19 April Friday

റബറിന് വിലയുണ്ട്, പറഞ്ഞിട്ടെന്തു കാര്യം

പി അനൂപ്Updated: Friday Dec 3, 2021
റാന്നി
റബറിന് വിലയുണ്ട്, പക്ഷേ കർഷകർ പ്രതിസന്ധിയിൽ. റബറിന്റെ വില ഉയർന്ന്‌ 186 ൽ എത്തി നിൽക്കുമ്പോഴും യാതൊരു പ്രയോജനവും കർഷകർക്ക് ലഭിക്കുന്നില്ല. കേരളത്തിലെ കാലാവസ്ഥാ വ്യതിയാനമാണ്  റബർ ഉൽപാദനത്തിന് പ്രതികൂലമായത്. ബുധനാഴ്ച ഒരു രൂപ കുറഞ്ഞെങ്കിലും കഴിഞ്ഞ ദിവസം 186 രൂപയായിരുന്നു ആർഎസ്എസ് 4 ഷീറ്റിന്റെ വ്യാപാരി വില. ഒട്ടുപാല് 120 രൂപയും. വില ഇത്രയും ഉയർന്നിട്ടും നേരത്തെ വിപണിയിലെത്തുന്നതിന്റെ പത്തിലൊന്ന് റബർ പോലും എത്തുന്നില്ല. ഇടവപ്പാതിയും നിനച്ചിരിക്കാതെ ഉണ്ടായ ന്യൂനമർദ്ദങ്ങളും എല്ലാം ടാപ്പിങ്‌  ഇല്ലാതാക്കി. സാധാരണ ഗതിയിൽ ജൂൺ, ജൂലൈ മാസങ്ങളിലെ മഴ കഴിഞ്ഞാൽ ആഗസ്റ്റ്  മുതൽ ടാപ്പിങ്‌ സജീവമാകും. റെയിൻ ഗാർഡ് നടത്തുന്ന തോട്ടങ്ങളിൽ ജൂൺ, -ജൂലൈ മാസങ്ങളിലും ടാപ്പിങ് നടത്താം എന്ന പ്രത്യേകതയുമുണ്ട്. എന്നാൽ ഇത്തവണ ജൂൺ മുതൽ നവംബർ  വരെ രാപ്പകൽ പെയ്ത  മഴയാണ് ടാപ്പിങ്  നടക്കാതിരിക്കാൻ  കാരണം. റെയിൻ ഗാർഡ് നടത്തിയ തോട്ടങ്ങളിലും രാവിലെ മഴയായതിനാൽ ടാപ്പിങ്‌ അസാധ്യമായി. മാസത്തിൽ 12 മുതൽ 15 വരെ ടാപ്പിങ്‌ ദിനങ്ങൾ കിട്ടിയിരുന്ന സ്ഥാനത്ത് ഈ വർഷം വളരെ കുറവ്‌ ദിനങ്ങൾ മാത്രമാണ്  ഓരോ മാസവും ലഭിച്ചത്. ടാപ്പിങ് ഇടവേളകൾ കൂടിയതനുസരിച്ച് വരുമാനവും  കുറഞ്ഞു.  തൊഴിലാളികൾക്ക് കൊടുക്കാനുള്ള കൂലി പോലും   ലഭിക്കാത്ത അവസ്ഥയുണ്ട്. റെയിൻ ഗാർഡ് നടത്തിയും മറ്റും ചെലവായത് വേറെയും. 
‌     ഒക്ടോബർ മുതൽ ജനുവരി പകുതി വരെയുള്ള മാസങ്ങളിലാണ്  സാധാരണഗതിയിൽ ഏറ്റവുമധികം ഉൽപാദനം ലഭിക്കുന്നത്. ജനുവരി പകുതിയോടെ ഇല പൊഴിച്ചിൽ ആവുകയും ടാപ്പിങ്‌ നിർത്തുകയുമാണ്‌  പതിവ്.  ഡിസംബറും ജനുവരിയുടെ പകുതിയും മാത്രമാണ് ഇനിയുള്ളത്. ഇതിൽ എത്ര ടാപ്പിങ്‌ നടക്കുമെന്ന് കണ്ടറിയണം. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top