27 April Saturday

ഇനി ജീവിക്കുന്ന രക്തസാക്ഷി കുമാരനില്ല..

വെബ് ഡെസ്‌ക്‌Updated: Thursday Jan 14, 2021
പന്തളം 
പന്തളം സമരത്തിന്റെ ഒളിമങ്ങാത്ത ഓർമകളുമായി ഇനി ജീവിക്കുന്ന രക്തസാക്ഷി കുമാരനില്ല.....
നിറതോക്കിന്റെ ഗർജനത്തിന് ജീവിതം കൊണ്ട് മറുപടി നൽകി വെടിയുണ്ട തളർത്തിയ കാലും, തളരാത്ത മനസുമായി തുമ്പമൺ കോട്ടാണി കോളനിയുടെ തിണ്ണയിലിരുന്ന് പാർടി പ്രവർത്തകർക്ക് ഒളിമങ്ങാത്ത ഓർമകളുടെ  ചെഞ്ചോരച്ചെപ്പുകൾ സമ്മാനിച്ച,  ജീവിച്ചിരുന്ന രക്തസാക്ഷി കുമാരൻ ഇനി  ഓർമകളിൽ നിറയും.
 ഭക്ഷ്യക്ഷാമത്തിനെതിരെ 1973 ആഗസ്‌ത്‌ 2 ന് പന്തളത്ത് സിപിഐ എം നേതൃത്വത്തിൽ നടന്ന ഐതിഹാസിക സമരത്തിന് നേരെ പൊലീസ് നടത്തിയ കിരാതമായ വെടിവെപ്പിലെ ജീവിക്കുന്ന രക്തസാക്ഷിയായിരുന്നു നാട്ടുകാരുടെയും പാർടി പ്രവർത്തകരുടെയും  കുമാരൻ സഖാവ്. രാജ്യത്തും കേരളത്തിലാകമാനവും ഉണ്ടായ പട്ടിണിക്കിടെ കേന്ദ്ര, - കേരള സർക്കാരുകൾ റേഷൻ വെട്ടിക്കുറച്ചപ്പോൾ 12 ഔൺസ് റേഷനു വേണ്ടി നടന്ന  സമരത്തിനിടെയാണ് കോൺഗ്രസ് സർക്കാരിന്റെ പൊലിസ് പന്തളത്തെ സമരഭടന്മാരുടെ നേരെ നിർദാക്ഷണ്യം ലാത്തിച്ചാർജ്‌ നടത്തി വെടിയുതിർത്തത്. നിരവധി പേർക്ക് പരിക്കേറ്റ സംഭവത്തിൽ വെടിയേറ്റ ഭാനുവും നാരായണപിള്ളയും അന്ന് രക്തസാക്ഷികളായി. പന്തളം ആ രക്തസാക്ഷി സ്മരണകൾ തുളുമ്പുന്ന നാടായി പിന്നീട് മാറി. അന്ന് വെടിയേറ്റ നാണു പിന്നീട് കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. 
എന്നാൽ ജീവിക്കുന്ന രക്തസാക്ഷിയായി, പാർട്ടി പ്രവർത്തകരുടെ ചോരാത്ത ആവേശമായി കുമാരൻ നിറഞ്ഞ്നിന്നു. പന്തളം രക്തസാക്ഷി സ്മരണാ വേളയിൽ പ്രായാധിക്യത്തിലും മുഷ്ടി ചുരുട്ടി ബലപ്പെടുത്തിയുയർത്തി ഇൻക്വിലാബുകൾക്ക് ശക്തി പകർന്ന കുമാരനാണ് ഇന്ന് ദീപ്തമായൊരു സ്മരണയായി മാറിയത്. ബുധനാഴ്ച വൈകിട്ട് കോട്ടാണി കോളനിയിലെ വസതിയിലായിരുന്നു അന്ത്യം.
 73  ആഗസ്‌ത്‌ 2ന് തുമ്പമൺ  മുട്ടം കോളനിയിൽ നിന്ന് മൺമറഞ്ഞ സിപിഐ എം നേതാവ് പി കെ കുമാരനൊപ്പമാണ് കുമാരൻ സമരമുഖത്തേക്ക് എത്തിയത്. വെടിവെപ്പിൽ രക്തസാക്ഷികളായ ഭാനുവിനെയും നാരായണപിള്ളയെയും  പരിക്കേറ്റ നാണുവിനെയും കുമാരനെയും  നേതൃത്വം നൽകിയ പി കെ കുമാരനെയും പൊലീസ് അന്ന്  3 മുതൽ 6 വരെയുള്ള പ്രതികളാക്കി. ടി കെ ദാനിയലും, ടി എസ് രാഘവൻപിളളയുമായിരുന്നു ഒന്നും രണ്ടും പ്രതികൾ. ജയിൽ വാസത്തിന് ശേഷവും പാർട്ടിയുടെ ആവേശത്താളത്തിൽ ഒഴുകിയ കുമാരൻ ഇടക്കാലത്ത് ജോലി സംബന്ധമായി ഇലന്തൂരിനടുത്തായിരുന്നു താമസം. പിന്നിട് തുമ്പമൺ കോട്ടാണി കോളനിയിൽ എത്തി. പ്രായാധിക്യം തളർത്തിയിട്ടും പന്തളം രക്തസാക്ഷി ദിനാചരണ വേളയിൽ മുടിയൂർക്കോണത്തെ രക്തസാക്ഷി മണ്ഡപത്തിലും പന്തളത്തെ സമ്മേളന വേദിയിലും കുമാരൻ എത്തിയിരുന്നു. 
ഇനി   പന്തളം ജനാവലിയും പാർടി പ്രവർത്തകരും അവരുടെ  സ്മരണകളിലെ ജ്വലിക്കുന്ന രക്തസാക്ഷികൾക്കൊപ്പം അണയാത്ത ദീപമായി കുമാരനെയും ചേർത്ത് നിർത്തും. കുമാരന്റെ സംസ്‌കാരം വ്യാഴാഴ്ച പകൽ 12ന് മുട്ടംകോളനി ശ്‌മശാനത്തിൽ നടക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top