25 April Thursday
തൊഴിലുറപ്പ് തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്

തൊഴില്‍ ഇല്ലാതാകും

വെബ് ഡെസ്‌ക്‌Updated: Tuesday Aug 9, 2022
പത്തനംതിട്ട
ന​ഗര, ​ഗ്രാമ വ്യത്യാസമില്ലാതെ നാടിന്റെ വികസനവും തൊഴിൽ ലഭ്യതയും ഉറപ്പാക്കുന്ന തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കുന്ന കേന്ദ്രസർക്കാരിനെതിരെ ശക്തമായ പ്രക്ഷോഭത്തിലേക്ക് തൊഴിലാളികൾ  നീങ്ങുന്നു. പാർലമെന്റിനെ പോലും നോക്കുകുത്തിയാക്കി വികസനവിരുദ്ധ, തൊഴിലാളി വിരുദ്ധ നിലപാടിനെതിരെയാണ് പ്രക്ഷോഭം. 
ജില്ലയിൽ മികച്ച രീതിയിലാണ് തൊഴിലുറപ്പ് മേഖല നടന്നു വരുന്നത്. എൽഡിഎഫ് നേതൃത്വത്തിലാണ് ജില്ലയിലെ ഭൂരിപ​ക്ഷ തദ്ദേശ സ്ഥാപനങ്ങളും.  ഓരോ വർഷവും കൂടുതൽ കുടുംബങ്ങൾക്ക് തൊഴിലവസവരം  ലഭ്യമാക്കാനാണ് തദ്ദേശ സ്ഥാപനങ്ങൾ ശ്രമിക്കുന്നത്. ​ഗ്രാമീണ മേഖലയുടെ സമ്പദ് വ്യവസ്ഥയ്ക്കും   ഇത് ഏറെ ​ഗുണം ചെയ്തു. ഇതാണ് ബിജെപി  തകർക്കുന്നത്. 
നിലവിൽ ജില്ലയിൽ വേതന   കുടിശ്ശികയില്ല. മെറ്റീരിയൽ ഇനത്തിൽ 11.50 കോടി രൂപ അടുത്തിടെ ലഭിച്ചു. രണ്ടു കോടി കൂടി കിട്ടാനുണ്ട്. അതും താമസിയാതെ ലഭിക്കും. നടപ്പു വർഷം കുറഞ്ഞ കാലയളവിനുള്ളിൽ 45,957 കുടുംബങ്ങൾക്ക്  ജോലി ലഭ്യമാക്കി. 9,94,465 തൊഴിൽ ദിനങ്ങളും സൃഷ്ടിച്ചു. ശരാശരി 21.64 തൊഴിൽ ദിനം. എസ്ടി വിഭാ​ഗത്തിൽ  710 കുടുംബങ്ങൾക്ക്  ജോലി ലഭിച്ചു.  
കഴിഞ്ഞ സാമ്പത്തിക വർഷം കൂലിയിനത്തിൽ ഈ മേഖലയിൽ ജില്ലയിൽ വിതരണം ചെയ്തത് 112.66 കോടി രൂപ. 38,62333  തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചു.  16,053 കുടുംബങ്ങൾ 100 ദിനം തികച്ചു. ശരാശരി തൊഴിൽ ദിനം 67.39.  തൊഴിൽ ലഭിച്ചത് 57,317 കുടുംബങ്ങൾക്ക് .
എസ്ടി വിഭാ​ഗത്തിൽ 975 കുടുംബത്തിനും തൊഴിൽ ലഭിച്ചു. 245 കുടുംബങ്ങൾ 100 ദിനവും തികച്ചു.   സംസ്ഥാനത്ത് തന്നെ മാതൃകയാകുന്ന സ്ഥാപനങ്ങളാണ് ജില്ലയിലേത്.  അതാണ് ഇല്ലാതാകാൻ പോകുന്നത്. 
കേന്ദ്ര  ഉത്തരവിനെ തുടർന്ന്  ഒരേ സമയം ഇരുപതിലധികം പദ്ധതികളുടെ പ്രവർത്തനം ഒരു തദ്ദേശസ്ഥാപനത്തിൽ  നടത്തരുത്. ജില്ലയിൽ ഒരു വാ‍ർഡിൽ തന്നെ ഇരുപതിലധികം  പദ്ധതികൾ നടന്നു വരുന്നു. ചിലത് തുടങ്ങിയിട്ട് മെറ്റീരിയൽ ലഭിക്കുന്നതിലെ കാലതാമസം കാരണം വൈകുന്നുണ്ടാകും. അതെല്ലാം കൂട്ടി ഇത്ര പദ്ധതികൾ മാത്രമെ നടത്താവു എന്ന നിബന്ധന നടപ്പായാൽ പദ്ധതികൾ പലതും മുടങ്ങും. ഉള്ള തൊഴിലും ഇല്ലാതാകും. കുടുംബങ്ങളുടെ വരുമാനവും നിലയ്ക്കും. ഇതിനെതിരെയാണ് തൊഴിലാളികൾ പ്രക്ഷോഭ പാതയിലേക്ക് നീങ്ങുന്നത്. ആദ്യ ഘട്ടത്തിൽ എൻആർഇജി വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിൽ 500 കേന്ദ്രത്തിൽ തൊഴിലാളികൾ പ്രതിഷേധിച്ചു. സമരം കൂടുതൽ ശക്തമാക്കുമെന്ന് യൂണിയൻ ജില്ലാ സെക്രട്ടറി എസ് സനൽകുമാർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top