26 April Friday

സ്‌കൂളുകൾക്ക്‌ 
ആദ്യ പരിഗണന

വെബ് ഡെസ്‌ക്‌Updated: Sunday Jun 4, 2023
പത്തനംതിട്ട
എല്ലാവർക്കും മിതമായ നിരക്കിൽ ഇന്റർനെറ്റ് ലഭ്യമാക്കാനുള്ള സംസ്ഥാന സർക്കാർ പദ്ധതിയായ കെ ഫോൺ ഉദ്‌ഘാടനത്തിനൊരുങ്ങുമ്പോൾ പ്രധാന പരിഗണന സ്‌കൂളുകൾക്ക്‌.  ഇതിനോടകം നിരവധി സ്‌കൂളുകളിൽ കേബിളുകൾ വലിച്ച്‌ ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ട്‌. ഇത്തരത്തിൽ കണക്ഷൻ എത്തിയ സ്‌കൂളുകളിൽ അടുത്ത ദിവസങ്ങളിൽ തന്നെ ഇന്റർനെറ്റ്‌ ലഭ്യമാക്കും. കേബിൾ എത്താത്ത സ്‌കൂളുകളിൽ ഉടൻ തന്നെ കേബിൾ വലിക്കും. ജില്ലയിൽ 586 സ്‌കൂളുകളിലാണ്‌ ആകെ കണക്ഷൻ നൽകാനുണ്ടായിരുന്നത്‌. ഇതിൽ 564 സ്‌കൂളുകളിലും ഇതിനോടകം കണക്ഷൻ നൽകി. ഇതിൽ 291 സ്‌കൂളുകളിൽ കെ ഫോൺ ഇന്റർനെറ്റ്‌ ഉപയോഗിച്ചും തുടങ്ങിയിട്ടുണ്ട്‌.
    ജില്ലയിൽ 492 ബിപിഎൽ കുടുംബങ്ങൾക്കാണ്‌ കെ ഫോൺ വഴി സൗജന്യമായി ഇന്റർനെറ്റ്‌ എത്തിക്കുന്നത്‌. ഒരു മണ്ഡലത്തിൽ 100 വീതം സൗജന്യ കണക്ഷനുകൾ നൽകാനാണ്‌ സർക്കാർ ലക്ഷ്യം. എല്ലാ കുടുംബങ്ങളിലും കേബിൾ വലിച്ച്‌ ഉപകരണങ്ങൾ സ്ഥാപിച്ചു കഴിഞ്ഞു. ഇതിൽ 28 കുടുംബങ്ങൾക്ക്‌ ഇന്റർനെറ്റ്‌ സേവനം ഉറപ്പാക്കി. ശനിയാഴ്‌ച ഉച്ചവരെയുള്ള കണക്കാണിത്‌.  ഏതാനും ദിവസങ്ങളിൽ തന്നെ മുഴുവൻ കുടുംബങ്ങളും നെറ്റ്‌ ഉപയോഗിച്ച്‌ തുടങ്ങും. സെക്കൻഡിൽ 10 മുതൽ 15 എംബി വേഗത്തിൽ 1.5 ജിബി ഡാറ്റ ദിവസേന സൗജന്യമായി ലഭിക്കും. ആറന്മുള, അടൂർ, കോന്നി, തിരുവല്ല മണ്ഡലങ്ങളിൽ 100 വീതവും റാന്നിയിൽ 92ഉം ഗുണഭോക്‌താക്കളാണുള്ളത്‌. 
ആശുപത്രികൾ, വിദ്യാലയങ്ങൾ, സർക്കാർ ഓഫീസുകൾ എന്നിവയ്‌ക്ക്‌ ഇതിനോടകം കെ ഫോൺ കണക്ഷൻ നൽകി കഴിഞ്ഞു.  ജില്ലയിൽ ആകെ സ്ഥാപിക്കാനുള്ള 154.644 കിലോമീറ്റർ ഒപ്റ്റിക്കൽ ഗ്രൗണ്ട് വയർ പൂർണമായി സ്ഥാപിച്ചു. വൈദ്യുത പോസ്റ്റുകൾ വഴി 1458 കിലോമീറ്റർ കേമ്പിൾ വലിക്കേണ്ടതിൽ 1053 കിലോമീറ്ററും വലിച്ചു. 
ആകെയുള്ള 16 പോയിന്റ് ഓഫ് പ്രസൻസ് കേന്ദ്രങ്ങളുടെയും നിർമാണം കഴിഞ്ഞു. എൻഡ്‌ ഓഫീസ് കണക്‌ടിവിറ്റി ലക്ഷ്യമിടുന്ന 1,312 സർക്കാർ ഓഫീസുകളിൽ 94.96 ശതമാനത്തോടെ 1,246 എണ്ണവും പ്രവർത്തനസജ്ജമായി. തിരുവല്ലയുടെ ഒരു ഭാഗം ആലപ്പുഴയുടെ പോയിന്റ്‌ ഓഫ്‌ പ്രസൻസിൽ വരുന്നതിനാൽ ഈ പ്രദേശത്തെ എണ്ണം ഒഴിവാക്കിയുള്ള കണക്കാണിത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top