06 July Sunday
മൂലൂർ സ്മാരകത്തിൽ വേറിട്ട വിദ്യാരംഭം

അകലത്തിൽ അക്ഷരത്തോടടുത്ത്‌ കുരുന്നുകൾ

സ്വന്തം ലേഖകൻUpdated: Saturday Oct 16, 2021
 
കോഴഞ്ചേരി
കോവിഡ് ഭീതിക്കിടയിലും സുരക്ഷിതമായി ആദ്യക്ഷരം കുറിക്കാൻ മൂലൂർ സ്‌മാരകത്തിൽ കുട്ടികളും രക്ഷിതാക്കളുമെത്തി. സാഹിത്യത്തിലെ പ്രതിഭാശാലികൾ വിദ്യാരംഭത്തിന് നേതൃത്വം നൽകിയിരുന്ന അനശ്വര കവിയുടെ സ്മൃതി ഭൂമിയിൽ കോവിഡ് മൂലം പ്രത്യേക സംവിധാനമാണ് ഒരുക്കിയത്. രക്ഷിതാക്കൾ തന്നെയാണ് പിഞ്ചോമനകളെ ആദ്യാക്ഷരം കുറിപ്പിച്ചത്. രാവിലെ നടന്ന ലളിതമായ ചടങ്ങ് മൂലൂർ സ്മാരക സമിതി ചെയർമാൻ കെ സി രാജഗോപാലൻ ഉദ്ഘാടനം ചെയ്തു.
ശ്രീനാരായണ ഗുരുവിന്റെയും മുലൂരിന്റെയും ഓർമ നിലനിർത്തുന്ന പ്രത്യേകമുറിയോട് ചേർന്നായിരുന്നു ചടങ്ങുകൾ. കുട്ടികളുടെ അച്ഛനമ്മമാരോ കുടുബത്തിലെ മുതിർന്നവരോ വേണം എഴുത്തിനിരുത്താനെന്ന് മുൻകൂട്ടി അറിയിച്ചിരുന്നു. എത്തുന്നവർക്കാവശ്യമായ അരി നിറച്ച താലം സാമൂഹിക അകലം പാലിച്ച് ക്രമീകരിച്ചു. ഓരോ കുട്ടിയുടെയും എഴുത്ത്‌ കഴിയുമ്പോൾ അണുനശീകരണം നടത്തി. നൂറു ശതമാനം സുരക്ഷിതമായാണ് വിദ്യാരംഭം മൂലൂർ സ്മാരകത്തിൽ ഒരുക്കിയിരുന്നത്.
സ്മാരക സമിതി സെക്രട്ടറി ഡി പ്രസാദ്, മെഴുവേലി പഞ്ചായത്ത് പ്രസിഡന്റ പിങ്കി ശ്രീധർ, വൈസ് പ്രസിഡന്റ്‌ അനിലാ ചെറിയാൻ, ഡോ. കെ ബി സുരേഷ്, പഞ്ചായത്തംഗം വി വിനോദ് എന്നിവർ നേതൃത്വം നൽകി. എം കെ കുട്ടപ്പൻ, ചന്ദ്രമോഹൻ റാന്നി എന്നിവരുടെ നേതൃത്വത്തിൽ കാവ്യാർച്ചനയും ഉണ്ടായിരുന്നു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top