20 April Saturday

പ്രകാശം പരത്താൻ 
ഇരവിപേരൂർ കുടുംബശ്രീ

ബ്ലസൻ രാജുUpdated: Monday Oct 11, 2021
ഇരവിപേരൂർ
നാടിന്റെ വിളക്കും പ്രകാശവുമാകാൻ കുടുംബശ്രീ. കോവിഡ്കാലത്തു തൊഴിൽ നഷ്ടപ്പെട്ട 35 കുടുംബശ്രീ പ്രവർത്തകർ എൽഇഡി ബൾബ് നിർമാണത്തിൽ 10 ദിവസത്തെ പരിശീലനം പൂർത്തിയാക്കി. ആറ്‌ അംഗങ്ങൾ വീതമുള്ള മൈക്രോ യൂണിറ്റുകൾ രൂപീകരിച്ച്‌ നിർമാണം തുടങ്ങും.
എൽഇഡി ബൾബ്, ട്യൂബ്‌ ലൈറ്റ്, തെരുവുവിളക്ക്, പാനൽ ലൈറ്റ് എന്നിവയാണ് നിർമിക്കുന്നത്. ഡൽഹിയിൽനിന്ന്‌ നിർമാണഘടകങ്ങൾ വാങ്ങി യൂണിറ്റിലെത്തിച്ച്‌ സംയോജിപ്പിച്ചാണ് നിർമ്മാണം. ആറു മാസം മുതൽ രണ്ടു വർഷം വരെ വാറണ്ടി നൽകും. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്കിൽ എക്സ്റ്റൻഷൻ ട്രെയിനിങ് (ഐഎസ്ഇടി)ആണ്  പരിശീലനം നൽകിയത്. കുടുംബശ്രീ ജില്ലാ മിഷൻ ചെയർമാൻ എ മണികണ്ഠൻ നേതൃത്വം നൽകി.യൂണിറ്റ് തുടങ്ങുന്നതിന്‌ ആവശ്യമായ 25,000 രൂപ ഓരോ സംഘവും വായ്പയെടുക്കും. ആറു മാസം  വിജയകരമായി പ്രവർത്തിച്ചാൽ വിപുലീകരണത്തിന് ആവശ്യമായ തുക കുടുംബശ്രീ ജില്ലാ മിഷനിൽനിന്ന് ലഭിക്കും. ദിവസം ഒരാൾക്ക് 50 ബൾബ് വരെ  നിർമിക്കാൻ കഴിയും. സാധാരണ  ബൾബിന്‌ 40 രൂപയോളം ചെലവുവരും. ആദ്യഘട്ടത്തിൽ ബൾബ് നിർമാണത്തിന് ചെറിയ യന്ത്രങ്ങളാണ് ഉപയോഗിക്കുക. ഓട്ടോമാറ്റിക് യന്ത്രങ്ങൾക്ക് വലിയ വില ആയതിനാൽ ചെറിയ യൂണിറ്റുകൾക്ക് താങ്ങാനാവില്ല.
കുടുംബശ്രീ നിർമിക്കുന്ന ബൾബുകൾ പഞ്ചായത്ത്‌ വാങ്ങും. തെരുവുവിളക്കുകൾ ഉൾപ്പെടെ പഞ്ചയത്തിന്റെ ആവശ്യങ്ങൾക്ക് ഇനി ഇവയാകും ഉപയോഗിക്കുന്നതെന്ന്‌ പ്രസിഡന്റ്‌ കെ ബി ശശിധരൻപിള്ള പറഞ്ഞു. പട്ടികജാതി കുടുംബങ്ങൾക്ക് ബൾബുകൾ സൗജന്യമായി നൽകാനുള്ള  പദ്ധതി  നടപ്പാക്കുമ്പോഴും ഇവയാണ് പരിഗണിക്കുക. ബൾബുകൾ കുടുംബശ്രീയുടെ ബ്രാൻഡഡ് ഉൽപ്പന്നമായി  മാറ്റാനും പദ്ധതിയുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top