25 April Thursday

കരുതലറിഞ്ഞ്‌ ക്യാമ്പുകൾ, കാവലാളായി മന്ത്രി വീണ

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022
കോഴഞ്ചേരി
ദുരിതക്കയം താണ്ടാൻ കാരുണ്യസ്പർശമായ് മന്ത്രിയെത്തി. പ്രളയത്താൽ ക്യാമ്പുകളിലെത്തിയവരുടെ സുഖവിവരങ്ങൾ അന്വേഷിച്ചറിയാനും സഹായങ്ങൾ എത്തിക്കാനുമായിരുന്നു ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ സന്ദർശനം. ശയ്യാലംബയായ വൃദ്ധയെ ആശുപത്രിയിലെത്തിച്ച്, കുട്ടികളെ തലോടി, മുതിർന്നവരോട് ക്ഷേമം അന്വേഷിക്കുകയും പാചകശാലയിലെ സൗകര്യങ്ങൾ വിലയിരുത്തുകയും ചെയ്‌തു.
2018ലെ മഹാപ്രളയത്തിൽ അരയറ്റം വെള്ളിൽ ഇറങ്ങി നിന്ന് രക്ഷാപ്രവർത്തങ്ങൾക്ക് നേതൃത്വം നൽകിയ വീണാ ജോർജിന്റെ കരുതലും സ്നേഹവും വീണ്ടും തിരിച്ചറിയുകയായിരുന്നു പ്രളയബാധിത കുടുംബങ്ങൾ.
വല്ലന ഗവ. എസ്എൻഡിപി യുപി സ്കൂളിലെ ക്യാമ്പിൽ എത്തിയപ്പോഴാണ് കിടപ്പു രോഗിയായ വൃദ്ധയെ ശ്രദ്ധയിൽ പെട്ടത്. ഏഴീക്കാട് ബ്ലോക്ക് നമ്പർ 56–-ൽ കൊച്ചുപെണ്ണ് (88) മാസങ്ങളായി കിടപ്പിലായിരുന്നു. വീട്ടിൽ വെള്ളം കയറിയതോടെ ക്യാമ്പിലായി. അവിടെ 123 പേരുണ്ട്.ക്യാമ്പിലുണ്ടാകാൻ ഇടയുള്ള ബുദ്ധിമുട്ടു മനസ്സിലാക്കിയാണ് മന്ത്രി അവരെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റിയത്.
110 പേർ കഴിയുന്ന വല്ലന ടി കെ എം ആർ എം സ്കൂളിൽ 108 വയസ്സുള്ള ഒരു മുത്തശ്ശിയുണ്ട്.കുറിച്ചി മുട്ടം രാധാവിലാസത്തിൽ കല്യാണി ആശാട്ടി. ആ അമ്മയെയും മന്ത്രി ചേർത്തു പിടിച്ചു. "ചോറും മരുന്നും ഒക്കെ കിട്ടുന്നുണ്ട്. മന്ത്രിക്കുഞ്ഞു വന്നല്ലോ. അതു മതി. സന്തോഷം'. മന്ത്രിയുടെ തലയിൽ കൈവച്ച് അനുഗ്രഹിക്കാൻ നൂറുകണക്കിന് കുട്ടികൾക്ക് അക്ഷരം പകർന്ന മുത്തശ്ശി മറന്നില്ല.
ക്യാമ്പിൽ കഴിയുന്ന ഓരോ കുടുംബത്തോടും സുഖാന്വേഷണം നടത്തിയും ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ റവന്യു, പഞ്ചായത്ത്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോടും ജനപ്രതിനിധികളോടും ചോദിച്ചറിഞ്ഞും കുറവുകൾ പരിഹരിക്കാൻ നിർദ്ദേശിച്ചുമാണ് വീണാ ജോർജ് മടങ്ങിയത്.
ഏഴീക്കാട്‌ പട്ടികജാതി കോളനിയിൽ നിന്നുള്ള 236 പേരാണ് രണ്ടു സ്കൂളി ലായി കഴിയുന്നത്. സർക്കാർ നേതൃത്വത്തിലാണ് ഭക്ഷണമടക്കം മുഴുവൻ സംവിധാനങ്ങളും ഒരുക്കിയത്. വില്ലേജ് ഓഫീസർ സന്തോഷ് കുമാറും, വാർഡുമെമ്പർമാരായ ബിനുവർണശാലയും ,ശ്രീനി ചാണ്ടിശ്ശേരിയും ക്യാമ്പുചെയ്താണ് പരാതികൾക്കിടയില്ലാതെ ഭക്ഷണവും സൗകര്യങ്ങളും  ക്രമീകരിക്കുന്നത്.
മന്ത്രിയോടൊപ്പം സിപിഐ എം കോഴഞ്ചേരി ഏരിയ സെക്രട്ടറി ടി വി സ്റ്റാലിൻ,ജില്ലാ കമ്മിറ്റി അംഗം പി ബി സതീഷ്‌ കുമാർ,  കിടങ്ങന്നൂർ ലോക്കൽ കമ്മിറ്റി ആക്ടിങ്‌ സെക്രട്ടറി അഡ്വ.സി ടി വിനോദ് ,ഏരിയ കമ്മിറ്റി അംഗം പി കെ സത്യവൃതൻ,പഞ്ചായത്ത് പ്രസിഡന്റ്‌ ഷീജാ ടി ടോജി, മെമ്പർമാരായ വിൽസി ബാബു, ബിജു വർണശാല, ശ്രീനി ചാണ്ടിശ്ശേരി, ഡപ്യൂട്ടി കലക്ടർ ജ്യോതി , ഡിഎംഒ ഡോ. എൽ അനിതാകുമാരി, കോഴഞ്ചേരി തഹസീൽദാർ രാജേന്ദ്രൻപിള്ള, പഞ്ചായത്ത് അസി.സെക്രട്ടറി ശ്രീലേഖ തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top