23 April Tuesday
പമ്പ, അച്ചന്‍കോവില്‍, മണിമല ആറുകളില്‍ ജലനിരപ്പ് അപകട നിലയില്‍

വീണ്ടും റെഡ്അലര്‍ട്ട്, ആശങ്ക ഉയരുന്നു

സ്വന്തം ലേഖകൻUpdated: Friday Aug 5, 2022

പമ്പയാറ്റിൽ ജലനിരപ്പ് ഉയർന്ന് ആറന്മുള സത്രക്കടവ് റോഡിൽ വെള്ളം കയറിയപ്പോൾ ഫോട്ടോ: ജയകൃഷ്ണൻ ഓമല്ലൂർ

പത്തനംതിട്ട
വ്യാഴാഴ്ച ജില്ലയിൽ മഴയ്ക്ക് നേരിയ ശമനം  അനുഭവപ്പെട്ടെങ്കിലും പമ്പ, മണില, അച്ചൻകോവിലാർ എന്നിവിടങ്ങളിൽ അപകടകരമായ തോതിൽ ജലനിരപ്പ്  ഉയര്‍ന്നു.  തുടർന്ന് ജില്ലയില്‍  റെഡ് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിനുള്ളിൽ അതിതീവ്ര മഴയ്‌ക്ക്‌ സാധ്യതയുണ്ട്‌. 
നദികളുടെ തീരപ്രദേശത്ത് താമസിക്കുന്നവരെ തീരങ്ങളിൽ  നിന്നും മാറ്റി.  തിരുവല്ലയടങ്ങുന്ന അപ്പര്‍  കുട്ടനാടന്‍ മേഖലയിലാണ് കൂടുതല്‍ ദുരിതം. കുട്ടനാ‍ടന്‍ മേഖലയില്‍ നിന്നും വെള്ളം അതിവേ​ഗം ഈ പ്രദേശങ്ങളില്‍ കയറുന്നു. കുട്ടനാടിന് സമീപത്ത് കഴിയുന്ന നൂറു കണക്കിന്കു കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറി. 
കനത്ത മഴയിൽ റാന്നിയും വെള്ളപ്പൊക്ക ഭീഷണിയിൽ. പമ്പാനദിയിൽ ജലനിരപ്പ് ഉയർന്ന വ്യാഴാഴ്ച രാവിലെ എട്ടോടെ  റാന്നിയുടെ താഴ്ന്ന ഭാഗങ്ങളിൽ  വെള്ളം കയറി.  പത്തര വരെ വെള്ളം ക്രമേണ ഉയർന്നെങ്കിലും ഉച്ചവരെ അതേ നില തുടർന്നു. ഉച്ചയ്ക്ക് ശേഷം ജലനിരപ്പ് വീണ്ടും ഉയർന്നു. കക്കാട്ടാറിൽ ജലനിരപ്പ് രാവിലെ മുതൽ ഒരേ നിലയിൽ തുടർന്നു.  
ശബരിമലയിൽ  പകൽ  മൂന്നു മുതൽ ആരയെയും പമ്പയിലേക്ക് കടത്തിവിട്ടില്ല. സന്നിധാനത്തുള്ളവരെ വൈകിട്ട് ആറിന്മുമ്പ് മല ഇറങ്ങാനും നിർദേശിച്ചിരുന്നു.  നാലിന് മുമ്പ് തന്നെ ഭൂരിഭാ​ഗം പേരെയും സന്നിധാനത്ത് നിന്നും മാറ്റി.  പമ്പയിലെത്തിയവരെ  ഉടൻ നിലയ്ക്കലേക്കും അവിടെ നിന്ന് പത്തനംതിട്ടിയിലേക്ക് എത്തിക്കാനും കെഎസ്ആർടിസി ബസുകളും ഏർപ്പെടുത്തിയിരുന്നു. 
ആറന്മുള സത്രക്കടവിൽ വ്യാഴം ഉച്ചയോടെ സമീപത്തെ റോഡുകളിലേക്കും വെള്ളം കയറി.  ഉടൻ തന്നെ ദേശീയ ദുരന്ത നിവാരണ സേന ആറന്മുള സത്രത്തിൽ പ്രതിസന്ധി നേരിടാൻ സജ്ജരായി നിലയുറപ്പിച്ചു.   ആങ്ങമൂഴി- കക്കി വണ്ടിപ്പെരിയാറ്‍ റോ‍ഡിൽ അരണമുടിയിൽ മണ്ണിടിച്ചിലുണ്ടായി. മൂഴിയാർ കോളനിയിൽ നിന്നും എട്ടു കിലോമീറ്റർ അകലെയാണ് മണ്ണിടിഞ്ഞത്. ​ഗതാ​ഗത തടസ്സവും നേരിട്ടു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top