20 April Saturday
റെയിൽവേയിൽ കരാർ നിയമനം

ഡിവൈഎഫ്‌ഐ മാർച്ച്‌ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Mar 16, 2023

 പത്തനംതിട്ട 

റെയിൽവേയിലെ കരാർ നിയമന നീക്കങ്ങളിൽ പ്രതിഷേധിച്ച്‌ ഡിവൈഎഫ്‌ഐ വ്യാഴാഴ്‌ച വൈകിട്ട്‌ 4ന്‌ തിരുവല്ല റെയിൽവേ സ്‌റ്റേഷൻ മാർച്ച്‌ നടത്തും. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ തൊഴിൽ ദാതാവായ ഇന്ത്യൻ റെയിൽവേയുടെ സ്വകാര്യവൽക്കരണത്തിന് ആക്കം കൂട്ടലാണ്‌ ഗേറ്റ് കീപ്പർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം. ദക്ഷിണ റെയിൽവേയിൽ 1847 ഗേറ്റ് കീപ്പർമാരെ നിയമിക്കാൻ ഉത്തരവിറങ്ങിക്കഴിഞ്ഞു. തിരുവനന്തപുരം ഡിവിഷനിൽ 381 പേരെയും പാലക്കാട് ഡിവിഷനിൽ 247 പേരെയും  കരാർ അടിസ്ഥാനത്തിൽ നിയമിക്കാനാണ് റെയിൽവേ ജനറൽ മാനേജർ ഉത്തരവിറക്കിയത്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യൻ റെയിൽവേയിൽ വലിയ രീതിയിലുള്ള നിയമനം നടക്കാൻ പോകുന്നുവെന്ന പ്രതീതി സൃഷ്ടിക്കാൻ വിവിധ വിഭാഗങ്ങളിലെ ഒഴിവുകളിലേക്ക് നിയമനങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. അതിന്റെ വൈദ്യപരിശോധന ഉൾപ്പെടെ പൂർത്തിയായി വരികയാണ്. എന്നാൽ നാല് വർഷമായി നിയമനം നടത്താതെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകരായ യുവജനങ്ങളെ നോക്കുകുത്തിയാക്കുകയാണ് റെയിൽവേ ചെയ്തിരിക്കുന്നത്. പരീക്ഷ എഴുതി നിയമനം കാത്തിരിക്കുന്നവരെ വിഡ്ഢികളാക്കി കൊണ്ട് നിലവിൽ ഗേറ്റ് കീപ്പർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിലൂടെ 900 തസ്തികകൾ ഇല്ലാതാവും. ഗേറ്റ് കീപ്പർമാരായി വിമുക്തഭടന്മാരെ  നിയമിക്കാനും വനിതകളെ പൂർണമായും ഈ ജോലിയിൽനിന്ന് ഒഴിവാക്കാനുമുള്ള ശ്രമമാണ് നടക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിച്ചും തൊഴിലുകൾ കരാർവൽക്കരിച്ചും രാജ്യത്തെ ചെറുപ്പക്കാരോട് കേന്ദ്രസർക്കാർ കൊടിയ വഞ്ചനയാണ്‌ കാണിക്കുന്നതെന്ന് ജില്ലാ സെക്രട്ടറി ബി നിസാം, ജില്ലാ പ്രസിഡന്റ് എം സി അനീഷ് കുമാർ എന്നിവർ പ്രസ്‌താവനയിൽ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top