16 October Thursday

കളിക്കളത്തോട് സ്‌നേഹവും കളിക്കാരോട് ആദരവും ഉറപ്പാക്കണം: മന്ത്രി പി പ്രസാദ്

വെബ് ഡെസ്‌ക്‌Updated: Friday Jan 14, 2022

 പത്തനംതിട്ട

കളിക്കളത്തോട് സ്‌നേഹവും കളിക്കാരോട് ആദരവും ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെയും സര്‍ക്കാരിന്റേയും ഉത്തരവാദിത്തമാണെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. ജില്ലാ ഒളിമ്പിക്‌സ് കായികമേള ജില്ലാ സ്റ്റേഡിയത്തില്‍ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കളിക്കളത്തോട് സ്‌നേഹവും കളിക്കാരോട് ആദരവുമുള്ള ജനത രൂപപ്പെട്ടു വന്നാല്‍ മാത്രമേ കായികപരമായി നമുക്ക് മുന്നേറ്റം കുറിച്ചുവെന്ന് പറയാനാകൂ.  കോവിഡ് കാലത്തും ശാരീരിക, മാനസിക തളര്‍ച്ചയെ ഒഴിവാക്കുക എന്ന ചിന്തയിലുള്ള കേരളത്തിന്റെ പുത്തന്‍ മാതൃകയാണ് ഒളിമ്പിക്‌സ് കായിക മേളയെന്നും മന്ത്രി പറഞ്ഞു.
കോവിഡ് മഹാമാരിയില്‍നിന്നും കായിക കേരളത്തെ പുത്തനുണര്‍വിലേക്ക് നയിക്കുകയാണ് ഒളിമ്പിക് കായികമേളയുടെ ലക്ഷ്യം. 24 കായിക ഇനങ്ങളിലായി ജില്ലയിലെ വിവിധ ഭാഗങ്ങളിലെ മത്സരവേദികളില്‍ 5000 ല്‍ അധികം കായികതാരങ്ങളാണ് പങ്കെടുക്കുന്നത്.
പ്രഥമ ഒളിമ്പിക്‌സ് കായികമേളയുടെ ഭാഗമായി പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ജങ്‌ഷനില്‍നിന്ന് ജില്ലാ സ്റ്റേഡിയത്തിലേക്ക് വിളംബര റാലിയും സംഘടിപ്പിച്ചു. ഇന്റര്‍നാഷണല്‍ ഫെന്‍സിങ്‌ മെഡൽ ജേതാവ്‌ അഖില അനില്‍, റോളര്‍ സ്‌കേറ്റിങ്‌ വേള്‍ഡ് ചാംമ്പ്യന്‍ അഭിജിത്ത് അമല്‍ രാജ്, ചെസ് ഫെഡറേഷന്‍ ഫെഡേ റേറ്റിംഗില്‍ യോഗ്യത നേടിയ ആദില്‍ പ്രസന്നന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കോവിഡ് കാലത്ത് മികച്ച രീതിയില്‍ സാമൂഹിക അടുക്കള നടത്തിയതിന് സ്‌പോർട്‌സ് കൗണ്‍സില്‍ പ്രസിഡന്റിനേയും ആദരിച്ചു.
ജില്ലാ ഒളിംപിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ  പ്രകാശ് ബാബു അധ്യക്ഷനായി. ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ അനില്‍കുമാര്‍, കായിക താരങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top