24 April Wednesday
നവീകരണത്തിന് സര്‍ക്കാര്‍ തുക അനുവദിച്ചു

ഒരുങ്ങുന്നു.. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Monday Jul 4, 2022
പത്തനംതിട്ട
കോവിഡ് അടച്ചു പൂട്ടലിന് ശേഷം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ വീണ്ടും സജീവമാകുന്നു. മഴക്കാലത്തും ജില്ലയ്ക്കകത്ത്  നിന്നും മറ്റ്  ജില്ലകളിൽനിന്നുള്ള വിനോദസഞ്ചാരികൾ എത്തിത്തുടങ്ങി. വെള്ളച്ചാട്ടം  അടക്കമുള്ള  വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വീണ്ടും തിരക്കായി. രണ്ടുവർഷത്തെ നിശ്ചലാവസ്ഥയ്ക്ക് ശേഷം വിവിധ വിനോദകേന്ദ്രങ്ങളെ പുനരുജ്ജീവിപ്പിക്കാൻ സർക്കാർ തലത്തിലും നടപടി തുടങ്ങി. കെട്ടിടങ്ങൾ പലതും ഉപയോ​ഗിക്കാതെ കിടക്കുകയായിരുന്നു. അത്തരം കെട്ടിടങ്ങളും സഞ്ചാരികൾക്ക് താമസിക്കാനും ഭക്ഷണശാലകൾ ഒരുക്കുന്നതിനും സർക്കാരും വിനോദസഞ്ചാര വകുപ്പും നടപടികൾ എടുത്തു തുടങ്ങി. പല മേഖലയിലും ഇതിന്റെ പ്രവർത്തനം ആരംഭിച്ചു. വലഞ്ചുഴിയിൽ കോടികൾ ചെലവിട്ട് വിനോദ സഞ്ചാര പദ്ധതിക്ക് തുടക്കമായി. ഇതിന്റെ ആദ്യഘട്ട നിർമാണം താമസിയാതെ തുടങ്ങും. ആറിന്റെ തീരത്താണ് കുട്ടികളുടെ പാർക്കടക്കം വലിയ തോതിൽ വിനോദ കേന്ദ്രം  ഒരുങ്ങുക. ഘട്ടം ഘട്ടമായാണ് പദ്ധതി നടപ്പാക്കുകയെന്ന് സ്ഥലം എംഎൽഎ കൂടിയായ ആരോ​ഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. 
ചരൽക്കുന്നിന് സമീപത്തെ അരുവിക്കുഴി വെള്ളച്ചാട്ടം കാണാനും തിരക്കേറിയിട്ടുണ്ട്‌. മഴ  തുടങ്ങിയതോടെ  വെള്ളച്ചാട്ടവും സജീവമായി. അവിടെ യാത്രക്കാർക്ക് അവശ്യം വേണ്ട ഭക്ഷണശാലകളടക്കം  ഒരുക്കുന്നതിന് 17 ലക്ഷം സർക്കാർ അനുവദിച്ചു. കുളനടയിൽ വിപുലമായ തോതിലാണ് വിനോദ കേന്ദ്രം വികസിപ്പിക്കുന്നത്.  കാടുകയറി കിടക്കുന്ന പ്രദേശം  വെട്ടിത്തെളിച്ച് ഭക്ഷണശാലയും താമസ സൗകര്യവും ഉൾപ്പെടെ ഒരുക്കാനാണ് പദ്ധതി. മുപ്പത്തൊമ്പതര ലക്ഷം രൂപ ഇതിന് അനുവദിച്ചിട്ടുണ്ട്. 
പെരുന്തേനരുവി ഒരു കാലത്ത് ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായിരുന്നു. ജില്ലയ്ക്ക് പുറത്ത് നിന്ന് ഏറ്റവും കൂടുതൽ പേർ എത്തിക്കൊണ്ടിരുന്ന മേഖലയായിരുന്നു ഇത്.   അവിടെയും അടിസ്ഥാന സൗകര്യം വർധിപ്പിക്കും. 2018ലെ പ്രളയത്തിന് ശേഷം ഇവിടുത്തെ കെട്ടിടങ്ങളും മറ്റും ശോചനീയ നിലയിലായി. അവ പുനരുദ്ധരിക്കും. മൂന്ന് നക്ഷത്ര പദവിയുള്ള ഹോട്ടലടക്കം ഇവിടെ ഒരുക്കും.  ആറന്മുള  കേന്ദ്രീകരിച്ച് ഹോംസ്റ്റേ അസോസിയേഷനും വാസ്തു വിദ്യാ​ഗുരുകലവും ചേർന്ന് വിനോദ സഞ്ചാര പാക്കേജ്ജ് ഒരുക്കുന്നുണ്ട്. പദ്ധതി രൂപീകരണഘട്ടത്തിലാണ്. പൈതൃക മേഖലയിലെ സന്ദർശനവും മറ്റും ഉൾപ്പെടുത്തിയാണ് പദ്ധതി. 
 വനം വകുപ്പിന്റെ കീഴിലുള്ള ​ഗവിയിലെയും കോന്നി ആനക്കൂട്‌ അടക്കമുള്ളപ്രദേശത്തെ വികസനവും വനം വകുപ്പിന്റെ മേൽനോട്ടത്തിലാണ് നടത്തുന്നതെങ്കിലും വിനോദസഞ്ചാരവകുപ്പ് ആവശ്യമായ തുക അനുവദിച്ചിട്ടുണ്ട്. കോന്നിയിൽ നവീകരണ ജോലികൾ പുരോഗമിക്കുകയാണ്‌. ​ഗവിയിലെ അടിസ്ഥാന വികസനത്തിനും നവീകരണത്തിനുമായി ഒരു കോടി 90 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ​ഗവിയിലേക്ക് കെഎസ്ആർടിസി ആഴ്ച തോറും പാക്കേജ് ടൂർ തുടങ്ങുന്നതിനും ആലോചനയുണ്ട്‌.  വനംവകുപ്പിന്റെ അനുമതി നീണ്ട് പോകുന്നതാണ് പാക്കേജ് തുടങ്ങാൻ വൈകുന്നതിന്‌ കാരണമെന്ന്‌ കെഎസ്ആർടിസി അധികൃതർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top