29 March Friday

അണുക്കൾ 
അടുക്കരുത്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jul 5, 2022

 

പത്തനംതിട്ട 

അണുക്കളെയും അവയുണ്ടാക്കുന്ന രോഗങ്ങളെയും അകറ്റിനിർത്താൻ പദ്ധതിയുമായി ആരോഗ്യവകുപ്പ്‌. കഴിഞ്ഞയാഴ്‌ച ഇലന്തൂർ ബ്ലോക്കിൽ ആരോഗ്യമന്ത്രി വീണാ ജോർജ്‌ ജില്ലാതല ഉദ്‌ഘാടനം നടത്തിയ ഏകാരോഗ്യം (വൺ ഹെൽത്ത്‌) പദ്ധതി വരുംകാലത്ത്‌ നാടിനെ ജീവിതശൈലീ രോഗങ്ങളിൽനിന്നടക്കം സംരക്ഷിക്കും.  
കോവിഡ്‌, നിപാ തുടങ്ങി പല പുതിയ രോഗങ്ങളും കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കുള്ളിൽ നാട്ടിലെത്തി. ഇനി പുതിയതായി ഇത്തരം അപകടകാരികളൊന്നും വരരുത്‌. അതിന്‌ ജീവിതശൈലി തന്നെ മാറേണ്ടിയിരിക്കുന്നു. ഇത്‌ ലക്ഷ്യമിട്ട്‌ പരിസ്ഥിതി, മൃഗാരോഗ്യം, - മനുഷ്യാരോഗ്യം എന്നിവയെ സംയോജിപ്പിച്ച്‌ ഏകാരോഗ്യം പദ്ധതി നടപ്പാക്കുന്നു. ഇവയുടെ സംയുക്ത പ്രവർത്തനം വഴി നാടിന്റെ സമ്പൂർണ ആരോഗ്യം ഉറപ്പാക്കും. 
ആഗോള കാലാവസ്ഥാ വ്യതിയാനം, വർധിച്ചു വരുന്ന ജന്തു, പ്രാണിജന്യ രോഗങ്ങൾ, ആന്റി ബയോട്ടിക്കുകളുടെ യുക്തിസഹമല്ലാത്ത ഉപയോഗം എന്നിവ ചെറുത്തുകൊണ്ട് ആരോഗ്യമെന്ന നേട്ടത്തിലേക്ക്‌ സമൂഹത്തെ എത്തിക്കാൻ പദ്ധതിക്കാവും. തദ്ദേശ സ്ഥാപനങ്ങളുടെ പിന്തുണയോടെ ആരോഗ്യ വകുപ്പ്, വെറ്റിനറി വകുപ്പ്, കൃഷി, വനം വകുപ്പ്, ഭക്ഷ്യ സുരക്ഷാ വകുപ്പ്, ഫിഷറീസ് വകുപ്പ് എന്നിവ സംയുക്തമായാണ്‌ ഇതിന്റെ നടപ്പാക്കൽ. 
പ്രകൃതിയോടിണങ്ങിയുള്ള ജീവിതവും അതിലൂടെയുള്ള ആരോഗ്യവും ലക്ഷ്യമിടുന്ന പദ്ധതി രാജ്യത്താദ്യമായി കേരളത്തിലാണ്‌ നടപ്പാക്കുന്നത്‌. ആർദ്രം മിഷന്റെ രണ്ടാംഘട്ട പദ്ധതികളിൽ ഉൾപ്പെടുത്തിയാണ്‌ "വൺ ഹെൽത്ത്' നടപ്പാക്കുക. എൽഡിഎഫ്‌ സർക്കാരിന്റെ നവകേരള കർമപദ്ധതി 2ന്റെ ഭാഗമാണിത്‌. മനുഷ്യന്റെയും മൃഗങ്ങളുടെയും ആരോഗ്യം പരിസ്ഥിതിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന തിരിച്ചറിവോടെയുള്ള ആരോഗ്യസമീപനമാണ്‌ പദ്ധതി വിഭാവനം ചെയ്യുന്നത്‌. 
ജന്തുക്കളിൽനിന്നുണ്ടാകുന്ന രോഗങ്ങൾക്കുള്ള കാരണങ്ങൾ നിരീക്ഷിക്കൽ, ഇതിലേക്ക്‌ നയിക്കുന്ന ഘടകങ്ങളെ നേരത്തേ കണ്ടെത്തൽ, ആവശ്യകത അനുസരിച്ച്‌ ഇത്തരം കാര്യങ്ങളിലുള്ള ഇടപെടൽ എന്നിവയാണ്‌ പദ്ധതിയിൽ നടപ്പാക്കുക. 30 വയസിന്‌ മുകളിലുള്ളവരുടെ ആരോഗ്യത്തിന്‌ പദ്ധതി പ്രാധാന്യം നൽകുന്നു. ഇവർക്കുണ്ടാകുന്ന ജീവിതശൈലീ രോഗങ്ങൾ, അതിനുള്ള കാരണങ്ങൾ തുടങ്ങിയ വിവരങ്ങൾ ആശാ പ്രവർത്തകർ ശേഖരിക്കും. വിവിധ ഘട്ടങ്ങളിലായി എല്ലാ ജില്ലയിലും പദ്ധതി നടപ്പാക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top