25 April Thursday
കരുതലിന്റെ ആ കരങ്ങളിനിയില്ല

തേങ്ങലടങ്ങാതെ കൊടുമൺ

വെബ് ഡെസ്‌ക്‌Updated: Monday Sep 14, 2020

 പത്തനംതിട്ട

കഴിഞ്ഞ തിരുവോണ നാളിലും തന്റെ കടമ നിറവേറ്റിയാണ്‌ ദിലീപിന്റെ വിടവാങ്ങൽ. ഡിവൈഎഫ്‌ഐയുടെ ‘ഹൃദയപൂർവം’ പദ്ധതി പ്രകാരം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നൽകുന്ന ഭക്ഷണപ്പൊതി വിതരണം തിരുവോണത്തിന്‌ കൊടുൺ മേഖല കമ്മിറ്റിയായിരുന്നു. മേഖല സെക്രട്ടറിയായ ദിലീപിന്റെ നേതൃത്വത്തിലാണ്‌ ആ ദിവസം ഭക്ഷണമെത്തിച്ചത്‌. കോവിഡ്‌ കാലത്തെ പ്രതിസന്ധി നിറഞ്ഞ അവസ്ഥയൊന്നും പ്രശ്‌നമായില്ല. തിരുവോണനാളിൽ വെഞ്ഞാറംമൂട്ടിൽ രണ്ട്‌ ഡിവൈഎഫ്‌ഐ പ്രവർത്തകർ കൊലക്കത്തിക്ക്‌ ഇരയായി ജീവനറ്റുപോയ വേദനയും ദിലീപിനെയും പ്രവർത്തകരെയും തളർത്തിയില്ല. പായസും ഉൾപ്പെടെ സമൃദ്ധമായ ഭക്ഷണം. പ്രവർത്തകരോടൊപ്പം പ്രദേശത്തെ വീടുകളിൽനിന്ന്‌ ശേഖരിച്ച ഭക്ഷണപ്പൊതികൾ തന്റെ ജീപ്പിൽ കൃത്യസമയത്ത്‌ ദിലീപ്‌ എത്തിച്ചു. ജനറൽ ആശുപത്രിയിൽ എത്തിയപ്പോൾ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയും പ്രസിഡന്റും മറ്റ്‌ നേതാക്കളും ഉണ്ടായിരുന്നു. അവരൊടൊപ്പം ഓണദിവസത്തെ ഭക്ഷണ വിതരണ ചടങ്ങിൽ പങ്കെടുത്തു. എല്ലാവർക്കും ഭക്ഷണം കിട്ടിയെന്ന്‌ ഉറപ്പാക്കിയാണ്‌ മടങ്ങിയത്‌.
കൊടുമണിലെ പുഞ്ചയിൽ നെൽകൃഷിക്കായി നിലമൊരുക്കുമ്പോൾ ട്രാക്ടിന്‌ അടിയിൽപ്പെട്ടാണ്‌ ദിലീപ്‌ മരിച്ചത്‌. ഇന്നലെ പകൽ മൂന്നരയായി  സമയം. ദിലീപ് ഓടിച്ച ട്രാക്ടർ ചെളിയിൽ പുതയുകയും മുന്നോട്ട്‌ എടുക്കുന്നതിനിടെ മറിയുകയുമായിരുന്നു. ട്രാക്ടറിന്റെ ഇരുമ്പ്‌ ചക്രത്തിന്റെ അടിയിൽപ്പെട്ട്‌ ചെളിയിൽ മുങ്ങിപ്പോയി. കൂടെയുള്ളവർ ഓടിയെത്തി ശ്രമിച്ചിട്ടും ട്രാക്ടർ ഉയർത്താനായില്ല. പിന്നീട്‌ ഫയർഫോഴ്സെത്തിയപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടു. പഞ്ചായത്ത് കാർഷിക കർമസേനയുടെ കോ-ഓർഡിനേറ്ററുമായിരുന്നു.  വ്യത്യസ്ത സേവന മേഖലകളിൽ ഒരുപോലെ ഇടപെടുന്ന വ്യക്തിത്വം. കൃഷിയിലേക്ക്‌ സ്വമേധയ കടന്നുവന്ന്‌ തൊഴിൽ രഹിതരായ ചെറുപ്പക്കാരെയും സംഘടിപ്പിച്ച് കർമസേന രൂപീകരിച്ചു. കോവിഡ് മഹാമാരിയുടെ തുടക്കത്തിൽ സ്വന്തം വീട്‌ സാമൂഹ്യ അടുക്കളയാക്കി മാറ്റി.
 സിപിഐ എം സ്‌റ്റേഡിയം ബ്രാഞ്ച് അംഗമായ ദിലീപിന്റെ മരണ വാർത്തയറിഞ്ഞ് പാർടി നേതാക്കൾ വീട്ടിലും ആശുപത്രിയിലുമെത്തി. സംസ്ഥാന കമ്മിറ്റിയംഗം ആർ ഉണ്ണികൃഷ്ണപിള്ള, ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, കൊടുമൺ ഏരിയ സെക്രട്ടറി എ എൻ സലീം, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ കെ ശ്രീധരൻ, ആർ തുളസീധരൻപിള്ള എന്നിവർ സ്ഥലത്തെത്തി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top