29 March Friday

ഡിജിറ്റൽ റീ സർവേ ഉടൻ പൂർത്തിയാക്കും: മന്ത്രി

സ്വന്തം ലേഖകൻUpdated: Wednesday Jul 6, 2022

മന്ത്രി കെ രാജന്റെ അധ്യക്ഷതയിൽ ജില്ലയിലെ എംഎൽഎമാരുടെ യോഗം ചേർന്നപ്പോൾ

പത്തനംതിട്ട
ജനകീയ പങ്കാളിത്തത്തോടെ എംഎൽഎമാരുടെ നേതൃത്വത്തിൽ ഡിജിറ്റൽ റീ സർവേ പൂർത്തിയാക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. രണ്ടാംഘട്ട ജില്ലാ റവന്യൂ അസംബ്ലിയുടെ മൂന്നാം ദിവസം  ജില്ലയിലെ എംഎൽഎമാരുടെ യോഗത്തിൽ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു മന്ത്രി. മലയോര ആദിവാസി മേഖലയിലെ പട്ടയങ്ങൾ പരമാവധി വേഗത്തിൽ നൽകി, മിച്ചഭൂമി കേസുകൾ പരിഹരിച്ച്, പട്ടയങ്ങൾ കാര്യക്ഷമമായി വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട അപേക്ഷകൾ പൂർണമായും ഓൺലൈനാക്കി മാറ്റും.  ഇതുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നപരിഹാരങ്ങൾക്ക് വില്ലേജ്തല ജനകീയ സമിതി രൂപീകരിക്കും.
ഗ്രാമസഭകൾക്ക് പകരം സർവേ സഭകൾ രൂപീകരിക്കുകയും,  വില്ലേജ്, താലൂക്ക് തുടങ്ങിയവ ഇ - ഓഫീസ് ആക്കുന്നതിന്റെ ഭാഗമായി കമ്പ്യൂട്ടർ തുടങ്ങിയ സാങ്കേതിക സംവിധാനങ്ങൾ ഉറപ്പാക്കും. പത്തനംതിട്ടയിലെ റവന്യു ഓഫീസുകളെ  ഇ- ഓഫീസുകളാക്കുന്നതിനായി എംഎൽഎ ഫണ്ടിൽ നിന്നും പണം അനുവദിക്കാമെന്ന് എംഎൽഎമാർ ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.  ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എംഎൽഎമാരായ അഡ്വ. മാത്യു ടി തോമസ്, അഡ്വ. കെ യു ജനീഷ് കുമാർ, അഡ്വ. പ്രമോദ് നാരായൺ, കലക്ടർ ഡോ. ദിവ്യ എസ് അയ്യർ, ലാൻഡ് റവന്യു കമ്മീഷണർ കെ ബിജു എന്നിവരും പങ്കെടുത്തു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top