26 April Friday
അങ്ങാടിക്കൽ ആനയിടഞ്ഞു

പരിഭ്രാന്തിയുടെ 
മണിക്കൂറുകൾ

സ്വന്തം ലേഖകൻUpdated: Monday Aug 8, 2022
അങ്ങാടിക്കൽ
കുളിപ്പിക്കാനും തീറ്റ നൽകാനുമായി കൊണ്ടുപോയ ആന ഇടഞ്ഞ്‌ അങ്ങാടിക്കലിൽ മണിക്കൂറുകൾ പരിഭ്രാന്തി പരത്തി. 
പാപ്പാനെ അനുസരിക്കാതെ അങ്ങാടിക്കൽ വടക്ക് കോമാട്ട് മുക്ക്  മണക്കാട് ദേവീക്ഷേത്രം റോഡിലും പരിസരങ്ങളിലുമായി രാവിലെ മുതൽ ഉച്ചവരെ ഭീതി വിതച്ച് ഓടി നടന്ന ആനയെ ഉച്ചയോടെയാണ്‌ തളച്ചത്‌.  ശിവശങ്കരൻ എന്ന ആനയാണ് വികൃതി കാട്ടി നാട്ടുകാരെ ഭയപ്പെടുത്തിയത്. അങ്ങാടിക്കൽ വടക്ക് കോമാട്ട് ജങ്‌ഷന് സമീപമുള്ള മാരാരേത്ത് വീട്ടിൽ സനീഷ് ആണ്‌ ആനയുടെ താൽക്കാലിക ഉടമയും സംരക്ഷകനും. മണക്കാട് ദേവീക്ഷേത്രത്തിന്‌ അടുത്തുള്ള  റബർ തോട്ടത്തിലാണ് ആനയെ സ്ഥിരമായി തളച്ചിരുന്നത്. രാവിലെ കുളിപ്പിക്കാനും തീറ്റ നൽകാനുമായി  അഴിച്ചു   കൊണ്ടുപോകും വഴി സമീപത്തെ വീട്ടിൽ വെള്ളം കൊടുക്കാനായി കയറ്റി. അവിടെ നിന്നാണ് ആന അനുസരണക്കേട് കാട്ടിത്തുടങ്ങിയത്. കിണറ്റിൽ നിന്നും കോരിക്കൊടുത്ത വെള്ളം ആവശ്യത്തിന്‌ കുടിച്ചതിനു ശേഷം വെള്ളം നിറച്ചു കൊടുത്ത പാത്രം ചവിട്ടു ചളുക്കി. തുടർന്ന്‌ പാപ്പാന്റെ നിർദ്ദേശം അനുസരിക്കാതെ ആന വീടിനു ചുറ്റം ഓടി ഭീതി പരത്തി. വീട്ടുകാർ ഉള്ളിൽക്കയറി കതകടച്ചു. 
ആനപ്പുറത്തിരുന്ന പാപ്പാൻ അതിനിടെ വീടിനു മുകളിൽക്കൂടിയിറങ്ങി രക്ഷപെട്ടു. തുടർന്ന്‌ ആനയെ വാഴപ്പിണ്ടിയും ഇലയും നൽകി അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആന അനുസരിച്ചില്ല. പാപ്പാൻമാരെയും താൽകാലിക ഉടമയെയും അടുത്ത് ചെല്ലാൻ അനുവദിച്ചില്ല. അവിടെ നിന്ന് പുറത്തിറങ്ങിയ ആന ചുറ്റുവട്ടത്തുള്ള പുരയിടങ്ങളിലും വീട്ടുപരിസരങ്ങളിലും ഓടിക്കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തുടർന്ന് കോമാട്ടുപടി
മണക്കാട്ട് പടി റോഡിൽ ഇലക്ടിക്‌ പോസ്റ്റിനു സമീപം നിലയുറപ്പിച്ചു. കൊടുമണ്ണിൽ നിന്നെത്തിയ പൊലീസ് ഇതുവഴിയുള്ള വാഹനങ്ങളെയും യാതക്കാരെയും നിയന്ത്രിച്ചതുമൂലം അനിഷ്ട സംഭവങ്ങൾ ഒഴിവായി. റോഡിൽ കൂടി ഇടയ്ക്കിടെ തലങ്ങും വിലങ്ങും ഓടിയ ആനയെ  ഉച്ചയോടെ നാട്ടുകാരു പാപ്പാൻ മാരും ചേർന്ന് വടം കെട്ടി തളച്ചു. പൊലീസ് വിവരമറിയിച്ചതിനെത്തുടർന്ന് കോന്നിയിൽ നിന്ന് ഫോറസ്റ്റ് റേഞ്ചർ അശോക് കുമാറിന്റെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ആനയെ കൊണ്ടുനടക്കുന്നതിൽ നാട്ടു പരിപാലനചട്ടങ്ങൾ അനുസരിക്കുന്നതിലും ഉടമകൾക്ക് വീഴ്ച സംഭവിച്ചിട്ടുള്ളതായി അദ്ദേഹം പറഞ്ഞു. അശ്രദ്ധയോടെ വന്യമൃഗങ്ങളെ കൈകാര്യം ചെയ്യുന്ന ഉടമകളുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്യുമെന്ന് കൊടുമൺ പൊലീസ് അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top