29 March Friday
നാളെ ലോക തപാൽ ദിനം

മേൽവിലാസം 
മായുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Oct 8, 2022
പത്തനംതിട്ട
ഇൻലന്റിലും കടലാസിലും കാർഡിലുമായി അകലെയുള്ള പ്രിയപ്പെട്ടവരുടെ കത്തുകൾക്ക്‌  കാത്തിരുന്ന കാലം കഴിയുന്നു. ഫോൺ വിളിക്കും വാട്‌സാപ്പ്‌ സന്ദേശങ്ങൾക്കുമിടയിൽ ഇല്ലാതാവുന്നത്‌ തപാൽ മേഖലയിലുള്ളവരുടെ ജോലിസുരക്ഷ കൂടിയാണ്‌. ജോലി കുറഞ്ഞുവരുന്നുവെന്ന കാരണത്താൽ ഈ മേഖലയിൽ ഓഫീസുകൾ പൂട്ടാനാണ്‌ നീക്കം. 
ജീവനക്കാരുടെ എണ്ണവും കുറയ്‌ക്കുന്നു. ക്ലെറിക്കൽ, മൾട്ടി ടാസ്‌കിങ്‌ സർവീസ്‌, പോസ്‌റ്റ്‌മാൻ എന്നീ തസ്‌തികകളിലാണ്‌ വർഷാവർഷം കുറവ്‌ വരുത്തുന്നത്‌.  ആശയവിനിമയത്തിനുള്ള മറ്റ്‌ മാർഗങ്ങൾ ധാരാളമുണ്ടെങ്കിലും ശരിയായി രേഖകൾ കൈമാറാൻ തപാൽ തന്നെയാണ്‌ മാർഗം. അടച്ചുപൂട്ടലും സ്വകാര്യവൽക്കരണവും എല്ലാ മേഖലകളെയും മോശമായി ബാധിക്കും. പോസ്‌റ്റൽ സേവിങ്‌സ്‌ പദ്ധതി, പോസ്‌റ്റൽ ഇൻഷുറൻസ്‌ എന്നിവയിലേക്കുള്ള കടന്നുകയറ്റത്തെ തടയുന്നത്‌ ജീവനക്കാരുടെ ചെറുത്തുനിൽപ്പാണ്‌. പത്തനംതിട്ട പോസ്‌റ്റൽ ഡിവിഷന്‌ കീഴിൽ അടുത്തിടെ കുറച്ച ക്ലറിക്കൽ പോസ്‌റ്റുകളുടെ എണ്ണം 11. മൾട്ടി ടാസ്‌കിങ്‌ സർവീസിൽ ഏഴും പോസ്‌റ്റ്‌മാൻ തസ്‌തികകളിൽ ഏഴും കുറവ്‌ വരുത്തി. നിലവിലുള്ളവരുടെ ജോലി നഷ്ടപ്പെടില്ലെങ്കിലും ഭാവിയിൽ തപാൽ വകുപ്പിൽ ജോലിക്ക്‌ ശ്രമിക്കുന്നവർക്കുള്ള അവസരങ്ങൾ ഇങ്ങനെ കുറയുകയാണ്‌. 
കെട്ടിടമില്ലെന്ന പേരിലും 
ചിലയിടങ്ങളിൽ സൗകര്യമുള്ള കെട്ടിടമില്ലെന്ന പേരിൽ ഓഫീസുകൾ അടച്ചുപൂട്ടുന്ന അവസ്ഥയുണ്ട്‌. 2018ലെ പ്രളയത്തെ തുടർന്നാണ്‌ റാന്നി അങ്ങാടി പോസ്‌റ്റ്‌ ഓഫീസ്‌ പ്രവർത്തനം താൽക്കാലികമായി റാന്നി പോസ്‌റ്റ്‌ ഓഫീസിലേക്ക്‌ മാറ്റിയത്‌. പിന്നീട്‌ പല കെട്ടിടങ്ങൾ ഓഫീസിനായി കണ്ടെത്തിയെങ്കിലും വകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന കാരണത്താൽ വേണ്ടെന്നുവച്ചു. രണ്ട്‌ ഓഫീസ്‌ ഒരുമിച്ച്‌ പ്രവർത്തിക്കുമ്പോൾ ജീവനക്കാർ ആവശ്യത്തിൽ കൂടുതലെന്ന ന്യായം നിരത്തി തസ്‌തികകളും കുറയ്‌ക്കും. ക്രമേണ പോസ്‌റ്റ്‌ ഓഫീസ്‌ വേണ്ടെന്നുവയ്‌ക്കും. പത്തനംതിട്ട ചുരുളിക്കോട്‌ പോസ്‌റ്റ്‌ ഓഫീസിനും കെട്ടിടം കണ്ടെത്തിയിട്ടില്ല. ഇങ്ങനെ കാലങ്ങളായി കെട്ടിടം ലഭിക്കാത്ത ഓഫീസുകൾ പൂട്ടാനുള്ള നീക്കവുമുണ്ട്‌. 
നിയമന നിരോധനം
നിരവധി പേർ പരീക്ഷയെഴുതി നിയമനത്തിനായി കാത്തിരിക്കുന്ന തസ്‌തികകളിൽ പലതിലും വർഷങ്ങളായി നിയമനനിരോധനമാണ്‌. പോസ്‌റ്റൽ അസിസ്‌റ്റന്റ്‌ തസ്‌തികയിലേക്ക്‌ 2019ൽ നടത്തിയ പരീക്ഷയുടെ ലിസ്‌റ്റ്‌ ഇപ്പോഴാണ്‌ പുറത്തുവരുന്നത്‌. നിരവധി ഒഴിവുകളുള്ള ഈ തസ്‌തികയിൽ മുമ്പ്‌ എല്ലാ വർഷവും നിയമനം നടത്തിയിരുന്നു. സംസ്ഥാനത്തിന്‌ പുറത്തുനിന്നുള്ളവർക്കായി ക്വാട്ട നിശ്‌ചയിച്ചിരിക്കുന്ന തസ്‌തികകൾ അവർ ഹാജരായില്ലെങ്കിൽ ഒഴിഞ്ഞുകിടക്കുകയാണ്‌ പതിവ്‌.  സംസ്ഥാനത്തുള്ളവർക്ക്‌ നിയമനം ലഭിക്കില്ല. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top