18 April Thursday
സെൻസസ് പൂർത്തിയായി

കടുവകൾ കൂടുതൽ പച്ചക്കാനത്ത്

തോപ്പിൽ രജിUpdated: Wednesday Dec 8, 2021
ചിറ്റാർ 
നാല് വർഷത്തെ ഇടവേളയ്ക്കുശേഷം ആരംഭിച്ച റാന്നി വനം ഡിവിഷനിലെ കടുവ സെൻസസ് ആദ്യഘട്ടം പൂർത്തിയാക്കി വനപാലകർ കാടിറങ്ങി. പച്ചക്കാനത്താണ് ഏറ്റവും കൂടുതൽ കടുവകളുടെ സാന്നിധ്യം കണ്ടത്. 
സ്വതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രിയാണ്‌ ഇവയുടെ എണ്ണം സംബന്ധിച്ച വിവരം പുറത്തുവിടുക. കഴിഞ്ഞ സെൻസസിൽ ഈ വനമേഖലയിൽ നാല്‌ കടുവകളുണ്ടെന്നാണ്‌ ലഭിച്ച വിവരം. ഒരാഴ്ച നീണ്ടുനിന്ന സെൻസസാണ് കഴിഞ്ഞ ദിവസം അവസാനിച്ചത്. ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ നിർദേശപ്രകാരമാണ് സെൻസസ്‌. റാന്നി ഡിവിഷനിലെ ഗൂഡ്രിക്കൽ, വടശേരിക്കര, റാന്നി റേഞ്ചിൽപ്പെട്ട 51 ബ്ലോക്കിൽ 1050 സ്‌ക്വയർ കിലോമീറ്റർ വനമേഖലയിൽ എട്ടുദിവസം വനത്തിനുള്ളിൽ ക്യാമ്പ് ചെയ്‌താണ് സെൻസസ് പൂർത്തീകരിച്ചത്. റാന്നി ഡിവിഷനിൽ ഏറ്റവും കൂടുതൽ ബ്ലോക്കുകൾ ഗൂഡ്രിക്കൽ റേഞ്ചിലായിരുന്നു. 27 ബ്ലോക്കുകൾ ഗൂഡ്രിക്കൽ റേഞ്ചിലുണ്ടായിരുന്നു. നവംബർ 27നാണ് സെൻസസ് ആരംഭിച്ചത്. അരിപ്പ ഫോറസ്റ്റ് പരിശീലന കേന്ദ്രത്തിൽ നിന്നെത്തിയ ഉദ്യോഗസ്ഥരടക്കം 150 വനപാലകരുടെ സംഘത്തിലെ വനിതാ ജീവനക്കാർ എട്ട്‌ ടീമുകളായി തിരിഞ്ഞാണ് പൂർത്തിയാക്കിയത്. ഗൂഡ്രിക്കൽ റേഞ്ച് ഓഫീസർ എസ് മണിക്കായിരുന്നു നോഡൽ ഓഫീസറുടെ ചുമതല.
പച്ചക്കാനം സ്റ്റേഷൻ പരിധിയിലേതായിരുന്നു ഏറ്റവും സാഹസം നിറഞ്ഞ കണക്കെടുപ്പ്‌.  പച്ചക്കാനം, ചാലക്കയം, ചിന്നക്കയം, പ്ലാംതോട്, മൂഴിയാർ, അപ്പർ മൂഴിയാർ, കൊച്ചുപമ്പ വനമേഖലയിലും കടുവയുടെ സാന്നിധ്യം മനസിലാക്കിയതായി വനപാലകർ പറഞ്ഞു.
മൊബൈൽ ആപ്പിന്റെ സഹായത്തോടെയാണ് ഇത്തവണ സെൻസസ് നടത്തിയത്. കടുവകൾക്കൊപ്പം ഇവയുടെ ഇരകളുടെയും കണക്കെടുപ്പ് നടത്തും. കാൽപ്പാടുകൾ, ഇരകൾക്കാവശ്യമായ ഭക്ഷണത്തിന്റെയും ജലത്തിന്റെയും ലഭ്യത, ഇവയുടെ സാന്നിധ്യം, ആവാസവ്യവസ്ഥ,കാടിന്റെ  സ്വഭാവം, കടുവയെ കാണുന്ന സ്ഥലത്തെ സസ്യങ്ങളുടെ പ്രത്യേകത  എന്നിവ സംബന്ധിച്ചും പരിശോധന നടത്തണമെന്നാണ് ദേശീയ കടുവാ സംരക്ഷണ അതോറിട്ടിയുടെ നിർദ്ദേശം.
സെൻസസ് വിവരങ്ങൾ നോഡൽ ഏജൻസിയായ പെരിയാർ ഫൗണ്ടേഷന് അടുത്ത ദിവസം തന്നെ കൈമാറും. ഇവർ ക്രോഡീകരിച്ച പട്ടികയാണ് ദേശീയ കടുവാ സംരക്ഷണ അതോറിട്ടിക്ക് നൽകുന്നത്. ഇത്തരത്തിൽ ലഭിക്കുന്ന കണക്കിന്റെ അടിസ്ഥാനത്തിലാണ് അന്തിമ സെൻസസ് പ്രസിദ്ധീകരിക്കുന്നത്. 2018ലെ കണക്ക് പ്രകാരം ഇന്ത്യയിൽ ആകെ 2967 കടുവകളാണുളളത്. കേരളത്തിൽ 190 എണ്ണമുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top