29 March Friday

ജാ​​ഗ്രത തുടരണം 
സുരക്ഷ സജ്ജം

വെബ് ഡെസ്‌ക്‌Updated: Monday May 16, 2022

മഴയെത്തുടർന്ന് പമ്പാനദിയിൽ ജലനിരപ്പ് ഉയർന്നപ്പോൾ. റാന്നി വലിയപാലത്തിൽനിന്നുള്ള ദൃശ്യം

പത്തനംതിട്ട
ജില്ലയിൽ ഞായറാഴ്ച ഓറഞ്ച് ജാ​​ഗ്രത   പ്രഖ്യാപിച്ചിരുന്നെങ്കിലും വ്യാപകമായി മഴ  പെയ്തില്ല. ചില പ്രദേശങ്ങളിൽ മാത്രമാണ് ശക്തമായ മഴ ലഭിച്ചത്. തിങ്കളാഴ്ചയും ജില്ലയിൽ ഓറഞ്ച് ജാ​ഗ്രത  പ്രഖ്യാപിച്ചിട്ടുണ്ട്. നദികളിൽ എവിടെയും ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടില്ല. എന്നാൽ വനപ്രദേശങ്ങളിൽ ശക്തമായ മഴ ലഭിക്കുന്നുണ്ട്.  അതിനാൽ നദീ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കലക്ടർ അഭ്യർഥിച്ചു. ശബരിമല  തീർഥാടനം  സു​ഗമമായി നടക്കുന്നു. പമ്പയിലെ ജലനിരപ്പ് സാധാരണപോലെ തുടരുന്നു. 
ശനിയാഴ്ച രാവിലെ എട്ടു മുതൽ ഞായറാഴ്ച രാവിലെ എട്ടരവരെയുള്ള 24 മണിക്കൂറിൽ   ജില്ലയിൽ  ശക്തമായ മഴയാണ് ലഭിച്ചത്. ശരാശരി 90 മില്ലി മീറ്റർ. കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ ജില്ലയിൽ  ഒരു ദിവസം ലഭിക്കുന്ന ഏറ്റവും കൂടുതൽ മഴയാണിത്.  അസാനി ചുഴലിക്കാറ്റിന്റെ പ്രഭാവത്തിലാണ്‌ മഴ ഇത്തരത്തിൽ ലഭിക്കുന്നതെന്നും  ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു വരികയാണെന്നും  കാലാവസ്ഥാ നിരീക്ഷണ അധികൃതർ പറഞ്ഞു. കാലവർഷം സംസ്ഥാനത്ത് 27ന്‌ അടുത്താകും തുടങ്ങുക. മഴ ശക്തമായാൽ സ്വീകരിക്കേണ്ട സുരക്ഷാ നടപടികൾ  സ്വീകരിച്ചു വരുന്നു. അത്യാവശ്യഘട്ടത്തിൽ സജ്ജീകരിക്കേണ്ട  ക്യാമ്പുകൾ സംബന്ധിച്ച്  എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്. 
താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ, - മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ട ഘട്ടങ്ങളിൽ പൂർണമായും കോവിഡ് മാനദണ്ഡം  പാലിക്കാൻ തയാറാവണം. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും, മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും  സുരക്ഷ  മുൻനിർത്തി മാറി താമസിക്കണം.  അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട്  തയാറെടുപ്പുകൾ നടത്തണം.  ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്‌.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top