26 April Friday

കടലിരമ്പം പോലെ അവരാർത്തലച്ചെത്തി

വെബ് ഡെസ്‌ക്‌Updated: Thursday Aug 11, 2022
ആറൻമുള
ക്ഷേത്രപ്രവേശന വിളംബരത്തിനും ഒരു വ്യാഴവട്ടം മുൻപ്, 1924–-ൽ നടന്ന  ചെങ്ങന്നൂർ ക്ഷേത്രപ്രവേശനവും സ്വാതന്ത്ര്യസമരത്തിന്റെ തുടിക്കുന്ന ഏട്. മലയാള വർഷം 1099 കുംഭത്തിലെ ശിവരാത്രി നാളായിരുന്ന അത്‌. അവർണർക്ക് സഞ്ചാരം നിഷിദ്ധമായിരുന്ന പാതകൾ ചവുട്ടിമെതിച്ചാണ്‌ അവരെത്തിയത്‌. ചെങ്ങന്നൂർ മഹാദേവ ക്ഷേത്രകവാടം മലർക്കെ അവർ തുറന്നു. അയ്യായിരത്തോളം പുലയസമുദായ അംഗങ്ങളാണ് പടനായകൻ കുറുമ്പൻ ദൈവത്താന്റെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ പ്രവേശിച്ചത്. 
ശ്രീമൂലം പ്രജാസഭാംഗമായിരുന്ന കറുമ്പൻ ദൈവത്താൻ സുഹൃത്തായ അഡ്വ. കല്ലൂർ നാരായണപിള്ളയുടെയും നായർ സമുദായത്തിലെ ചില വ്യക്‌തികളുടെയും സഹായത്തോടെയാണ് സാഹസത്തിന് മുതിർന്നത്.  1099 വൃശ്ചികം ഒൻപതിന് കല്ലൂർ വക്കീലിൻ്റെ ഓഫീസിലെത്തിയ ദൈവത്താൻ "ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിൽ കയറി ഒന്നു തൊഴണം' എന്ന ആഗ്രഹം പറഞ്ഞു.  കല്ലൂർ സഹപ്രവർത്തകനായ അഡ്വ.വെള്ളൂർ ഗോവിന്ദൻ നായരെ കൂട്ടി ദൈവത്താനെ ക്ഷേത്രത്തിലേയ്ക്ക് പറഞ്ഞു വിട്ടു.
സവർണ ഹിന്ദുക്കൾ മാത്രം താമസിക്കുന്ന ഇടത്തെ വഴിയിലൂടെയായിരുന്നു നടത്തം. മനസ്സുനിറയെ ഭീതിയെങ്കിലും പുറത്തു കാണിച്ചില്ല. ക്ഷേത്രത്തിൽ എത്തി തൊഴുതു. ശ്രീകാര്യത്തിന്റെ കൈയിൽ വഴിപാടിന് ഒരുരൂപ നൽകി രസീതും പ്രസാദവും വാങ്ങിയാണ് തിരിച്ചു പോന്നത്. പ്രജാസഭ മെമ്പറുടെ പ്രൗഢിയും വസ്ത്രധാരണവുമായിരുന്നതുകൊണ്ട് മറ്റാരും ഇത് ശ്രദ്ധിച്ചില്ല. ഈ സംഭവം ദൈവത്താനെ ഇരുത്തി ചിന്തിപ്പിച്ചു.താൻ കയറിയ ക്ഷേത്രത്തിൽ തന്റെ ജാതിക്കാരെയും കയറ്റണം. അദ്ദേഹം ദൃഢനിഛയം ചെയ്തു. വിവരം കല്ലൂരുമായി പങ്കുവെച്ചു. അദ്ദേഹം സഹായിക്കാമെന്ന് ഏറ്റു. പൊലീസ് ഇൻസ്പക്ടർ നാരായണൻ, ആറ്റുകാൽ നീലകണ്ഠപിള്ള തുടങ്ങിയവർ സഹായത്തിനെത്തി. 
1099 കുംഭത്തിലെ ശിവരാത്രി നാൾ ഉച്ചകഴിഞ്ഞ് ആറൻമുള, കിടങ്ങന്നൂർ, ഇടയാറന്മുള, മാലക്കര, തോട്ടപ്പുഴശ്ശേരി, പുത്തൻകാവ് പ്രദേശങ്ങളിൽ നിന്നുള്ള അയ്യായിരത്തോളം പുലയ സമുദായ അംഗങ്ങളാണ് ഘോഷയാത്രയിൽ അണിനിരന്നത്. കല്ലൂരിന്റെ വക്കീൽ ഓഫീസിന്‌ മുന്നിൽ നിന്നായിരുന്നു തുടക്കം.ഘോഷയാത്രയിൽ കെട്ടുകാള, കോലടി, കമ്പടി, വാദ്യഘോഷങ്ങൾ തുടങ്ങിയവയും ഉണ്ടായിരുന്നു. ഘോഷയാത്ര ക്ഷേത്രത്തിലെത്തിയതോടെ ദീപാരാധനക്കെത്തിയ സമ്പർണ സ്ത്രീകൾ അലമുറയിട്ട് നാലുപാടും പാഞ്ഞു. ക്ഷേത്ര മുറ്റത്തെത്തിയതോടെ  ഗോപുര വാതിലുകൾ സവർണ കിങ്കരൻന്മാർ പൂട്ടി.  ഉടനെ കല്ലൂരും മറ്റു സുഹൃത്തുക്കളും സ്ഥലത്തെത്തി. ആർത്തലച്ചെത്തിയ ജനക്കൂട്ടം സവർണ മനസ്സിൽ ഭീതി പരത്തി. മധ്യസ്ഥ ചർച്ചകൾ ഫലം കണ്ടു. അങ്ങനെയാണ് ഒരുതുള്ളി രക്തം ചിന്താതെ ചെങ്ങന്നൂരിൽ ക്ഷേത്രപ്രവേശനം സാധ്യമായത്. ഇതേ മാതൃകയിൽ 1925 ലെ ശിവരാത്രി നാൾ ആറൻമുള ക്ഷേത്രത്തിലേയ്ക്കും മാർച്ചുനടത്തിയതായി ദൈവത്താൻ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ആരാധനാ സ്വാതന്ത്രൃ നിഷേധത്തിനെതിരെ നടന്ന ഈ സമരം പക്ഷേ സ്വാതന്ത്യ സമരത്തിന്റെ പട്ടികയിൽ ഇടം പിടിച്ചില്ല.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top