രൂപയ്ക്കാണ് ഒരു ചാക്ക് വളം കർഷകന് ലഭിക്കുന്നത്. ആധാറുമായി വളം വാങ്ങുമ്പോഴാണീ വിലയ്ക്ക് ലഭിക്കുക. അല്ലെങ്കിൽ സബ്സിഡിയില്ലാതെ വലിയ വില നൽകേണ്ട സ്ഥിതിയാണ്. 
   നാട്ടിൽ പരമ്പരാഗത കൃഷിരീതികളും വിത്തിനങ്ങളുമെല്ലാം ഇല്ലാതാവുകയും സങ്കരയിനം വിത്തുകളും ചെടികളും വ്യാപകമാകുകയും ചെയ്തതോടെ രാസവളങ്ങൾ കൃഷിക്ക് അത്യാവശ്യ ഘടകങ്ങളായി മാറി. മണ്ണിൽ നിന്ന്‌ പൂർണമായി  ലഭിക്കാത്ത മൂലകങ്ങളുടെ കുറവ് പരിഹരിക്കുകയും മണ്ണിന്റെ ഫലഭൂയിഷ്ഠത കൂട്ടി കാർഷികോൽപ്പാദനം വർധിപ്പിക്കാനും  രാസവളങ്ങൾ അത്യാവശ്യമായി. 
കാലാവസ്ഥ വ്യതിയാനം കൃഷിക്ക് ദോഷമായി മാറുന്ന സാഹചര്യത്തിൽ രാസവളത്തിന്റെ വില വർധന  കർഷകർക്ക്  താങ്ങാവുന്നതിലധികമാണ്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top