29 March Friday
വീണാ ജോര്‍ജിനെതിരെ വ്യാജവാര്‍ത്ത

നിയമനടപടി സ്വീകരിക്കും–- സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Friday Sep 17, 2021
പത്തനംതിട്ട
ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ പത്തനംതിട്ട നഗരത്തിലെ സിപിഐ എം കമ്മിറ്റികളില്‍ വിമര്‍ശനം എന്ന പേരില്‍ ചില മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണം അടിസ്ഥാനരഹിതവും അവാസ്തവവുമാണെന്ന്‌ സിപിഐ എം ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. 
മാധ്യമം ദിനപത്രം, മീഡിയ വണ്‍ ചാനൽ, അവരുടെ ഓണ്‍ലൈന്‍ സൈറ്റ്, മംഗളം ദിനപത്രം എന്നിവയിലൂടെയാണ് തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നത്. ഇവ ഒരേ കേന്ദ്രത്തില്‍നിന്ന്‌ പ്രചരിപ്പിക്കുന്നതാണെന്നു വ്യക്തമാണ്‌. ഇത് ആസൂത്രിതവും വീണാ ജോര്‍ജിനെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുമാണ്. സത്യവുമായി ഒരു ബന്ധവുമില്ലാത്ത ഇത്തരം വാര്‍ത്തകള്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തും  വീണാ ജോര്‍ജിനെതിരെ ചില കേന്ദ്രങ്ങള്‍ നിരന്തരം പ്രചരിപ്പിച്ചിരുന്നു. അത്തരം പ്രചാരവേലയെ പരാജയപ്പെടുത്തിയാണ് മികച്ച ഭൂരിപക്ഷത്തോടെ  ആറന്മുളയിലെ ജനങ്ങള്‍ വീണാ ജോര്‍ജിനെ തെരഞ്ഞെടുത്തത്. 
എന്നിട്ടും ഇത്തരം നുണ പ്രചാരണങ്ങൾ തുടരുന്ന സാഹചര്യത്തില്‍ തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നവര്‍ക്കെതിരെ  നിയമ നടപടികൾ സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. മാധ്യമം ദിനപത്രം, മീഡിയവണ്‍ ചാനല്‍, മീഡിയവണ്‍ ഓണ്‍ലൈന്‍, മംഗളം ദിനപത്രം എന്നിവയ്‌ക്കെതിരെ ഉടന്‍ നിയമനടപടികള്‍ സ്വീകരിക്കും.
ലോകത്തിനു തന്നെ മാതൃകയായ രീതിയിലാണ് ആരോഗ്യവകുപ്പിലെ പ്രവര്‍ത്തനങ്ങള്‍ വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ മുന്നോട്ടുപോകുന്നത്. കോവിഡിനുപുറമേ സിക്കാ വൈറസ്, നിപാ എന്നിവയുടെ  വ്യാപനം തടഞ്ഞുനിര്‍ത്താന്‍  കഴിഞ്ഞത്  ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഒത്തൊരുമയുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണ്.  രണ്ടാം പിണറായി സര്‍ക്കാര്‍ ആദ്യ 100 ദിവസം കൊണ്ടുതന്നെ മികച്ച നിരവധി വികസനപദ്ധതികള്‍ യാഥാര്‍ഥ്യമാക്കി. ആരോഗ്യ വകുപ്പിലും ജില്ലയിലെ വിവിധ മണ്ഡലങ്ങളിലും ഒട്ടേറെ വികസനപദ്ധതികളാണ് നടപ്പാക്കിവരുന്നത്. ഈ യാഥാര്‍ഥ്യം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയുന്നുമുണ്ട്. എങ്കിലും നിരന്തരം നടക്കുന്ന നുണപ്രചാരണങ്ങള്‍ തെറ്റിദ്ധാരണ പരത്താന്‍ ഇടയാക്കും എന്നതിനാലാണ് നിയമ  നടപടികളിലേക്ക് കടക്കാന്‍ സിപിഐ എം തീരുമാനിച്ചത്. വ്യാജ വാര്‍ത്തകൾ വിശ്വാസത്തിലെടുക്കരുതെന്ന്‌ ജില്ലാ കമ്മിറ്റി അഭ്യര്‍ഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top