പത്തനംതിട്ട
ആന്റോ ആന്റണി എംപി മണ്ഡലത്തോട് കാണിക്കുന്ന അവഗണനയ്ക്കെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തില്‍ യുവജന മുന്നേറ്റത്തിന് വ്യാഴാഴ്ച തുടക്കം കുറിക്കും. ജില്ലയിലെ എല്ലാ യൂണിറ്റ് കമ്മിറ്റി നേതൃത്വത്തിലും ഭവന സന്ദർശനങ്ങളും, കുടുംബയോഗങ്ങളും നടത്തും. കുടുംബ യോഗങ്ങളുടെ ജില്ലാ ഉദ്ഘാടനം കോഴഞ്ചേരി ബ്ലോക്ക് കമ്മിറ്റിയിലെ ചണ്ണമാങ്കലിൽ വ്യാഴാഴ്ച വൈകിട്ട് 6.30ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് നിർവഹിക്കും. മണ്ഡലത്തിലെ ജനങ്ങളുടെ ഒരു പ്രശ്നങ്ങളിലും ഇടപെടാത്ത എംപിയെ നാടിനു വേണ്ട എന്ന മുദ്രാവാക്യവുമായാണ് ഡിവൈഎഫ്ഐ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നത്. 14 വർഷമായി ആന്റോ ആന്റണി മണ്ഡലത്തെ പ്രതിനിധാനം ചെയ്യാൻ തുടങ്ങിയിട്ട്. ഒരു വികസന പ്രവര്‍ത്തനവും നടത്താത്ത എംപി ഹൈമാസ്റ്റ് വിളക്ക് ഉദ്ഘാടനം ചെയ്യുന്നത് മാത്രമാണ് പാര്‍ലമെന്റംഗത്തിന്റെ പരിപാടിയെന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്.
മലയോര ജില്ലയിലെ ജീവല്‍ പ്രശ്നമായ പട്ടയ വിതരണ നടപടിക്ക് സംസ്ഥാന സര്‍ക്കാര്‍ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയിട്ടും കേന്ദ്രസര്‍ക്കാരാണ് തടസ്സം നില്‍ക്കുന്നത്. ഇതിന് വേണ്ടി പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തുകയോ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലത്തുകയോ ചെയ്തിട്ടില്ല. ആറായിരത്തിലധികം കുടുംബത്തിന് പട്ടയം ലഭിക്കാത്തത് കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ നേതൃത്വത്തില്‍ സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനമാണ് ജില്ലയില്‍ നടന്നു വരുന്നത്. സംസ്ഥാന സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിക്കുന്നതാണ് പാര്‍ലമെന്റ് അംഗത്തിന്റെ പ്രവര്‍ത്തനമെന്ന നിലയിലാണ് 14 വര്‍ഷം കഴിഞ്ഞത്. ഇനിയും ഇത്തരം എംപിമാരെ ജില്ലയ്ക്ക് വേണ്ടെന്ന ആഹ്വാനവുമായാണ് യുവജന മുന്നേറ്റം തുടങ്ങുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..