27 April Saturday

കാട്ടിൽ നാടൻ വിഭവങ്ങളുമായി 
വീണ്ടും "ആരണ്യകം'

തോപ്പിൽ രജിUpdated: Wednesday Aug 4, 2021

തണ്ണിത്തോട് പേരുവാലി വനഭാഗത്ത് പുനരാരംഭിച്ച ആരണ്യകം കഫേ

ചിറ്റാർ
സഞ്ചാരികൾക്കായി നാടൻ ഭക്ഷണത്തിന്റെ രുചിക്കൂട്ടുമായി ‘ആരണ്യകം കഫേ’ വീണ്ടും പ്രവർത്തനം ആരംഭിച്ചു. കല്ലാറിന്റെ തീരത്ത് കാടിന്‌ നടുവിൽ‌ നാടൻ വിഭവങ്ങളുടെ കലവറയാണ് പേരുവാലിയിലെ ആരണ്യകം. കോവിഡ് നിയന്ത്രണത്തെത്തുടർന്ന് ഇത്‌ നിർത്തിവച്ചിരിക്കുകയായിരുന്നു. പുനരാരംഭിക്കാൻ വൈകിയതോടെ ഈറ്റ മേഞ്ഞ മേൽക്കൂരയും തൂണുകളും ഇരിപ്പിടങ്ങളും ഉൾപ്പെടെ ചിതലെടുത്ത് നശിച്ചു. വനസംരക്ഷണ സമിതിയുടെ ഫണ്ട് ഉപയോഗിച്ച്  തൂണുകളും മേൽക്കൂരയും മാറ്റി ഓല മേഞ്ഞ മേൽക്കൂരയ്ക്കു കീഴിൽ മുള ഉപയോഗിച്ച് ഇരിപ്പിടങ്ങളും മറ്റു സൗകര്യങ്ങളുമായി നാലുമാസം മുമ്പ് പുതുക്കി പണിതു. കഴിഞ്ഞ ആഴ്‌ച പ്രവർത്തനം തുടങ്ങി. വീടുകളിൽ നിന്നു തയാറാക്കി എത്തിക്കുന്ന വിഭവങ്ങളാണ് ഇവിടെ വിളമ്പുക. കുമ്പിളപ്പം, വട്ടയപ്പം, ഓട്ടട, കൊഴുക്കട്ട എന്നിവ ലഘുഭക്ഷണം. ഉച്ചസമയത്ത് കപ്പ, മീൻ കറി, ഊണ് എന്നിവയുണ്ട്. വട, പഴം പൊരി, ബജി, ചായ, കാപ്പി, സംഭാരം, നാരങ്ങാവെള്ളം, സോഡ, കുപ്പിവെള്ളം എന്നിവയും ലഭിക്കും. 
എലിമുള്ളുംപ്ലാക്കൽ വനസംരക്ഷണ സമിതിയുടെ ചുമതലയിലുള്ള ആരണ്യകം ഗ്രൂപ്പിലെ 10 വനിതകൾ ചേർന്നാണ്  നാടൻ വിഭവങ്ങൾ തയാറാക്കി വിൽപന നടത്തുന്നത്. അടവിയിലെത്തുന്ന സഞ്ചാരികൾക്ക് കല്ലാറിന്റെയും കാടിന്റെയും വന്യമൃഗങ്ങളുടെയും കാഴ്ച കണ്ട് കല്ലാറ്റിൽ കുളിയും നടത്തി നാടൻ ഭക്ഷണം കഴിച്ച് മടങ്ങാം. 
എലിമുള്ളുംപ്ലാക്കലിനും തണ്ണിത്തോട് മൂഴിക്കും ഇടയിൽ കിലോമീറ്ററുകളോളം വനഭാഗത്ത് മറ്റ്‌ ഭക്ഷണശാലകളില്ല. കോന്നി – തണ്ണിത്തോട് റോഡിലെ വാഹന യാത്രക്കാർക്കും കഫേ ആശ്വാസമാകുന്നു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top