02 July Wednesday
താങ്ങായി വിമുക്‌തി കേന്ദ്രം

തിരികെ നൽകി സന്തോഷ ലഹരി

വെബ് ഡെസ്‌ക്‌Updated: Saturday Oct 8, 2022

 റാന്നി

ലഹരിക്ക് അടിമപ്പെട്ട ഒട്ടേറെ പേരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവന്നതിൽ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവർത്തിക്കുന്ന ജില്ലാ ലഹരി വിമുക്തി കേന്ദ്രത്തിന് മുഖ്യ പങ്കുണ്ട്‌. വിദ്യാർഥികൾ മുതൽ വയോധികർ വരെ നിരവധി പേരാണ് ഇത്തരത്തിൽ ഇവിടെ വന്ന് ലഹരിയിൽനിന്ന്‌ മോചിതരായി കുടുംബങ്ങളിലേക്ക് മടങ്ങിയത്. 
ബംഗളൂരുവിൽ നഴ്‌സിങ്ങിന്‌ പഠിക്കുമ്പോഴാണ് ലഹരിക്കടിമയായ യുവാവ്‌ ഈ കേന്ദ്രത്തിലെ ചികിത്സയിൽ പൂർണമായും ലഹരിമുക്തനായി. സുഹൃത്തുക്കളിൽ നിന്നും പകർന്നുകിട്ടിയ ശീലം ഒഴിച്ചുകൂടാനാവാതെ വരികയായിരുന്നു. വിദ്യാഭ്യാസം കഴിഞ്ഞ് നാട്ടിലെത്തിയപ്പോഴും വീട്ടുകാരോടും സുഹൃത്തുക്കളോടും ബന്ധുക്കളോടുമകന്ന് മുറിയിൽ ഇരിപ്പായി. വീട്ടുകാർ എന്ത് ചോദിച്ചാലും തട്ടിക്കയറും. എന്തെങ്കിലും കാരണമുണ്ടാക്കി വീട്ടുകാരുമായി വഴക്കടിച്ചു. ഒരിക്കൽ ഇയാൾ പുറത്തുപോയപ്പോൾ മുറി പരിശോധിച്ച വീട്ടുകാർ ഞെട്ടി. മദ്യക്കുപ്പികൾ കുന്നുകൂടി കിടക്കുന്നു. കൂടാതെ മറ്റ് ലഹരി വസ്തുക്കളും. നിരന്തരം പ്രശ്നങ്ങളും ബഹളവും ആയതോടെ വീട്ടുകാർ തന്നെ പൊലീസിൽ അറിയിച്ചു. ജാമ്യത്തിൽ ഇറക്കാൻ പോലും ആരുമെത്തിയില്ല. 
വിവരമറിഞ്ഞ് പ്രദേശത്തെ സിപിഐ എം ബ്രാഞ്ച് സെക്രട്ടറി ഇടപെട്ട്‌ ഇയാളുടെ പൂർണ ഉത്തരവാദിത്വം ഏറ്റെടുത്ത്‌ ജാമ്യത്തിലിറക്കി. തുടർന്ന്‌ ലഹരി വിമുക്തി കേന്ദ്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ സി എസ് ഷിനുമായി ബന്ധപ്പെട്ടു. ഇയാളെ ലഹരി വിമുക്തി കേന്ദ്രത്തിൽ എത്തിച്ചു. ഡോ. നന്ദഗോപന്റെ നേതൃത്വത്തിൽ വിദഗ്ധ ചികിത്സ നൽകി. വീട്ടുകാരെ വിളിച്ചുവരുത്തി പ്രശ്നങ്ങൾ ചർച്ചചെയ്തു പരിഹരിച്ചു. 14 ദിവസത്തിനുശേഷം ലഹരി ഉപയോഗിക്കില്ലെന്ന ഉറപ്പു വാങ്ങിയാണ് തിരികെ വിട്ടത്. ഇപ്പോൾ യുവാവ്‌ വിവാഹം കഴിച്ച്‌ സുഖജീവിതം നയിക്കുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top