25 April Thursday
വിരണ്ട ആനയുടെ പുറത്ത്‌ മണിക്കൂറുകൾ

രവീന്ദ്രൻ പറയും... ഇതൊക്കെയെന്ത്‌...

സ്വന്തം ലേഖകൻUpdated: Saturday Oct 16, 2021

വാര്യാപുരത്ത് ഇടഞ്ഞ കൊമ്പനെ തളച്ചപ്പോൾ

 

പത്തനംതിട്ട
31 വർഷമായി ആനകളുമായുള്ള ജീവിതത്തിൽ "ഇതൊക്കെയെന്ത്‌' എന്നേ രവീന്ദ്രന്‌ പറയാനുള്ളൂ. പതിമൂന്നാം വയസിൽ  പാപ്പാനായ താണ്‌. ഇപ്പോൾ 44 വയസുണ്ട്‌. ഇടഞ്ഞ അപ്പുവിന്റെ കൂടെ കൂടിയിട്ട്‌ ഒരാഴ്‌ചമാത്രേ ആയിട്ടുള്ളൂ. നേരത്തെ ഗംഗാപ്രസാദ് എന്ന ആനയുടെ കൂടെയായിരുന്നു. ആന വിരളുന്നതൊക്കെ നിത്യസംഭവം. വിരണ്ട ആനപ്പുറത്തിരിക്കുന്നത്‌ ഇത്‌ രണ്ടാംതവണ. ഒരിക്കൽ കൊല്ലത്തുവച്ച്‌ ഇതേ അനുഭവം ഉണ്ടായി. ഭയന്നാൽ ഈ ജോലി ചെയ്യാൻ പറ്റില്ലല്ലോ – രവീന്ദ്രൻ പറയുന്നു. 
ബുധനാഴ്‌ച രാവിലെ 11ഓടെ പത്തനംതിട്ട വാര്യാപുരം പൂക്കോട് സ്വദേശി മദനമോഹന്റെ വീട്ടിൽ തടിപിടിക്കാനായാണ് അപ്പുവെന്ന ആനയെ കൊണ്ടുവന്നത്. തടിമാറ്റുന്ന ജോലികൾക്കിടെ പെട്ടെന്ന് വിരണ്ടു. ആറുമണിക്കൂർ പ്രദേശത്ത്‌ പരിഭ്രാന്തി പരത്തി. പാപ്പാൻ രവീന്ദ്രൻ ആനപ്പുറത്തും. പിന്നീട്‌ വനംവകുപ്പ്‌ ദ്രുത കർമസേനയെത്തി തളക്കുകയായിരുന്നു. 
വീടിന്‌ ചുറ്റുമോടിയ ആന പാപ്പാനുമായി അര കിലോമീറ്ററിലധികം ദൂരം സഞ്ചരിച്ചു. സമീപത്തെ റബർ തോട്ടത്തിൽ നിലയുറപ്പിച്ചു. പാപ്പാൻമാർ പരാജയപ്പെട്ടതോടെ പൊലീസ് വനംവകുപ്പിന്റെ സഹായം തേടി. കൊല്ലത്തുനിന്ന് വനംവകുപ്പ് ദ്രുതകർമസേന സ്ഥലത്തെത്തി വൈകിട്ട്‌ അഞ്ചരയോടെ ക്യാപ്‌ചർ ബെൽറ്റിട്ട് തളച്ചു. ആറന്മുള പൊലീസ് ഏറെ പണിപ്പെട്ടാണ് നാട്ടുകാരെ നിയന്ത്രിച്ചത്. 
വാർഡംഗം ടി കെ സജി അറിയിച്ചതിനെ തുടർന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പ്രൊഫ. ടികെജി നായർ ആരോഗ്യമന്ത്രി വീണാ ജോർജിനെ വിവരമറിയിച്ചു. മന്ത്രിയുടെ നിർദേശപ്രകാരം തേക്കടിയിൽനിന്നും കൊല്ലത്തുനിന്നും ഉദ്യോഗസ്ഥരെത്തി. പത്തനംതിട്ട ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ ഗോപകുമാർ, പത്തനംതിട്ട സിഐ സുനിൽകുമാർ, റാന്നി ഫോറസ്റ്റ് ഓഫീസർ സി പി പ്രദീപ് എന്നിവർ സ്ഥലത്തെത്തിയ സംഘത്തിലുണ്ടായിരുന്നു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top