29 March Friday
തനത്‌ പദ്ധതികളുമായി മുന്നോട്ട്‌

കുടുംബശ്രീക്ക്‌ 25

എസ്‌ ഗീതാഞ്‌ജലിUpdated: Tuesday May 17, 2022

"എന്റെ കേരളം' പ്രദർശന നഗരിയിലെ കുടുംബശ്രീ കഫേയിലെ തിരക്ക്

 

പത്തനംതിട്ട 
ജില്ലയുടെ തനത്‌ പദ്ധതികളിലൂടെ മികച്ച മുന്നേറ്റവുമായി കുടുംബശ്രീ. 25–-ാം വർഷത്തിലെത്തുമ്പോൾ വിവിധ നിർമാണ യൂണിറ്റുകളും കൃഷിയിൽ കൈവരിച്ച നേട്ടങ്ങളുമായി ജില്ലയിലെ കുടുംബശ്രീ വേറിട്ടുനിൽക്കുന്നു. കൂവപ്പൊടി നിർമാണ യൂണിറ്റ്‌, ശർക്കര നിർമാണ യൂണിറ്റ്‌, ഗ്രാമ വെജിറ്റബിൾ കിയോസ്‌ക്‌, ശീതകാല പച്ചക്കറി കൃഷി എന്നിവയാണ്‌ ജില്ലാ കുടുംബശ്രീ മിഷന്റെ മേൽനോട്ടത്തിലുള്ള പദ്ധതികൾ. 
ഇവ കൂടാതെ കുടുംബശ്രീ വനിതകൾക്ക് വരുമാനം ലഭ്യമാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന അതിബൃഹത്തായ പദ്ധതികളാണ് ക്ഷീരസാഗരം പദ്ധതിയും ആടുഗ്രാമം പദ്ധതിയും. ഈ പദ്ധതികൾക്കായി പഞ്ചായത്തുകളിലെ അഞ്ച്‌ കുടുംബശ്രീ അംഗങ്ങളെ തെരഞ്ഞെടുത്ത് പരിശീലനം നൽകുകയും ബാങ്ക് വായ്പയിലൂടെ സംരംഭം തുടങ്ങാനാവശ്യമായ സഹായം നൽകുകയും ചെയ്യുന്നു. ക്ഷീരസാഗരം പദ്ധതിക്ക് 2,18,750 രൂപയും ആടുഗ്രാമം പദ്ധതിയ്ക്ക് 50,000 രൂപയും സബ്സിഡി നൽകുന്നുണ്ട്.
സിഡിഎസിൽ നിന്നും അഞ്ചുപേർ ചേർന്ന്‌ ബാങ്ക്‌ ലോണെടുത്ത്‌ മുട്ടക്കോഴി വളർത്തലും താറാവ്‌ വളർത്തലും നടത്താനുള്ള പദ്ധതിയുമുണ്ട്‌. മുട്ടക്കോഴി യൂണിറ്റിന്‌ 25000 രൂപയും താറാവ്‌ യൂണിറ്റിന്‌ 20000 രൂപയും സബ്‌സിഡി ലഭിക്കും. പാൽ, പാൽ മൂല്യവർധിത  
ഉല്പന്നങ്ങൾ എന്നിവയുടെ യൂണിറ്റിന്‌ 50,000 രൂപ വരെ സബ്‌സിഡി ലഭിക്കും. വർധിച്ചു വരുന്ന ഇറച്ചിക്കോഴി വിലയ്ക്ക് പരിഹാരം കണ്ടെത്താനും നാട്ടിൽ തന്നെ ഉല്പാദിപ്പിക്കുന്ന സുരക്ഷിതമായ കോഴിയിറച്ചി ഉപഭോക്താക്കൾക്ക് ലഭ്യമാക്കാനും "കേരള ചിക്കൻ' എന്ന പേരിൽ ഇറച്ചിക്കോഴി വളർത്തൽ യൂണിറ്റുകളുമുണ്ട്‌. 
സാമ്പത്തിക ശാക്തീകരണം, സാമൂഹ്യശാക്തീകരണം, സ്ത്രീ ശാക്തീകരണം എന്നിവ മുൻനിർത്തി പ്രവർത്തിക്കുന്ന കുടുംബശ്രീ പ്രസ്ഥാനത്തിന്‌ 25 വയസ്‌ പൂർത്തിയാവുമ്പോൾ വരും വർഷങ്ങളിൽ കൂടുതൽ പേർക്ക്‌ സ്വന്തം നിലയിൽ വരുമാനം കണ്ടെത്താനുള്ള പദ്ധതികൾ ജില്ലയിൽ നടപ്പാക്കുകയാണ്‌ ലക്ഷ്യം.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top