25 April Thursday

ശബരിഗിരിയിൽ ഓറഞ്ച് അലർട്ട്

വെബ് ഡെസ്‌ക്‌Updated: Sunday Oct 10, 2021

മൂഴിയാർ ഡാമിന്റെ ഷട്ടറുകൾ തുറന്ന നിലയിൽ

 
ചിറ്റാർ
ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ. സംഭരണികളിൽ ജലനിരപ്പ് വലിയതോതിൽ ഉയർന്നു. ശനിയാഴ്ചത്തെ കണക്കുപ്രകാരം 83.48 ശതമാനമാണ് സംഭരണിയിലെ ജലനിരപ്പ്. കഴിഞ്ഞവർഷം കക്കിയിൽ 81.05  ശതമാനമാണ് ജലനിരപ്പ്. സംഭരണിയിൽ പരമാവധി നിലനിർത്താവുന്നതിന്റെ അടുത്ത് എത്തിയിരിക്കുകയാണ് ജലനിരപ്പ്. പദ്ധതി സംഭരണികളിൽ ജലനിരപ്പ് 80 ശതമാനം കഴിയുന്നതോടെ അതീവജാഗ്രത പുലർത്തി മുന്നറിയിപ്പ് നൽകും. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ശനിയാഴ്ച രാവിലെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
     പ്രധാന സംഭരണിയായ കക്കി –-- ആനത്തോട് ഡാമിൽ 977.04 മീറ്റർ വെള്ളമാണുള്ളത്. സംഭരണിയുടെ പരമാവധി ശേഷി 981.456 മീറ്ററാണ്. ഉപസംഭരണിയായ പമ്പാ ഡാമിൽ 978.05 മീറ്ററാണ് ജലനിരപ്പ്. ഈ ഡാമിന്റെ പരമാവധി ശേഷി 986.332 മീറ്ററാണ്. കഴിഞ്ഞ ദിവസം മാത്രം 11.694 മില്യൺ യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളമാണ് ശബരിഗിരി  സംഭരണികളിലേക്ക് ഒഴുകിയെത്തിയത്.ശനിയാഴ്‌ച കക്കിയാൽ 107ഉം പമ്പയിൽ 84ഉം മൂഴിയാറിൽ 88 മില്ലി മീറ്ററും മഴ ലഭിച്ചു. സമീപ ദിവസങ്ങളിലെല്ലാം ഏറെക്കുറെ സമാനമായ അളവിലാണ് മഴ ലഭിച്ചത്. കക്കി–--ആനത്തോട് റിസര്‍വോയറിന്റെ നീല, ഓറഞ്ച്, ചുവപ്പ് മുന്നറിയിപ്പുകള്‍ പ്രഖ്യാപിക്കുന്നത് ജലനിരപ്പ് യഥാക്രമം 974.4 മീറ്റര്‍, 975.4 മീറ്റര്‍, 975.9 മീറ്റര്‍ എന്നിവയില്‍ എത്തിച്ചേരുമ്പോഴാണ്.ശനിയാഴ്ച രാവിലെ 977.04 മീറ്ററിൽ എത്തിയതിനാലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിച്ചത്. മഴ കൂടുതൽ കനത്താൽ വളരെ പെട്ടെന്നുതന്നെ നിയന്ത്രണരേഖയിൽ വെള്ളമെത്തുമെന്ന് വൈദ്യുതി ബോർഡ് അധികൃതർ അറിയിച്ചു. എങ്കിലും ഏത് അടിയന്തരസാഹചര്യവും നേരിടുന്നതിനുള്ള ഒരുക്കം  വൈദ്യുതിബോർഡ് സജ്ജമാക്കിയിട്ടുണ്ട്.
     ശബരിഗിരിയുടെ അനുബന്ധ പദ്ധതിയായ കക്കാട് ജലവൈദ്യുത പദ്ധതിയുടെ മൂഴിയാർ ഡാമിൽനിന്ന് കൂടുതൽ അളവിൽ വെള്ളം തുറന്നുവിട്ടുകൊണ്ടിരിക്കുകയാണ്. വനത്തിനുള്ളിൽനിന്ന് ഡാമുകളിലേക്ക് ഒഴുകിയെത്തുന്ന നദികളെല്ലാം ജലസമൃദ്ധമാണെന്ന് വനപാലകർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top