17 April Wednesday

ലോട്ടസ് കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തണം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 7, 2023
പത്തനംതിട്ട  
 ജില്ലാ ആസ്ഥാനത്തെ ജലവിതരണ പൈപ്പുകൾ സ്ഥാപിക്കാൻ കിഫ്ബി പദ്ധതി പ്രകാരം കരാർ എടുത്ത ലോട്ടസ് എൻജിനീയേഴ്സ് ആൻഡ് കോൺട്രാക്ടേഴ്സ് (കേരള) പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ കരാർ റദ്ദ് ചെയ്തു ബ്ലാക്ക് ലിസ്റ്റ് ചെയ്യണമെന്ന് ജലവിഭവ   മന്ത്രി റോഷി അഗസ്റ്റിന് നഗരസഭ ചെയർമാൻ അഡ്വ. ടി.സക്കീർഹുസൈൻ കത്തു നൽകി.
 നഗരത്തിലെ എസി പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിന്  കിഫ്ബി സഹായത്തോടെ അനുവദിച്ച പദ്ധതി നിർവഹണത്തിന്  2021 ജൂൺ   ഇരുപത്തിയഞ്ചിന് ആണ്  കമ്പനി  ജല  അതോറിറ്റിയുമായി    കരാറിൽ ഏർപ്പെട്ടത്.  പദ്ധതി പൂർത്തീയാക്കേണ്ടത് കരാർ പ്രകാരം 9 മാസമാണ്.   പ്രവൃത്തി പൂർത്തീകരിക്കുന്നതിന് കമ്പനിയുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായി.   കമ്പിനിയുടെ അഭ്യർത്ഥനയെ തുടർന്ന് ജലവിഭവവകുപ്പ് കാലാവധി നീട്ടി നൽകി . ആ  സമയപരിധി ഈ വർഷം മെയ് മാസം അവസാനിച്ചു.  
പുതിയ എസി പൈപ്പുകൾ സ്ഥാപിക്കുന്നതിന്  കമ്പനി എടുത്ത കുഴികൾ  ജനങ്ങൾക്കും വാഹന ഗതാഗതത്തിനും തടസ്സം ആയതിനാൽ   ജില്ലാ വികസന സമിതി യോഗത്തിൽ ന​ഗരസഭ ചെയര്‍മാന്‍ വിഷയം ഉന്നയിച്ചു.  ജലവിഭവ  മന്ത്രിയോട്  അടിയന്തരമായി ഇടപെടണമെന്നും അഭ്യർഥിച്ചു.
. അധ്യയന വർഷം ആരംഭിക്കുന്നതിന്  മുന്നോടിയായി റോഡുകളുടെ  അരികിലെ   മൺകൂനകൾ നീക്കംചെയ്തു   അപകടസാധ്യത ഒഴിവാക്കണമെന്ന്  നോട്ടീസ് നൽകാൻ ചെയർമാൻ  നഗരസഭാ സെക്രട്ടറിക്ക് നിർദേശവും  നൽകി.  ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയും വിഷയത്തിൽ ഇടപെട്ടു. മെയ്  31നകം നിർമാണം പൂർത്തിയാക്കണമെന്ന് വകുപ്പ് മന്ത്രി അന്ത്യശാസനം നൽകി. 
മൺകൂനകൾ നീക്കം ചെയ്ത്  വെറ്റ്മിക്സ്  ഉപയോഗിച്ച് റോഡുകൾ ഗതാഗത യോഗ്യമാക്കാൻ കരാർ വ്യവസ്ഥ  പ്രകാരം കമ്പനിക്ക് ബാധ്യതയുണ്ട്.  ഈ ഉത്തരവാദിത്വത്തിൽനിന്നും കമ്പനി ഒഴിഞ്ഞുമാറി. ഈ സാഹചര്യത്തിൽ കമ്പനിക്കെതിരെ കടുത്ത നടപടി  സ്വീകരിക്കണമെന്നും കാലതാമസം വരുത്തിയതിനുള്ള പിഴ ഈടാക്കണമെന്നും നഗരസഭാ ചെയർമാൻ ആവശ്യപ്പെട്ടു. പ്രവർത്തി പൂർത്തിയാക്കുന്നത്  വൈകിയാൽ ജനങ്ങളെ അണിനിരത്തി സമര പരിപാടികളിലേക്ക് നീങ്ങേണ്ട സാഹചര്യമാണമെന്നും  ചെയര്‍മാന്‍ പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top