19 April Friday
വീട്ടിലേക്ക്‌ മടക്കം

വെള്ളമിറങ്ങിയാലും കാത്തിരിക്കണം

വെബ് ഡെസ്‌ക്‌Updated: Sunday Aug 7, 2022
കോഴഞ്ചേരി
പമ്പയിൽ ജലനിരപ്പ് താഴ്ന്നു തുടങ്ങിയെങ്കിലും വീടുകളിലേയ്ക്ക് തിരിച്ചു പോകാനാകാതെ ക്യാമ്പംഗങ്ങൾ. ആറൻമുള, മല്ലപ്പുഴശ്ശേരി, തോട്ടപ്പുഴശ്ശേരി പഞ്ചായത്തുകളിലായി 13 ദുരിതാശ്വാസ ക്യാമ്പാണുള്ളത്. ഇതിൽ  വല്ലനയിലെ രണ്ടു ക്യാമ്പിൽ നിന്ന്‌ 10 കുടുംബമാണ് തിരിച്ചു പോയത്. വെള്ളം ഇറങ്ങിയാലും വീടുകളിൽ താമസിക്കാൻ കഴിയില്ല. കാലാവസ്ഥ തെളിയുകയും വീടിന്റെ ഈർപ്പം മാറുകയും ചെയ്‌താലേ താമസം ആരംഭിയ്‌ക്കാനാകൂ. 
മറ്റൊരു പ്രതിസന്ധി കുടിവെള്ളത്തിന്റെ ലഭ്യതയാണ്. മലവെള്ളം നിറഞ്ഞതിനാൽ കിണർ വറ്റിച്ച് ശുചീകരിക്കാതെ ശുദ്ധജലം ലഭിക്കില്ല. വെള്ളം ലഭിക്കാൻ മറ്റുമാർഗമില്ലാത്തതും ബുദ്ധിമുട്ടാകും.
ആറൻമുള പഞ്ചായത്തിൽ ആറാട്ടുപുഴ ഗവ. യുപി, നീർവിളാകം എംഡി എൽപി, കോഴിപ്പാലം എൻഎം യുപി, നാൽക്കാലിക്കൽ എംടി എൽപി, കിടങ്ങന്നൂർ ഗവ.എൽപി, വല്ലന ടികെഎം ആർഎം, വല്ലന ഗവ. എസ്എൻഡിപി യുപി എന്നീ  സ്കൂളുകളിൽ ക്യാമ്പുണ്ട്.
മല്ലപ്പുഴശ്ശേരിയിലെ ഓന്തേകാട് എംടി എൽപി, കാഞ്ഞിരവേലി അംഗണവാടി എന്നിവിടങ്ങളിലും, തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ നെടും പ്രയാർ എംടി എൽപി, മാരാമൺ സെന്റ്‌ ജോസഫ് റോമൻ കാതലിക് ചർച്ച് ഓഡിറ്റോറിയം, ചെട്ടിമുക്ക് ചെറുപുഷ്പം എൽപി, എ എംഎം യുപി എന്നിവിടങ്ങളിലുമാണ് ക്യാമ്പ്‌ പ്രവർത്തിക്കുന്നത്. 
ഒരു ദിവസമെങ്കിലും മഴ മാറി വെയിൽ ലഭിച്ചാലേ ഇവർക്ക് തിരിച്ചു പോകാൻ കഴിയു. അതുവരെ ക്യാമ്പുകളിൽ തന്നെ കഴിയണ്ടി വരും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top