പത്തനംതിട്ട
കത്തുകളുമായി കിലോമീറ്ററുകൾ നീളുന്ന നടത്തം...ചിലപ്പോ വന്യമൃഗങ്ങളെ റോഡിന് നടുവിൽ കാണാം. ലക്ഷ്യത്തിലെത്താതെ മടങ്ങേണ്ടിവരും. അവ തിരികെ കാടുകയറുന്നതുവരെ കാത്തുനിന്ന ദിവസങ്ങളും നിരവധി. കൊല്ലം ഇടപ്പാളയം സ്വദേശി ജോൺ 40 വർഷത്തെ പോസ്‌റ്റ്‌മാൻ ജീവിതത്തിൽനിന്ന് ഈ മാസം 24ന് വിരമിക്കുമ്പോൾ ബാക്കിയാവുന്നത് ഓർമകൾ മാത്രം. ഗ്രാമീൺ ഡാക് സേവകായി സേവനമനുഷ്‌ഠിച്ചതിനാൽ പെൻഷനോ മറ്റ് ആനുകൂല്യങ്ങളോ ഇല്ല.
1982ലാണ് വട്ടപ്പറമ്പിൽ ജെ ജോൺ പത്തനംതിട്ട പോസ്‌റ്റൽ ഡിവിഷന്റെ ഭാഗമായ കൊല്ലം ജില്ലയിലെ കഴുതുരുട്ടി പോസ്‌റ്റ് ഓഫീസിൽ ജോലിക്കെത്തുന്നത്. ഈ പോസ്‌റ്റ് ഓഫീസിന്റെ ഭാഗമായ വെഞ്ച്വർ എസ്‌റ്റേറ്റ് ഓഫീസിലും ജോലി ചെയ്‌തു. എസ്‌റ്റേറ്റ് മാനേജർമാർക്കും ജീവനക്കാർക്കും വരുന്ന കത്തുകൾ കൃത്യമായി എത്തിക്കുകയായിരുന്നു ചുമതല. 25–-ാം വയസിൽ തുടങ്ങിയതാണ് നടത്തം. റോഡുകൾ തീരെ മോശമായിരുന്നു. കാട് കടന്നുള്ള യാത്രയും കുത്തു കയറ്റങ്ങളും. ഇരുളംകാട്, നാഗമല, നെടുമ്പാറ, പൂത്തോട്ടം, കരിമലക്കാന തുടങ്ങി അന്ന് എത്തിപ്പെടാൻ ഏറെ ബുദ്ധിമുട്ടുള്ള എല്ലായിടവും കാൽനടയായെത്തി. 60 കിലോമീറ്റർ താണ്ടി ലക്ഷ്യത്തിലെത്തും. അവിടെനിന്ന് തിരികെ നടക്കും. അന്നും ഇന്നും എസ്‌റ്റേറ്റിലെ ചോരയൂറ്റി കുടിക്കുന്ന അട്ടകളെയും പേടിക്കണം. പിന്നീട് സൈക്കിളിലും ബൈക്കിലുമൊക്കെയായി യാത്ര. ഇന്ധനച്ചെലവ് പോലും ലഭിക്കാറില്ലെന്ന് ജോൺ പറയുന്നു. പരീക്ഷയെഴുതി സ്ഥിരം പോസ്‌റ്റ്‌മാൻ ആകാനുള്ള ശ്രമം നടത്തിയെങ്കിലും 1989നുശേഷം നീണ്ട നാളത്തേക്കുവന്ന നിയമന നിരോധനം പ്രശ്‌നമായി.
ഭാര്യ മസ്‌ക്രീൻ ഇടപ്പാളയം പോസ്‌റ്റ് ഓഫീസിൽ ജി ഡി പോസ്‌റ്റ്‌വുമൺ ആണ്. 25 വർഷത്തെ സേവനത്തിനുശേഷം ഈ മാസം 31ന് വിരമിക്കും. ജീവിതം മുഴുവൻ ഈ വകുപ്പിൽ ജോലി ചെയ്‌തിട്ടും വിരമിക്കുമ്പോൾ നഷ്ടങ്ങളുടെ കണക്ക് മാത്രമേ ജോണിന് പറയാനുള്ളൂ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..