28 March Thursday
12 കോടി വകയിരുത്തി

ചിറ്റൂർ കടവിൽ പുതിയ പാലം

വെബ് ഡെസ്‌ക്‌Updated: Saturday Feb 4, 2023

നിർമാണം നിലച്ച ചിറ്റൂർക്കടവ് പാലം

 കോന്നി

ചിറ്റൂർമുക്കിനേയും, അട്ടച്ചാക്കലിനേയും ബന്ധിപ്പിച്ച് പുതിയ പാലം പണിയുന്നതിന് 12 കോടി രൂപ ബജറ്റിൽ വകയിരുത്തി. വളരെ വർഷങ്ങളായുള്ള കോന്നിയിലെ ജനങ്ങളുടെ  സ്വപ്നമാണ്‌  യാഥാർഥ്യമാകുന്നത്‌. ചിറ്റൂർ ജങ്‌ഷനിൽ നിന്നും ചിറ്റൂർ ക്ഷേത്രത്തിലേക്കും മലയാലപ്പുഴ, വടശ്ശേരിക്കര, റാന്നി പ്രദേശങ്ങളിലേക്കും കോന്നി മെഡിക്കൽ കോളേജിലേക്കും യാത്രാ സൗകര്യം ഒരുക്കുന്നതാണ്  പാലം. മൂവാറ്റുപുഴ -പുനലൂർ ദേശീയ പാതയേയും കോന്നി -വെട്ടൂർ -കുമ്പഴ പാതയെയും യോജിപ്പിക്കുന്നതാകും പുതിയ പാലം. റിവർ മാനേജ്മെന്റ് ഫണ്ട്‌ ഉപയോഗിച്ച് മുമ്പ്  ചെറിയ പാലം നിർമാണം തുടങ്ങിയെങ്കിലും പാലം പണിയിൽ സാങ്കേതിക പരിജ്ഞാനം ഇല്ലാത്ത ജില്ലാ നിർമിതി കേന്ദ്രത്തിനാണ് പ്രവർത്തി നൽകിയത്. പൊതുമരാമത്ത് പാലം വിഭാഗത്തിന് നിർമാണം കൈമാറാതെ ജില്ലാ നിർമിതി കേന്ദ്രത്തിന് കരാർ നല്കിയതിന് കാരണം പണം ഇല്ലാതിരുന്നതാണ്. പ്രവർത്തി ഏറ്റെടുത്ത്‌ ചിറ്റൂർ കടവിൽ ചെറിയ പാലത്തിനായി തൂണുകൾ സ്ഥാപിച്ചെങ്കിലും കരാറുകാരണ് പണം ലഭിക്കാതായതോടെ കോടതി വ്യവഹാരത്തിലേക്ക് എത്തി. പിന്നീട് നിർമാണം നിലച്ചു. അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ ആയപ്പോൾ പാലം പണിയുന്നതിന്  ഒരു കോടി രൂപ അനുവദിച്ചുവെങ്കിലും നിലവിലെ തൂണുകൾ സുരക്ഷിതമല്ലെന്ന്‌ കണ്ടെത്തുകയായിരുന്നു.  കഴിഞ്ഞ യുഡിഫ് സർക്കാർ കാലത്ത്  റിവർ മാനേജ്മെന്റ് ഫണ്ട്‌ ഉപയോഗിച്ച് സംസ്ഥാനത് 9 പാലങ്ങൾ പണിയാൻ തീരുമാനം എടുത്തത് ആവശ്യത്തിന് തുക വകയിരുത്താതെയായിരുന്നു.  പ്രവർത്തി ഏറ്റടുത്ത ‘സേംസ് ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ്' എന്ന കമ്പനി  നിർമാണം ആരംഭിച്ചു പാതി വഴിയിൽ പണി അവസാനിപ്പിക്കുകയും തുക ലഭിക്കുന്നതിനായി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. 
എല്ലാ വലിയ വാഹനങ്ങൾക്കും പാലത്തിലൂടെ യാത്ര ചെയ്യാൻ കഴിയുന്ന നിലയിലാണ് പുതിയ പാലം നിർമാണം നടത്തുന്നത്. എത്രയും വേഗം നിർമാണം ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top