20 April Saturday

മൂന്നാം ടേമും യുഡിഎഫിന്‌ 
അന്യമാകും: 
എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Wednesday Mar 15, 2023

 കോന്നി

നാൽപതിനായിരം കോടി രൂപയാണ്‌ കേന്ദ്ര സർക്കാർ മാർച്ച്‌ 31ന്‌ മുമ്പായി കേരളത്തിന്‌ നൽകേണ്ടതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ജില്ലയിലെ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്‌തിയായി അദാനിയേയും അംബാനിയേയും മാറ്റുകയാണ്‌ കേന്ദ്രസർക്കാരിന്റെ പ്രധാന ലക്ഷ്യം. എന്നാൽ ഏറ്റവും പിന്നണിയിൽ നിൽക്കുന്ന മനുഷ്യരെ മുന്നിലേക്ക്‌ പിടിച്ചുയർത്തുകയാണ്‌ കേരളത്തിന്റെ ലക്ഷ്യം. കേന്ദ്രം അദാനിയേയും അംബാനിയേയും ദത്തെടുത്തപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകുന്ന എൽഡിഎഫ്‌ സർക്കാർ അതിദരിദ്ര പട്ടികയിലുള്ള  64006 കുടുംബങ്ങളെയാണ്‌ ദത്തെടുത്തത്‌. ഇതാണ്‌ മൗലികമായ വ്യത്യാസം. മൂന്നാം ടേമും യുഡിഎഫിന്‌ അന്യമാകുമെന്ന്‌ മനസിലാക്കിയാണ്‌ അവർ കേരളത്തിന്റെ വികസനപ്രവർത്തനങ്ങൾക്ക്‌ തടസം നിക്കുന്നത്‌. ഒരു തുണ്ട്‌ ഭൂമിയില്ലാത്ത 33 കോടി ജനങ്ങളുണ്ട്‌ ഇന്ത്യയിൽ. മരത്തിന്റെ അടിയിലും പാലത്തിന്റെ അടിയിലുമാണ്‌ ഇവർ അന്തിയുറങ്ങുന്നത്‌. 
കേരളമാണ്‌ ഏറ്റവും സന്തോഷമുള്ള സംസ്ഥാനം. നെഗറ്റീവ്‌ ചിന്തകളിൽനിന്ന്‌ പോസിറ്റീവ്‌ കാര്യങ്ങളിലേക്ക്‌ നയിക്കാനാവുന്ന പ്രവർത്തനങ്ങൾ ഇവിടെ മാത്രമാണ്‌ നടക്കുന്നത്‌. യുവജനങ്ങൾക്കിടയിലെ തൊഴിലില്ലായ്‌മ 12.5 ശതമാനം ആയിരുന്നത്‌ 7.5 ആയി കുറഞ്ഞു. കെ–-റെയിൽ പോലുള്ള ക്രിയാത്മക പ്രവർത്തനങ്ങൾ വികസിതമായ നാടുകളിലൊന്നായി കേരളത്തെ മാറ്റും. കേരള മോഡൽ വികസനം പഠിക്കാൻ വിവിധ കോണുകളിൽ നിന്നാണ്‌ ആളുകൾ എത്തുന്നത്‌. 
സിപിഐ എമ്മിനെ സംബന്ധിച്ചിടത്തോളം അവസാനവാക്ക്‌ ജനങ്ങളുടേതാണ്‌. ഇത്‌ ജനവിരുദ്ധ നിലപാട്‌ സ്വീകരിക്കുന്ന പാർടിയല്ല. തെറ്റായ ഒരു പ്രവണതകളെയും ഈ പാർടി ന്യായീകരിക്കില്ല. തെറ്റുകളുണ്ടായാൽ തിരുത്തി മുന്നോട്ട്‌ പോവുകയും ചെയ്യും. 
രാജ്യത്തെ ഹിന്ദുത്വവൽക്കരിക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാനുള്ള ചരിത്രപരമായ ദൗത്യം കേരളത്തിനുണ്ടെന്നും ജനകീയ പ്രതിരോധജാഥയിൽ അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top