19 April Friday
പന്തളം നഗരസഭയിൽ സമരം

കൗൺസിൽ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 14, 2021
പന്തളം
പ്രതിപക്ഷ സമരത്തിൽ സ്തംഭിച്ച്‌ പന്തളം നഗരസഭ. നിയമപരമായ ചട്ടക്കൂടിൽ കൗൺസിൽയോഗം കൂടാനാവാതെ ഭരണസമിതി തലകുനിച്ചപ്പോൾ പ്രതിപക്ഷ സമരങ്ങൾക്ക് ജനപിന്തുണ ഏറുന്നു. പദ്ധതികൾ നടപ്പാക്കാതെ ജനങ്ങളെ വഞ്ചിക്കുന്ന, നാടിന് അപമാനമായ ബിജെപി ഭരണസമിതിക്കെതിരെ എൽഡിഎഫ് പ്രതിഷേധക്കൊടുങ്കാറ്റാണ്‌ അഴിച്ചുവിട്ടത്‌. 
സാമ്പത്തികവർഷം അവസാനിക്കുംമുമ്പ്‌ ബജറ്റ് പാസാക്കാതിരുന്ന നഗരസഭാ കൗൺസിൽ പിരിച്ചുവിടാൻ സെക്രട്ടറി സർക്കാരിനോട് അഭ്യർഥിച്ചശേഷം തിങ്കളാഴ്ച രാവിലെ വിളിച്ചുചേർത്ത കൗൺസിൽ യോഗത്തിലാണ് സമര വേലിയേറ്റമുണ്ടായത്. ബിജെപി അംഗങ്ങളുമായി എൽഡിഎഫ്‌, യുഡിഎഫ്‌ അംഗങ്ങൾ ഒന്നര മണിക്കൂറോളം വാഗ്വാദത്തിലേർപ്പെട്ടു. കൗൺസിൽ യോഗത്തിന്‌ നിയമസാധുത ഇല്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ കൗൺസിലർമാർ കൗൺസിൽ ഹാളിന്റെ നടുത്തളത്തിലിറങ്ങി. ഇതിനിടെ കൗൺസിൽ ചേരാൻ നിയമപരമായി കഴിയില്ലെന്ന് സെക്രട്ടറിയുടെ ചുമതല ഉണ്ടായിരുന്ന റവന്യൂ ഇൻസ്പെക്ടർ ബിജു മാത്യു  അറിയിച്ചതോടെ പ്രതിഷേധം കൂടുതൽ രൂക്ഷമായി. ബഹളം രണ്ടു മണിക്കൂർ പിന്നിട്ടതോടെ അജണ്ടകൾ പാസാക്കുന്നതായി അറിയിച്ച് ചെയർപേഴ്സൻ സുശീലാ സന്തോഷ് യോഗം അവസാനിപ്പിച്ചു. ഇതോടെ പ്രതിഷേധം നഗരസഭാ കാര്യാലയത്തിന് മുന്നിലേക്ക് നീങ്ങി. എൽഡിഎഫും യുഡിഎഫും വെവ്വേറെ കുത്തിയിരിപ്പുസമരം നടത്തി.
എൽഡിഎഫ് കൗൺസിലർമാരുടെ സമരത്തിന്‌ സിപിഐ എം പന്തളം ഏരിയാ ആക്ടിങ്‌ സെക്രട്ടറി ആർ ജ്യോതികുമാർ നേതൃത്വം നൽകി. പാർലമെന്ററി പാർടി ലീഡർ ലസിതാ നായർ, സിപിഐ എം ഏരിയാകമ്മിറ്റി അംഗങ്ങളായ വി പി രാജേശ്വരൻ, ഇ ഫസൽ, എച്ച് നവാസ്, ഷോപ്പ്സ് ആൻഡ്‌ എസ്റ്റാബ്ലിഷ്‌‌മെന്റ്‌ വർക്കേഴ്‌സ്‌ യൂണിയൻ ഏരിയാ സെക്രട്ടറി എസ് കൃഷ്ണകുമാർ, റഹ്മത്തുള്ളാ ഖാൻ എന്നിവർ സംസാരിച്ചു. കൗൺസിലർമാരായ രാജേഷ്‌‌കുമാർ, ഷെഫിൻ റെജീബ്‌ ഖാൻ, എച്ച് സക്കീർ , ടി കെ സതി, അംബികാ രാജേഷ്, അജിതകുമാരി , ശോഭനാകുമാരി, എസ് അരുൺ എന്നിവർ സമരത്തിന് നേതൃത്വംനൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top